മൂന്നാറില്‍ കെട്ടിടനിര്‍മ്മാണത്തിന് കടുത്ത നിയന്ത്രണം, പഞ്ചായത്തിന്റെ മാത്രം അനുമതി പോരെന്ന് ഹരിത ട്രൈബ്യൂണല്‍

single-img
29 May 2017

ചെന്നൈ: മൂന്നാറില്‍ കെട്ടിട നിര്‍മ്മാണത്തിന് നിയന്ത്രണവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ പഞ്ചായത്തിന്റെ അനുമതി മാത്രം മതിയാവില്ല. നിര്‍മാണങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അനുമതി വേണമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. മൂന്നാര്‍ പഞ്ചായത്ത് ചട്ടം ലംഘിച്ച് റിസോര്‍ട്ടുകള്‍ക്ക് എന്‍ഒസി നല്‍കിയതായും ചെന്നൈയിലെ ഹരിത ട്രൈബ്യൂണല്‍ ബെഞ്ച് കണ്ടെത്തി.

അനുമതിയില്ലാതെ ഏലമലക്കാടുകളില്‍ നിന്ന് മരംമുറിക്കാന്‍ പാടില്ലെന്നും ഉത്തരവ്. മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കലിന് പ്രത്യേക നയമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ട്രൈബ്യൂണലിനെ അറിയിച്ചു. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും വ്യക്തമാക്കി.കേസില്‍ ദേവികുളം സബ്കളക്ടറോട് കക്ഷി ചേരാനും ട്രൈബ്യൂണല്‍ ബെഞ്ച് ആവശ്യപ്പെട്ടു. മൂന്നാര്‍ കയ്യേറ്റമൊഴിപ്പിയ്ക്കലുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ലംഘിച്ച് ഒട്ടേറെ റിസോര്‍ട്ടുകള്‍ക്കും ഹോം സ്റ്റേകള്‍ക്കും പഞ്ചായത്ത് എന്‍ഒസി നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹരിതട്രൈബ്യൂണലിന്റെ കര്‍ശന ഉത്തരവ്.