സെന്‍കുമാര്‍ അറിയാതെ പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റി സര്‍ക്കാര്‍ ഉത്തരവ്:അംഗീകരിക്കില്ലെന്ന് ഡിജിപി

single-img
30 May 2017

തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് സമ്പാദിച്ച് പൊലീസ് മേധാവിയായി ചുമതലയേറ്റ ടി.പി.സെന്‍കുമാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റി സര്‍ക്കാര്‍. ഐ.ജിയായിരിക്കുമ്പോള്‍ മുതല്‍ സെന്‍കുമാറിനൊപ്പമുള്ള, വിശ്വസ്തനായ പേഴ്‌സണല്‍ സ്റ്റാഫംഗം അനില്‍കുമാറിന്റെ സേവനം അവസാനിപ്പിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സെന്‍കുമാറിനെ അറിയിക്കാതെയായിരുന്നു ഉത്തരവ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറേറ്റില്‍ ഗ്രേഡ് എ.എസ്.ഐയായ അനില്‍കുമാറിനെ സെന്‍കുമാറിന്റെ സ്റ്റാഫില്‍ നിന്നൊഴിവാക്കി ആഭ്യന്തര സെക്രട്ടറി സുബ്രതാ ബിശ്വാസാണ് തിങ്കളാഴ്ച രാത്രി ഉത്തരവിറക്കിയത്. പൊലീസ് ആസ്ഥാനത്തെ ജീവനക്കാരുടെ പരാതിപ്രകാരമാണ് അനിലിനെ മാറ്റിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

സെന്‍കുമാര്‍ പൊലീസ്, ഇന്റലിജന്‍സ്, ജയില്‍, ഐ.എം.ജി, കെ.ടി.ഡി.എഫ്.സി എന്നിവിടങ്ങളില്‍ ജോലിചെയ്തപ്പോഴെല്ലാം ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് അനില്‍കുമാര്‍. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ സഹായത്തിനും സുരക്ഷയ്ക്കുമായി ഏതാനും പൊലീസുകാരെ കൂടെ നിറുത്താന്‍ അധികാരമുണ്ട്. സുപ്രീംകോടതിയില്‍ കേസ് നടത്തിപ്പിനടക്കം സെന്‍കുമാറിനൊപ്പം അനിലുമുണ്ടായിരുന്നു. എല്ലാ യാത്രകളിലും സെന്‍കുമാറിനെ അനുഗമിക്കാറുള്ള അനില്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്നു. ഇതു മനസിലാക്കിയാണ് അനിലിനെ ഒഴിവാക്കിയത്. സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് അനിലിനെ മടക്കി അയയ്ക്കാനാണ് ഉത്തരവ്. പൊലീസ് മേധാവിയായ തന്റെ സ്റ്റാഫംഗത്തെ താനറിയാതെ മാറ്റിയ ഉത്തരവ് അംഗീകരിക്കില്ലെന്ന സൂചനയാണ് സെന്‍കുമാര്‍ നല്‍കുന്നത്. ഉത്തരവ് മടക്കിഅയച്ചേക്കുമെന്നും അറിയുന്നു.

സുപ്രീം കോടതി ഉത്തരവിലൂടെ ഡി.ജി.പി സ്ഥാനത്ത് തിരിച്ചെത്തിയതു മുതല്‍ സെന്‍കുമാര്‍ സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. പോലീസ് ആസ്ഥാനത്തെ ടി.ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയ സെന്‍കുമാറിന്റെ നടപടി സര്‍ക്കാര്‍ മരവിപ്പിച്ച അസാധാരണ നടപടിയും ഉണ്ടായിരുന്നു. പോലീസ് ട്രെയിനിംഗ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഗോപാകൃഷ്ണനെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയതും വിവാദമായിരുന്നു. അതിനിടെ, ടി.ബ്രാഞ്ചിലെ രേഖകള്‍ വിവരാവകാശപ്രകാരം ആവശ്യപ്പെട്ടാല്‍ നല്‍കണമെന്ന ഉത്തരവ് കഴിഞ്ഞ ദിവസം സെന്‍കുമാര്‍ പുറത്തിറക്കിയിരുന്നു. മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസിന്റെ ഉത്തരവ് ഇക്കാര്യത്തില്‍ പാലിക്കണമെന്നുമായിരുന്നു സെന്‍കുമാറിന്റെ ഉത്തരവ്.