ഹാദിയ കേസ് വിധിക്കെതിരെ മുസ്ലിം സംഘടനകളുടെ പ്രതിഷേധം, ഹൈക്കോടതിക്കുമുന്നില്‍ പോലീസ് ലാത്തിവീശി

single-img
29 May 2017

മതം മാറിയ യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം സംഘടനകള്‍ നടത്തിയ ഹൈക്കോടതി മാര്‍ച്ചിനിടെ സംഘര്‍ഷം. വിവിധ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ മുസ്ലിം ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് ഹൈക്കോടതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പ്രതിഷേധ മാര്‍ച്ച് ഹൈക്കോടതി കവാടത്തിനു മുന്‍പ് സെന്റ് ആല്‍ബര്‍ട്ട് കോളേജിനു സമീപത്തുവെച്ച് ബാരിക്കേഡ് കെട്ടി തടയാന്‍ പോലീസ് ശ്രമിച്ചു.

ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് വന്ന പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. പ്രവര്‍ത്തകരുടെ ബാഹുല്യം മൂലം തുടക്കത്തില്‍ പോലീസിന് മാര്‍ച്ച് നിയന്ത്രിക്കാന്‍ സാധിച്ചില്ല. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് രണ്ടുതവണ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു.

മതം മാറിയതിനുശേഷം മുസ്ലിം യുവാവിനെ വിവാഹം ചെയ്ത ഹാദിയയുടെയും, ഷഫീന്റെയും വിവാഹം അസാധുവാക്കി ബുധനാഴ്ചയാണ് കേരള ഹൈക്കോടതി ഉത്തരവിടുന്നത്. വിവാഹത്തിന് യുവതിയുടെ കൂടെ രക്ഷാകര്‍ത്താവായി പോയ സ്ത്രീക്കും ഭര്‍ത്താവിനും വിവാഹം നടത്തികൊടുക്കാനുള്ള അധികാരമില്ല, യുവതിയെ കാണാനില്ലെന്ന് ഹേബിയസ് കോര്‍പ്പസ് കേസ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് വിവാഹം നടന്നത് എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്. യുവതിയെ ഐഎസിലേക്ക് കടത്തികൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുണ്ടെന്ന പിതാവിന്റെ പരാതിയില്‍ വിശദമായ അന്വേഷണം വേണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.