‘വിഴിഞ്ഞ’ത്തില്‍ പാളയത്തില്‍ പട, സിഎജി റിപ്പോര്‍ട്ട് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണമെന്ന് സതീശന്റെ കത്ത്

single-img
29 May 2017

വിഴിഞ്ഞം പദ്ധതിക്കെതിരായ സിഎജി റിപ്പോര്‍ട്ട് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍, അധ്യക്ഷന്‍ എംഎം ഹസന് കത്ത് നല്‍കി. റിപ്പോര്‍ട്ട് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നിന്നും കരാറിനെ കുറിച്ച് ചര്‍ച്ച വേണമെന്ന ആവശ്യം ഉയര്‍ന്നത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്നായിരുന്നു സിഎജി റിപ്പോര്‍ട്ട്. അദാനിക്ക് ലാഭമുണ്ടാക്കുന്ന കരാര്‍ സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്നും സിഎജി ചൂണ്ടികാണിച്ചിരുന്നു. സിഎജിയുടെ റിപ്പോര്‍ട്ട് അതീവ ഗൗരവമുള്ളതാണ്, ആ വിമര്‍ശനത്തെ കുറിച്ച് ഗൗരവമായി പഠിക്കേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.