യുവ ഐഎഎസ് ട്രെയിനി ഓഫീസര്‍ മുങ്ങി മരിച്ചതില്‍ ദുരൂഹത അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി

single-img
30 May 2017

ദില്ലി: സ്വിമ്മിംഗ് പൂളിലേക്ക് വീണ സഹപ്രവര്‍ത്തകയെ രക്ഷിക്കുന്നതിനിടയില്‍ ഐഎഎസ് ട്രയിനി ഓഫീസര്‍ മുങ്ങി മരിച്ച സംഭവത്തില്‍ ദൂരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ഹരിയാന, സോനിപ്പത്ത് സ്വദേശി ആശിഷ് ദഹിയ് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച സംഭവത്തിലാണ് ബന്ധപക്കള്‍ വിശദാന്വേഷണം വേണമെന്നാവശ്യപ്പെട്ടിരിക്കുന്നത്. നീന്താന്‍ നല്ല വശമുള്ള ആശിഷ് ഒരിക്കലും മുങ്ങി മരിക്കാന്‍ ഇടയില്ലെന്നാണ് ബന്ധുക്കള്‍ സൂചിപ്പിക്കുന്നത്.

ഡല്‍ഹി ബേര്‍ സരായിയിലെ ഫോറിന്‍ ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്വിമ്മിംഗ് പൂളില്‍ തിങ്കളാഴ്ചയായിരുന്നും സംഭവം.ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസിലെയും റവന്യൂ സര്‍വ്വീസിലെയും സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ദഹിയ.പാര്‍ട്ടിയ്ക്കിടയില്‍ സ്വിമ്മിംഗ് പൂളിനടത്തുനില്‍ക്കുകയായിരുന്ന വനിതാ ഓഫീസര്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. ഇവരെ ആശിഷും സുഹൃത്തുക്കളും ചേര്‍ന്ന് രക്ഷിക്കുന്നതിനിടയില്‍ ആശിഷ് മുങ്ങി പോകുകയായിരുന്നു. ഏറെ വൈകിയാണ് സുഹൃത്തുക്കള്‍ ആശിഷിനെ കാണാനില്ലെന്ന് തിരിച്ചറിയുന്നത്.

തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സ്വിമ്മിംഗ് പൂളില്‍ ഒഴുകുന്ന നിലയില്‍ ആശിഷിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രഥമിക ശുശ്രൂഷ നല്‍കി, ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.പൊലീസ് ക്ലബിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശേധിച്ചു. ഹിമാച്ചല്‍ പ്രദേശ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായിരുന്ന ദഹിയ 2015ലാണ് ഐഎഎസ് പരീക്ഷ പാസായത്. പിന്നീട് ഐഎഫ്എസ് നേടുകയായിരുന്നു.