ദേവസ്വം മന്ത്രി എപ്പോള്‍ എന്തു കഴിക്കണമെന്നൊന്നും കെ സുരേന്ദ്രനോ ബിജെപി നേതാക്കളോ നിശ്ചയിക്കേണ്ടതില്ലെന്ന് തോമസ് ഐസക്ക്

single-img
30 May 2017

ബിജെപി നേതാവ് കെ സുരേന്ദ്രനു മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക്. ദേവസ്വം വകുപ്പ് മന്ത്രി തന്നെ പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചിരിക്കുന്നുവെന്ന് കെ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ കേരളത്തിലെ വിശ്വാസികളുടെ അട്ടിപ്പേറവകാശമൊന്നും ബിജെപിക്കില്ലെന്നും വസ്വം മന്ത്രി എപ്പോള്‍ എന്തു കഴിക്കണമെന്നൊന്നും കെ സുരേന്ദ്രനോ ബിജെപി നേതാക്കളോ നിശ്ചയിക്കേണ്ടതില്ലെന്നുമാണു തോമസ് ഐസക്കിന്റെ മറുപടി. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണു തോമസ് ഐസക്ക് സുരേന്ദ്രനു മറുപടി നൽകിയത്.

“ഒരു കാര്യം കെ സുരേന്ദ്രനോടും ബിജെപിക്കാരോടും പറയാം. കേരളത്തിലെ വിശ്വാസികളുടെ അട്ടിപ്പേറവകാശമൊന്നും നിങ്ങള്‍ക്കില്ല. മാത്രമല്ല, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് പരാജയപ്പെടുത്തിയത് ബിജെപിയുടെ നേതാവ് വി. മുരളീധരനെയാണെന്നും ഓര്‍ക്കുന്നത് നന്ന്. ദേവസ്വം മന്ത്രി എപ്പോള്‍ എന്തു കഴിക്കണമെന്നൊന്നും കെ സുരേന്ദ്രനോ ബിജെപി നേതാക്കളോ നിശ്ചയിക്കേണ്ടതില്ല. അത്തരം ഭീഷണികളൊന്നും വിലപ്പോവുന്ന സ്ഥലമല്ല കേരളം,” തോമസ് ഐസക്ക് പറയുന്നു.

സംഘപരിവാര്‍ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ കെ സുരേന്ദ്രനെപ്പോലുള്ളവര്‍ക്ക് ആകെ അറിയാവുന്ന അടവ് നുണ പ്രചരണം മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. “പാകിസ്താനിലെ ഇന്ത്യാക്കാരുടെ “(The Condition Of Hindus In Pakistan) എന്ന തലക്കെട്ടില്‍ ഇന്ത്യാ ടൈംസ് പ്രചരിപ്പിക്കുന്ന 39 ചിത്രങ്ങളില്‍ മുപ്പത്തിയേഴാമത്തെ ചിത്രമാണ് സുരേന്ദ്രന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കേരളത്തിലേതെന്നുപറഞ്ഞ് അവതരിപ്പിച്ചതെന്നും തോമസ് ഐസക്ക് ആരോപിച്ചു.

“ഇന്ത്യയിലെ ഇന്നോളമുള്ള വര്‍ഗീയ കലാപങ്ങളില്‍ പലപ്പോഴും സവര്‍ണ തീവ്രവാദികളുടെ കൈയിലെ മാരകായുധമായിരുന്നു പശു. 2014 ജൂലൈ മുതല്‍ ഗോവധം പ്രശ്‌നമാക്കിയ 330 കേസുകളാണ് ഉത്തര്‍പ്രദേശില്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. പശുവിറച്ചി ഫ്രിഡ്ജില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന ഊഹാപോഹം പരത്തിയായിരുന്നല്ലോ, മുഹമ്മദ് അഖ്‌ലാഖിനെ വര്‍ഗീയവാദികള്‍ വീട്ടില്‍ കയറി അടിച്ചു കൊന്നതും. കലാപങ്ങളും കൂട്ടക്കൊലകളും സൃഷ്ടിക്കാന്‍ ഊഹാപോഹങ്ങള്‍ പരത്തലും നുണ പ്രചരിപ്പിക്കലും എക്കാലത്തും സംഘപരിവാറിന്റെ തന്ത്രങ്ങളായിരുന്നു,” ഐസക്ക് പറയുന്നു.

ഉപ്പുസത്യാഗ്രഹത്തിലും ക്വിറ്റ് ഇന്ത്യാസമരത്തിലും പങ്കെടുക്കേണ്ടതില്ല എന്നു തീരുമാനിക്കുകയും ത്രിവര്‍ണദേശീയ പതാക ഹിന്ദുക്കളുടേതല്ലെന്നും അതിനെ ഒരിക്കലും ബഹുമാനിക്കരുതെന്നും ഓര്‍ഗനൈസറിലെ മുഖപ്രസംഗത്തിലൂടെ സ്വാതന്ത്ര്യലബ്ധിയുടെ കാലത്ത് അലറി വിളിക്കുകയും ചെയ്ത ആർ എസ് എസ് എങ്ങനെയാണു ദേശീയപ്രസ്ഥാനമാകുന്നതെന്ന് തോമസ് ഐസക്ക് ചോദിച്ചു.

ബീഫ് ഫെസ്റ്റിവൽ പോലെയുള്ള സമരങ്ങൾ നടത്തി പ്രകോപനങ്ങളിലേക്ക് ദേശീയപ്രസ്ഥാനങ്ങളെ മനപ്പൂർവം വലിച്ചിഴക്കരുതെന്ന് ഭീഷണിമുഴക്കിയ സുരേന്ദ്രനു മറുപടിയായാണു ഐസക്ക് ഇങ്ങനെ പറഞ്ഞത്.

ഇതിനിടെ കേരളത്തിൽ പശുവിനെ അറുത്തതെന്ന മട്ടിൽ കെ സുരേന്ദ്രൻ പോസ്റ്റ് ചെയ്ത വ്യാജചിത്രം ഫെയ്സ്ബുക്ക് അധികൃതർ നീക്കം ചെയ്തു.