ലഹരിയില്‍ മുങ്ങി ബാല്യം :ലഹരിയിൽ നിന്ന് കുട്ടികളെ എങ്ങനെ മോചിതരാക്കാം

ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു ലഹരിയായി കുട്ടികള്‍ക്ക് മാറിയിരിക്കുന്നു എന്നത് ലാഘവത്തോടെ കണ്ടുകൂടാ. ഇതിനെ ഫലപ്രദമായി നിയന്ത്രിക്കാനോ ബോധ്യപ്പെടുത്തി പിന്‍തിരിപ്പിക്കാനോ ഉളള ധാര്‍മികത പിതാക്കള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. സംഘടനകളുടെയും സ്‌കൂള്‍ അധീകൃതരുടെയും ബോധവല്‍ക്കരണം പ്രഹസനങ്ങളാകുന്നു.കുട്ടികള്‍ അവരുടെ വഴിക്ക് സഞ്ചരിക്കുന്നു.കൃത്യമായ ചികിത്സ ഇല്ലങ്കില്‍ ഏത് അസുഖവും അപകടാവസ്ഥയിലേക്ക് നീങ്ങും. ലഹരിയോടുളള ആസക്തി എന്ന രോഗവും അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നത് നിശബ്ദമായി നോക്കി നില്‍ക്കുകയാണ് സമൂഹം.

തുടക്കം ഇങ്ങനെ

പിതാവിന്റെ മദ്യാപാനം കണ്ടു പരിചയിച്ച ആണ്‍കുട്ടികള്‍ രഹസ്യമായി പരീക്ഷിച്ച് നോക്കുന്നു. ആദ്യം വളരെ കുറഞ്ഞ അളവില്‍ ആരംഭിക്കുന്നു.തുടക്കത്തിലെ അരുചിയും അസഹ്യതയും മദ്യം നല്‍കുന്ന ഉന്‍മാദാവസ്ഥയുടെസുഖം മനസ്സിലാക്കുമ്പോള്‍ ആസ്വാദ്യകരമാകുന്നു. സൗഹൃദത്തിലൂടെ മദ്യാപന സ്വഭാവം പങ്കുവെയ്ക്കപ്പെടുന്നു. കുട്ടികള്‍ക്ക് ആവശ്യത്തിലധികം പണം പോക്കറ്റു മണിയായി ലഭിക്കുന്നു. കൃത്യമായ ഇടവേളകളില്‍ ഒരു രസത്തിനും
അല്പം സാഹസികതയ്ക്കും വേണ്ടി കൂട്ടുകാര്‍ കൂടി ബിയര്‍ കഴിച്ച് തുടങ്ങുന്നു.ബിയര്‍ എന്നത് മദ്യപാനത്തിന്റെ എല്‍.പി സ്‌കൂളാണ്.ക്രമേണ ഉപരിപഠനത്തിന് പോകുന്നു. കഞ്ചാവ് പോലെയുളള വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ അനുഭവപ്പെടുന്ന മനസ്സിന്റെയും ശരീരത്തിന്റെയും ഭാരക്കുറവ് ആസ്വദിച്ച് തുടങ്ങുന്നു. കഞ്ചാവും മദ്യവും ഒറ്റയ്ക്കുണ്ടാക്കുന്ന പ്രശ്‌നത്തേക്കാള്‍ പതിന്മടങ്ങ് ഭീകരമാണ്. ഇവ ഒത്തു ചേര്‍ന്നാല്‍ മറ്റ് ലഹരി വസ്തുക്കളെപ്പറ്റിയുളള അറിവ്
മുതിര്‍ന്ന കുട്ടികളില്‍ നിന്നും അവര്‍ക്കിടയിലുളള ഏജന്റുമാരില്‍ നിന്നും നേടുന്നു. ക്രമേണ ലഹരിക്ക് അടിമയായി മാറുന്നു. മിക്കവാറും ഈ നിലയില്‍ എത്തിയ ശേഷമാണ് രക്ഷിതാക്കള്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നത്.
സിനിമകളും സീരിയലുകളും റിയാലിറ്റി ഷോകളും മദ്യപാന രംഗങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. പെട്ടന്ന് വായിക്കാന്‍ പോലും സാധിക്കാത്തത്ര ചെറിയ അക്ഷരത്തില്‍ മദ്യപാനം ഹാനികരം എന്നെഴുതി കാണിച്ചാല്‍ നിയമപരമായി തന്നെ ഇത്തരം രംഗങ്ങള്‍ ഏതറ്റം വരെയും കാണിക്കമെന്ന നിലയിലാണിപ്പോള്‍. കുടുംബസമേതം ഇത്തരം രംഗങ്ങള്‍ ആസ്വദിക്കുമ്പോള്‍ മദ്യപാനം അത്ര വലിയ തെറ്റല്ല എന്ന സന്ദേശമാണ് കുട്ടികള്‍ക്ക് ലഭിക്കുന്നത്.മദ്യപാനത്തെപ്പറ്റിയുളള സംഭാഷണങ്ങള്‍ക്കും രഹസ്യ സ്വഭാവം ഇല്ലാതായി ഏത് ചടങ്ങുകള്‍ക്കും രണ്ടെണ്ണം അടിക്കുക പൊതു സ്വീകര്യമായ പ്രവൃത്തിയായി മാറിയിട്ടുണ്ട്.

ഓരോരുത്തരും അവരവര്‍ക്കിണങ്ങുന്ന കൂട്ടായ്മയില്‍ മദ്യപാനം തുടങ്ങിയതിനാല്‍ കുട്ടികളും അവരവരുടെ കൂട്ടായ്മ ഉണ്ടാക്കി രഹസ്യമായത് പരസ്യമാകാന്‍ തുടങ്ങിയപ്പോള്‍ മാതാപിതാക്കള്‍ക്ക് ആധിയായി. മദ്യപിക്കരുത് എന്ന് മകനോട് പറയാന്‍ മദ്യപാന ശീലമുളള അച്ഛന് കഴിയുന്നില്ല. അമ്മ വിധിയെ പഴിക്കുന്നു.

കാരണങ്ങള്‍

ശാരീരികം :- പാരമ്പര്യ സ്വഭാവം, വീട്ടിലെ മദ്യപാനം, കുട്ടികളുടെ അനുകരണ വാസന,സാഹസിക സ്വഭാവം.
മാനസികം :- ഉല്‍കണ്ഠ ബന്ധങ്ങളിലെ താളപ്പിഴകള്‍, വിഷാദം,പഠനസമ്മര്‍ദ്ദങ്ങള്‍,കുറ്റപ്പെടുത്തലും താരത്യമം ചെയ്യലും,അവഗണന,സ്‌നേഹക്കുറവ്
സാമൂഹികം :- മദ്യത്തിന്റെ ലഭ്യത,സുഹൃത്തുക്കളുടെ സ്വാധീനം,സമുഹത്തില്‍ മദ്യപാനം അത്ര വലിയ തെറ്റല്ല എന്ന തോന്നല്‍,അച്ഛനും അധ്യാപകനും മദ്യപിക്കുന്നത് കാണുന്നത്,കുട്ടികളുടെ കൈയ്യില്‍ ധാരാളം പണം, അപകടങ്ങളെപ്പറ്റിയുളള ബോധമില്ലായ്മ,കുട്ടികളില്‍ മാതാപിതാക്കള്‍ക്ക് നിയന്ത്രണമില്ലായ്മ തുടങ്ങിയവ.
പ്രകടമായ ലക്ഷണങ്ങള്‍

ആന്തരിക അനുഭവങ്ങള്‍
കുറ്റബോധം,വ്യക്തിത്വ വൈകല്യം ,വിഷാദം,ചെറിയ വിഷമം പോലും താങ്ങാനാവത്ത അവസ്ഥ.ഉത്കണ്ഠ ,ആത്മഹത്യാ പ്രവണത,ഓര്‍മ്മക്കുറവ്,ഏകാന്തത ഇഷ്ടപ്പെടുകയും സ്വയം ഉള്‍വലിയുകയും ചെയ്യുന്ന അവസ്ഥ.ഏകാഗ്രതക്കുറവ്.

ബാഹ്യ അനുഭവങ്ങള്‍ :-ക്ഷീണം ,മടി,ഉറക്കക്കുറവ്,പഠനത്തില്‍ പെട്ടന്ന് പിന്നോട്ട് പോവുക,അമിത ദേഷ്യം,അസ്വഭാവിക പെരുമാറ്റ രീതികള്‍ വീട്ടുകാരോടഅടുപ്പം കുറയല്‍ ബന്ധുക്കളെ അഭിമുഖികരിക്കാതിരിക്കുക തുടങ്ങിയവ

പരിഹാരങ്ങള്‍
മാര്‍ഗ്ഗദര്‍ശിയാവുക:- കുട്ടികള്‍ക്കു വേണ്ടി അച്ഛന്‍ മനസ്സിലാക്കേണ്ട പ്രധാന കാര്യം അവര്‍ക്ക് റോള്‍ മോഡലാവുക എന്നതാണ്. മുതിര്‍ന്നവരെ നിയന്ത്രിക്കന്‍ പ്രയാസമാണെന്നറിയാമെങ്കിലും സ്വന്തം കുട്ടിയുടെ ഭാവിയെപ്പറ്റി ചിന്തയുണ്ടങ്കില്‍ മാര്‍ഗദര്‍ശിയാവുക. അദ്ധ്യാപകര്‍ കുട്ടികളെ നേര്‍വഴിക്ക് നയിക്കേണ്ടവരാണെന്ന ബോധം ഉള്‍കൊണ്ട് സ്വയം നിയന്ത്രിക്കുക.

സ്‌നേഹവും കരുതലും നല്കുക

രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികളെ സ്‌നേഹിക്കാനും ആ സ്‌നേഹം അവര്‍ക്ക് ബോധ്യപ്പെടുന്നുണ്ടോയെന്ന് മനസ്സിലാക്കാനും ശ്രദ്ധിക്കുക.മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യാതിരിക്കുക.ഓരോത്തര്‍ക്കും ബുദ്ധിശക്തിയില്‍ വ്യത്യാസമുണ്ടെന്ന് മനസ്സിലാക്കണം. ഒരു സഹായിയായി,താങ്ങായി കരുതലുളളവരായി തങ്ങളുണ്ടെന്ന് കുട്ടികള്‍ക്ക് ധൈര്യം കൊടുക്കുക.
നൊ പറയാന്‍ പഠിക്കുക :- ശരിയേത് തെറ്റേത് എന്ന് ബോധ്യപ്പടുത്തുകയും തെറ്റ് ചെയ്യുന്നതിന്റെ ദൂഷ്യ ഫലങ്ങള്‍ ലളിതമായി ബോധ്യപ്പെടുത്തുകയും ചെയ്യണം.തെറ്റിലേക്ക് നയിക്കുന്ന കൂട്ടുകാരെ ഒഴിവാക്കാന്‍ പഠിപ്പിക്കുക.ലഹരി ഉപയോഗത്തിന് നിര്‍ബന്ധിക്കുന്നവരോട് ധൈര്യപൂര്‍വ്വം നൊ പറയാനുളള മനശക്തി വളര്‍ത്തുക .കുട്ടികളുടെ മാനസിക നിയന്ത്രണത്തിന്റെ കടിഞ്ഞാണ്‍ കൈവിട്ടു പോകാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുക.
പണത്തിന്റെ ആവശ്യം:-ആവശ്യത്തിലധികം പണം കുട്ടിക്ക് കൊടുക്കരുത് .പണത്തിന്റെ കൃത്യമായ കണക്ക് ദൈനംദിനം ബോധ്യപ്പെടുത്തുന്നു ശീലമുണ്ടാക്കുക.ആവശ്യങ്ങളുടെ സത്യാവസ്ഥ അറിഞ്ഞ ശേഷം പണം കൊടുക്കുക.കുടുതല്‍ പണത്തിന്റെ ആവശ്യങ്ങള്‍ മാതാപിതാക്കള്‍ നേരിട്ടു നടത്തിക്കൊടുക്കുക.

 

സമയത്തിന്റെ ഉപയോഗം

കുട്ടികള്‍ പകല്‍ എന്തു ചെയ്യുന്നു എന്ന് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. സ്‌കൂള്‍ ട്യൂഷന്‍ സമയവും യാത്ര സമയവും കഴിഞ്ഞ് കുട്ടി എത്തിയില്ലങ്കില്‍ അതിനു പറയുന്ന കാരണങ്ങളെപ്പറ്റി വിശദമായി അന്വേഷിക്കണം.വീട്ടിലെത്തുമ്പോള്‍ കുട്ടിയുടെ മുഖവും പെരുമാറ്റവും ഗന്ധവും ശ്രദ്ധിക്കുക.എന്നാല്‍ ഇതെല്ലാം സംശയത്തോടെയാമെന്ന് അവര്‍ക്ക് തോന്നരുത്.

 

സൗഹൃദമുറപ്പിക്കുക:-10 വയസ്സു മുതലെങ്കിലും കുട്ടികളോട് സൗഹ്യദത്തോടെ
പെരുമാറണം.അവര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കണം. ഭാവനകളെ പരിഗണിക്കണം. തമാശകള്‍ കേട്ട് ചിരിക്കണം. തീരുമാനങ്ങളില്‍ പങ്കാളിയാവണം .വീട്ടില്‍ പരിഗണനയുണ്ടന്ന് അവര്‍ക്ക് ബോധ്യപ്പെടണം.എല്ലാം അമ്മയോട്, അച്ഛനോട് പറയാം എന്ന ധൈര്യമുണ്ടാക്കണം.ജൈവശാസ്ത്രപരമായി ആണ്‍കുട്ടികള്‍ അമ്മയോടും പെണ്‍കുട്ടികള്‍ അച്ഛനോടും അടുപ്പം കൂടുതാലായിക്കും ഈ അടുപ്പത്തെ സൗഹൃദമായി രൂപപ്പെടുത്തേണ്ടത് മാതാപിതാക്കളാണ്.

 

കൗണ്‍സിലിംഗ്

കാലോചിതമായുണ്ടാവുന്ന മാറ്റങ്ങള്‍ കുട്ടികള്‍ക്ക മനസ്സിലാക്കിക്കൊടുക്കണം. അതിനുളള അറിവും കഴിവും മാതാപിതാക്കള്‍ക്ക് ഇല്ലെങ്കില്‍ ഒരു കൗണ്‍സിലിംഗിന് കൊണ്ടു പോകണം .നല്ല സംസ്‌കാരവും സമൂഹത്തില്‍ തങ്ങള്‍ക്കുളള സ്ഥാനവും നല്ലതും ചീത്തയും എന്തല്ലാമാണെന്നും പറഞ്ഞു കൊടുക്കണം ലഹരിയുടെ ദോഷവശങ്ങള്‍ ചിത്രങ്ങള്‍ സഹിതം ബാധിക്കപ്പെട്ടവരുടെ ജീവിതത്തെപ്പറ്റിയും കുട്ടികള്‍ എത്തിച്ചേരണ്ട സ്ഥാനങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്യണം. തെറ്റിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ ആ പ്രലോഭനത്തെ എതിര്‍ക്കാനും അതിജീവിക്കാനും ഉപകരിക്കുന്ന തരത്തിലുളള കൗണ്‍സിലിംഗ് ഫലപ്രദമാണ്

 

സ്‌കൂളില്‍ ശ്രദ്ധിക്കേണ്ടത്

ഇന്ന് പല സ്‌കൂളിലും കൗണ്‍സിലിംഗ് നടത്തുന്നുണ്ട് .എന്നാല്‍ അവയെല്ലാം അത്ര മാത്രം വൈദഗ്ദ്ധ്യമുളളതായി തോന്നുന്നില്ല .അതിനാല്‍ ചില അവസരങ്ങളിലെങ്കിലും വിപരീത ഫലം കാണാറുണ്ട് മദ്യപാനത്തിന്റെ ദോഷങ്ങളെപ്പറ്റി മനസ്സിലാക്കുമ്പോള്‍ അതിത്രയേയുളേളാ അവിടെ വരെ എത്താതെ നോക്കിയാല്‍ പോരെ എന്നു ചിന്തിക്കുന്ന കുട്ടികളുണ്ട് .അതിനാല്‍ ധാര്‍മ്മികതയും സംസ്‌കാരവും സംയോജിപ്പിച്ച് വ്യക്തി ബന്ധങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി അന്തസ്സ് നിലനിര്‍ത്തി ജീവിക്കാനുളള ഒരു ജീവിത ശൈലി ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്.

കുട്ടികളുടെ രണ്ടാം വീടാണ് വിദ്യാലയം . അതിനാല്‍ മാതാപിതാക്കളെപ്പോലെ പ്രതിബന്ധത അദ്ധ്യാപകര്‍ക്കും ഉണ്ടാവണം.കുട്ടികളിലെ മാറ്റങ്ങള്‍ ഉടന്‍ തന്നെ രക്ഷാകര്‍ത്താക്കളെ അറിയിക്കുകയും കൂട്ടായ്മയോടെ നയപരമായി കൈകാര്യം ചെയ്യുകയും വേണം. കുട്ടികളെ ഉപദേശിച്ച് വെറുപ്പിക്കാതെയും പരസ്പരം താരതമ്യം ചെയ്യാതെയും നല്ല പ്രവര്‍ത്തികളെ അഭിനന്ദിച്ച് പ്രോത്സാഹിപ്പിക്കുകയും അരുതാത്തവയെ നിശിതമായി നേരിടുകയും വേണം ലഹരിയോട് തോന്നാനിടയുളള ആസക്തി പഠനത്തിലേക്ക് തിരിച്ചു വിടണം.പറഞ്ഞാല്‍ കേള്‍ക്കില്ല എന്ന പതിവ് പല്ലവി മാറ്റി കേള്‍ക്കാന്‍ സാധ്യതയുളള നല്ല കാര്യങ്ങള്‍ പറയണം. അധ്യാപകര്‍ വീട്ടിന് പുറത്തുളള ആശ്രയമാണെന്ന് കുട്ടികള്‍ക്ക് ബോധ്യമാവണം.
മുന്‍കരുതലുകള്‍
കുട്ടികള്‍ക്ക് ആവശ്യത്തിലധികം പണം നല്‍കരുത് . യാത്രച്ചെലവിനെഴികെ മറ്റ് വസ്തുക്കള്‍ രക്ഷാകര്‍ത്താക്കള്‍ വാങ്ങി നല്‍കുക.അതില്‍ അവരെ കൂടി പങ്കെടുപ്പിക്കുകയും പണം രക്ഷിതാക്കള്‍ക്ക് കൈകാര്യം ചെയ്യുകയും വേണം.കുട്ടികള്‍ക്ക് നല്‍കുന്ന പണത്തിന് കണക്കുവയ്ക്കണം.

കുട്ടികളുടെ സുഹൃത്തുക്കളെയും അവരുടെ മാതാപിതാക്കളെയും മനസ്സിലാക്കി ഇടയ്ക്കിടെ അവരുമായി സംസാരിക്കുകയും വേണം

മാസത്തില്‍ ഒരു തവണയെങ്കിലും ക്‌ളാസ്സ് ടീച്ചറുമായി കുട്ടിയുടെ സ്‌കൂളിലെ പെരുമാറ്റവും പഠനവും വിലയിരുത്തണം.

അച്ഛന്‍ റോള്‍ മോഡലാവുക. കുടുംബ പാരമ്പര്യവും അന്തസ്സും സമൂഹത്തിലുളള സ്ഥാനവും ബോധ്യപ്പെടുത്തി വളര്‍ത്തുക

മദ്യപാനവും മദ്യപാനികളുടെ വികൃതികളും കാട്ടി കാശുണ്ടാക്കുന്ന സിനിമാ-സീരിയല്‍ -റിയലിറ്റി ഷോകള്‍ ഒഴിവാക്കുക .അങ്ങനെയുളളവരെ സമൂഹം വെറുപ്പോടെയാണ് കാണുന്നതെന്ന് അവരെ ബോധ്യപ്പെടുത്തണം.

 

റവ:ഫാ:യബ്ബേസ് പീറ്റര്‍ (തോമ്പ്ര)