രാഹുൽ ഗാന്ധിയും കയ്യൊഴിഞ്ഞു, കാളക്കുട്ടിയെ പരസ്യമായി പൊതുവഴിയില്‍ അറുത്ത സംഭവത്തില്‍ അറസ്റ്റ് ഭയന്ന് യൂത്ത്‌കോണ്‍ഗ്രസുകാര്‍

single-img
29 May 2017


ന്യൂഡല്‍ഹി: കശാപ്പ് നിയന്ത്രണത്തില്‍ പ്രതിഷേധിക്കാന്‍ കണ്ണൂരില്‍ കാളക്കുട്ടിയെ പരസ്യമായി പൊതുവഴിയില്‍ അറുത്ത് ഇറച്ചി വിതരണം നടത്തിയ യൂത്ത് കോണ്‍ഗ്രസിന്റെ നടപടിയ്‌ക്കെതിരേ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നടപടിയെ രൂക്ഷമായി വിമര്‍ശിച്ച രാഹുല്‍ അത്യന്തം ക്രൂരമായ പ്രവര്‍ത്തിയാണ് ഇതെന്നും അമിതാവേശം ആണെന്നും ശക്തമായി അപലപിക്കുന്നതായും അറിയിച്ചു.

തനിക്കു വ്യക്തിപരമായും, പാര്‍ട്ടിക്കും അംഗീകരിക്കാനാകാത്ത നടപടിയാണ് ഉണ്ടായതെന്ന് രാഹുല്‍ വ്യക്തമാക്കി. നടപടി ബുദ്ധിശൂന്യവും കിരാതവുമാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ശനിയാഴ്ച വൈകിട്ടു നാലരയോടെ കണ്ണൂര്‍ സിറ്റി ജംക്ഷനിലാണു യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാളക്കുട്ടിയെ കശാപ്പു ചെയ്ത് ഇറച്ചി സൗജന്യമായി നാട്ടുകാര്‍ക്കു നല്‍കി പ്രതിഷേധിച്ചത്. അതേസമയം, മാടിനെ അറുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുസ്ഥലത്തുവെച്ച് പരസ്യമായി മാടിനെ കശാപ്പുചെയ്ത കുറ്റത്തിനാണ് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കേസെടുത്തത്.