തീര്‍ത്ഥാടകരുടെ ശ്രദ്ധക്ക്, കേരള വാഹനങ്ങള്‍ ഇടിച്ചിടാന്‍ തമിഴ്‌നാട്ടില്‍ അപകട’മാഫിയ’ പതിയിരിപ്പുണ്ട്

single-img
29 May 2017

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ മലയാളി തീര്‍ത്ഥാടകര്‍ക്ക് സംഭവിക്കുന്ന വാഹനാപകടങ്ങള്‍ക്ക് പിന്നില്‍ വന്‍ മാഫിയകളെന്ന് റിപ്പോര്‍ട്ട്. ജാതിമതഭേതമന്യേ തമിഴ്‌നാട്ടിലെ വിവിധ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കു പോകുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പാണിത്. സംഭവത്തിനു പിന്നില്‍ വലിയൊരു തിരക്കഥതന്നെ കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്.

സേലം, ഈറോഡ്, തിരുനെല്‍ വേലി, ത്രിച്ചി, പളനി, വേളാങ്കണ്ണി, നാഗൂര്‍ തുടങ്ങിയ തീര്‍ഥാടന സ്ഥലങ്ങളിലേക്ക് പോകുന്ന മലയാളികളുടെ യാത്ര സുരക്ഷിതമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടി കാട്ടുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇവിടെയുണ്ടായ നൂറിലധികം വാഹനാപകടങ്ങളിലായി മുന്നൂറ്റി അമ്പതോളം മലയാളികള്‍ കൊല്ലപ്പെട്ടുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നതായി മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തത്. എതിരെ വരുന്ന ലോറിയോ ട്രക്കോ ഇടിച്ചാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ ഈ അപകടങ്ങളിലെ അസ്വഭാവികതയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

പല ലോറി അപകടങ്ങളും സംശയം ജനിപ്പിക്കുന്നതാണ്. അപകടം നടന്ന സമയം, സ്ഥലങ്ങള്‍, എതിര്‍ ദിശയില്‍ വന്നിടിച്ച വാഹനങ്ങള്‍, രക്ഷാ പ്രവര്‍ത്തനങ്ങളുടെ രീതി, പോലീസിന്റെ സമീപനം തുടങ്ങിയവയെല്ലാം സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. മിക്ക അപകടങ്ങളും നടക്കുന്നത് ഗ്രാമ പ്രദേശങ്ങളോട് ചേര്‍ന്ന ദേശിയ പാതകളിലാണ്. അപകടങ്ങള്‍ ആസൂത്രണം ടെയ്യുന്നതിനു പിന്നില്‍ പോലീസിന്റെ സഹായത്തോടു കൂടിയ വന്‍ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുടുംബസമേതം യാത്രക്കു പോകുന്നവരുടെ കൈയ്യിലുള്ള പണവും ആഭരണങ്ങളും കൊള്ളയടിക്കുകയെന്നതാണ് മിക്ക അപകടങ്ങള്‍ക്കും പിന്നില്‍.

വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ഉറങ്ങി പോകുന്നതാണ് അപകടങ്ങള്‍ക്ക്‌ കാരണമെന്ന് പറഞ്ഞ് എഫ്.ഐ.ആര്‍ ക്ലോസ് ചെയ്യുകയാണ് തമിഴ്‌നാട് പോലീസിന്റെ രീതി. എതിരെ വന്ന വാഹനത്തെ കുറിച്ചോ ഡ്രൈവറെക്കുറിച്ചോ ഒന്നും അന്വേഷിക്കാന്‍ പോലീസ് മെനക്കെടാറില്ല. മൃതദേഹങ്ങള്‍ നാട്ടില്‍ നിന്ന് ഏറ്റു വാങ്ങാന്‍ വരുന്നവരും കേസിനു പറകെ പോകാത്തത് പോലീസിനു കാര്യങ്ങള്‍ എളുപ്പമാക്കുന്നു. അതേസമയം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഏര്‍പ്പാടാക്കുന്ന ആബുലന്‍സ് ഉടമകള്‍ മുതല്‍ ശവപ്പെട്ടികച്ചവടക്കാര്‍, ഇന്‍ഷൂറന്‍സ് ഏജന്റുമാര്‍,കേസ്‌ നടത്തുന്ന അഭിഭാഷകര്‍, മഹസ്സര്‍ എഴുതുന്ന പോലീസുകാര്‍ എന്നിങ്ങനെ ഒരു വലിയ സംഘം ഇതിനു പിന്നിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.