“ബീഫ് നിരോധനം” ഉയർത്തി സവർണ്ണവോട്ടുകൾ പിടിയ്ക്കുക എന്നതിനപ്പുറം മോഡി സർക്കാരിനുള്ളത് വ്യക്തമായ കച്ചവട താത്പര്യങ്ങൾ

single-img
30 May 2017

ബെൻസി മോഹൻ

മാംസത്തിനായി കന്നുകാലി കച്ചവടം നിരോധിച്ച മോഡി സർക്കാർ നടപടിയെ കേരളവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും അടക്കമുള്ള സംസ്ഥാനങ്ങളിലെ സർക്കാരുകളും, മതേതരജനാധിപത്യ പ്രസ്ഥാനങ്ങളും, ശക്തമായി എതിർക്കുന്നു എന്നത് നല്ല കാര്യം.എന്നാൽ ബീഫ് തിന്നാനുള്ള സ്വാതന്ത്ര്യം എന്ന നിലയിൽ ഈ പ്രതിഷേധങ്ങളെ ഒതുക്കാനുള്ള ശ്രമം തെറ്റാണ്. യഥാർത്ഥ പ്രശ്ങ്ങളിൽ നിന്നും ജനശ്രദ്ധ മാറ്റാനേ ഇത്തരം പ്രചാരണം സഹായിയ്ക്കൂ.

“ബീഫ് നിരോധനം” എന്ന മതവിഷയത്തെ ഉയർത്തി സവർണ്ണവോട്ടുകൾ പിടിയ്ക്കുക എന്നതിനപ്പുറം, മോഡി സർക്കാരിന് വ്യക്തമായ കച്ചവട താത്പര്യങ്ങൾ ഈ നിരോധനത്തിന് പിന്നിലുണ്ട്.ആദ്യമായി, ഈ നിരോധനം ലക്ഷക്കണക്കിന് സാധാരണക്കാരായ ക്ഷീരകർഷകരെയും, കന്നുകാലി വ്യാപാരികളെയും, മാംസ വ്യവസായ സ്ഥാപനങ്ങളെയും ഗുരുതരമായി ബാധിയ്ക്കുന്ന വിഷയമാണ് എന്ന സത്യമാണ് മനസ്സിലാക്കേണ്ടത്.
കറവ വറ്റിയ പശുക്കളെയും, ഉപയോഗമില്ലാത്ത കാളകളെയും അറവുകാർക്ക് വിറ്റ് ആ പണം കൊണ്ട് പുതിയ പശുക്കളെ വാങ്ങുന്ന രീതിയാണ് ക്ഷീരകർഷകർ പണ്ട് മുതലേ ചെയ്യുന്നത്. കറവ വറ്റിയ പശുക്കളെ വളർത്തണമെങ്കിൽ, യാതൊരു ലാഭം കിട്ടിയില്ലെങ്കിലും, നല്ല ചെലവുണ്ട്. അറവുകച്ചവടക്കാരല്ലാതെ ആരും അത്തരം പശുക്കളെ വാങ്ങില്ല. ആ സാധ്യത ഇല്ലാതാകുന്നതോടെ പശുവിനെ വളർത്തുന്നത് ലാഭകരമല്ലാതാകും.


ബീഫ് നിരോധിച്ച ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, സാധാരണ കറവ വറ്റിയ പശുക്കളെ ഉടമസ്ഥർ തെരുവിൽ ഉപേക്ഷിയ്ക്കും. ലക്ഷക്കണക്കിന് അത്തരം അനാഥപശുക്കൾ, വഴിയാത്രക്കാർക്കും, സമൂഹത്തിനും ശല്യമായി അവിടങ്ങളിൽ തെരുവിൽ അലഞ്ഞു നടക്കുന്നുണ്ട്. ഈ പശുക്കൾ ഉണ്ടാകുന്ന റോഡപകടങ്ങളും, ചാണകം ഇട്ട് പരിസരം മലിനമാക്കുന്നതും, രോഗങ്ങൾ പരത്തുന്നതും ഒക്കെ ഉത്തരേന്ത്യയിൽ വലിയ പരിസ്ഥിതിപ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.
സാധാരണക്കാരായ കന്നുകാലി വ്യാപാരികളും, മാംസക്കച്ചവടക്കാരും ഭൂരിഭാഗവും അവർണ്ണ, ദളിത് വിഭാഗത്തിലുള്ള ഹിന്ദുക്കളോ, മറ്റു മതസ്ഥരോ ആണ്. അവരൊക്കെ സംഘപരിവാറിന്റെ വോട്ടുബാങ്കിന് പുറത്തുള്ളവരാണ്. അവരുടെ ഉപജീവനം മുടങ്ങിയാൽ ബി.ജെ.പിയ്ക്ക് വലിയ നഷ്ടമില്ല.എന്നാൽ ഈ നിരോധനത്തിന്റെ പേര് പറഞ്ഞ്, സവർണരും മധ്യവർഗ്ഗക്കാരുമായ ഹിന്ദുക്കളുടെ വോട്ടു ഉറപ്പിയ്ക്കാൻ കഴിയുമെന്ന ഉറപ്പ് മോഡി സർക്കാരിനുണ്ട്.
എന്നാൽ ഈ തീരുമാനത്തിന് പിന്നിലെ യഥാർത്ഥ കച്ചവടതാത്പര്യം മറ്റൊന്നാണ്.ബീഫ് കയറ്റുമതിയിൽ ഇന്ത്യ, ലോകത്ത് ഒന്നാം സ്ഥാനത്താണ്..! 24 ലക്ഷം ടൺ ബീഫാണ് വർഷം തോറും രാജ്യം കയറ്റുമതി ചെയ്യുന്നത്.രണ്ടാം സ്ഥാനത്ത് ബ്രസീലും (20 ലക്ഷം ടൺ), മൂന്നാം സ്ഥാനത്ത് ആസ്ത്രേലിയയുമാണ് (15 ലക്ഷം ടൺ).

ഇന്ത്യയിലെ ബീഫ് കയറ്റുമതിയുടെ സിംഹഭാഗവും പ്രധാനമായി ആറ് കമ്പനികളാണ് നടത്തുന്നത്. അതിൽ മൂന്നും വടക്കേ ഇന്ത്യൻ ബ്രാഹ്മണന്മാരുടെ ഉടമസ്ഥതയിലുള്ള കമ്പനികളാണ്.ബി ജെ പി നേതാവും ഗോവധ നിരോധന പ്രചാരകനുമായ സംഗീത് സോമിനും, യോഗേഷ് റാവത്തിനും കൂടി അൽ ഖ്വാ എന്ന കമ്പനിയുണ്ട്. മുംബൈയിലുള്ള സുനിൽ കപൂറിന്റെ അറേബ്യൻ എക്സ്പോർട്ട് കമ്പനി, മദൻ അബോട്ടിന്റെ ഡൽഹിയിലുള്ള എം കെ ആർ ഫ്രോസൺ കമ്പനി, എ എസ്. ബിന്ദ്ര നടത്തുന്ന ഛണ്ഡീഗർഗിലെ പി എം എൽ ഇൻഡസ്ട്രീസ്, അഗർവാൾ നടത്തുന്ന മുംബൈയിലെ അൽ കബീർ കമ്പനി തുടങ്ങി ചെറുതും വലുതുമായ നിരവധി ബീഫ് കയറ്റുമതി കമ്പനികൾ സവർണ്ണ ഹിന്ദുക്കളും, ഗോവധ നിരോധനക്കാരുമായവർ നടത്തി വരുന്നു. ബീഫ് കയറ്റുമതിയിലൂടെ ഈ കമ്പനികൾ (രാജ്യം) പ്രതിവർഷം നേടുന്നത് 4.8 ബില്യൺ ഡോളറാണ്.
അതുകൊണ്ടാണ് രാജ്യത്ത് കന്നുകാലി കച്ചവടത്തിനും, സാധാരണ അറവുശാലകൾക്കും, ഗോവധത്തിനും കേന്ദ്ര ഗവണ്മെന്റ് നിയന്ത്രണമേർപ്പെടുത്തുമ്പോഴും വൻകിട കയറ്റുമതി കമ്പനികൾക്ക് യാതൊരു വിലക്കുകളുമില്ലാത്തത്. ഈ മേഖലയുടെ കുത്തക ആർ എസ് എസ് അനുഭാവികളുടെയും, ചില ബി ജെ പി നേതാക്കളുടെയും കൈകളിലാണ്.

ഗോവധ നിരോധനവും, കന്നുകാലി കച്ചവട നിയന്ത്രണങ്ങളും കൊണ്ട് നേട്ടമുണ്ടാകുക ഈ കയറ്റുമതി വ്യാപാരികൾക്കാണ്.
അവർക്ക് വെറുതെയും, ഏറ്റവും കുറഞ്ഞ വിലയ്ക്കും കന്നുകാലികളെ വാങ്ങി, ലോക മാർക്കറ്റിലെ വിലയ്ക്ക്, ലോക കമ്പോളത്തിൽ നല്ല ഡിമാന്റുള്ള ഇന്ത്യൻ ബീഫ് യഥേഷ്ടമെത്തിച്ച നിലവിലുള്ളതിൽ അനേകമിരട്ടി ലാഭം കൊയ്യാം….!
ചുരുക്കി പറഞ്ഞാൽ ഒരു വെടിയ്ക്ക് പല പക്ഷികൾ…ഈ ബി.ജെ.പി തന്ത്രമാണ് നാം തിരിച്ചറിയേണ്ടത്.