കേരളത്തിൽ നടക്കുന്ന ബീഫ് ഫെസ്റ്റുകളെ വിമർശിച്ച് യോഗി ആദിത്യനാഥ്

single-img
29 May 2017

കേരളത്തിൽ നടക്കുന്ന ബീഫ് ഫെസ്റ്റിവലുകളിൽ കടുത്ത അമർഷം രേഖപ്പെടുത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  ലക്നൌവിൽ വെച്ചു നടക്കുന്ന എ ബി വി പി ദേശീയ എക്സിക്യൂട്ടിവ് കൌൺസിൽ യോഗത്തെ അഭിസംബോധനചെയ്തു സംസാരിക്കുന്നതിനിടെയാണു യോഗി കേരളത്തിലെ ബീഫ് ഫെസ്റ്റിവലുകളെ നിശിതമായി വിമർശിച്ചത്.

“ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കണമെന്നൊക്കെയുള്ള ചില ‘മതേതര’ വർത്തമാനങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ കേരളത്തിൽ നടന്ന ഈ നിർഭാഗ്യകരമായ സംഭവങ്ങളെക്കുറിച്ച് മതേതരവാദികൾ വായ തുറക്കാത്തതെന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല.”  ബീഫ് ഫെസ്റ്റുകളെ പരാമർശിച്ചുകൊണ്ട് യോഗി പറഞ്ഞു.

ജവഹർലാൽ നെഹ്രു സർവ്വകലാശാലയും ഹൈദരാബാദ് സർവ്വകലാശാലയിലും ഇത്തരം ‘കുരുത്തക്കേടുകൾ’ അരങ്ങേറിയപ്പോൾ പ്രതിഷേധിച്ച ഒരേയൊരു സംഘടന എ ബി വി പി ആണെന്നും യോഗി പ്രസ്താവിച്ചു.

കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടാണു കേരളത്തിൽ വ്യാപകമായി ബീഫ് ഫെസ്റ്റുകൾ സംഘടിപ്പിക്കപ്പെട്ടത്. പ്രസ്തുത ഉത്തരവ് ഭക്ഷണസ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലാണെന്നാരോപിച്ച് എല്ലാ സംഘപരിവാർ ഇതര രാഷ്ട്രീയകക്ഷികളും രംഗത്തു വന്നിരുന്നു. ഡി വൈ എഫ് ഐ , യൂത്ത് കോൺഗ്രസ്സ് തുടങ്ങിയ യുവജനസംഘടനകൾ ബീഫ് ഫെസ്റ്റുകളും പ്രതിഷേധയോഗങ്ങളും സംഘടിപ്പിച്ചു.

പ്രസ്തുത ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുടെ ഓഫീസിനു തുറന്ന കത്തെഴുതുകയും ചെയ്തിരുന്നു.