പരസ്യകശാപ്പിനെ തള്ളി കോൺഗ്രസ്സ് ദേശീയ നേതൃത്വം, റിജില്‍ അടക്കം മൂന്നുപേരെ പുറത്താക്കി

single-img
29 May 2017

കണ്ണൂര്‍: കണ്ണൂരില്‍ പരസ്യ കശാപ്പ് നടത്തി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ ദേശീയ നേതൃത്വത്തിന്റെ നടപടി. റിജില്‍ മാക്കുറ്റിയടക്കം മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തു. ജോസി കണ്ടത്തില്‍, സറഫുദ്ദീന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. സംസ്ഥാന നേതൃത്വത്തോട് വിശദീകരണം ചോദിക്കുക പോലും ചെയ്യാതെയാണ് വിഷയത്തില്‍ ഉടനടിയുള്ള യൂത്ത് കോണ്‍ഗ്രസ് നടപടി.

സംഭവം കിരാതമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ രംഗത്ത് വന്നതോടെ നടപടി ഉറപ്പായിരുന്നു. സംഭവിച്ചത് ബുദ്ധിശൂന്യവും കിരാതവും തനിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഒരു തരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമാണെന്ന് രാഹുല്‍ ഗാന്ധി നിലപാടെടുത്തു. സംഭവത്തില്‍ ശക്തമായി അപലപിക്കുന്നതായും രാഹുല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തത്.