ജയരാജന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്, ബന്ധുനിയമന കേസ് നിലനില്‍ക്കില്ല

single-img
29 May 2017

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ ഇപി ജയരാജനെതിരെ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെങ്കില്‍ ജയരാജനോ മറ്റുള്ളവരോ സാമ്പത്തിക ലാഭം ഉണ്ടാക്കണം. എന്നാല്‍, ഈ കേസില്‍ ജയരാജന്‍ സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടില്ലെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും കോടതിയില്‍ വിജിലന്‍സ് വ്യക്തമാക്കി. ഹൈക്കോടതിയുടെ ചോദ്യത്തിന് നല്‍കിയ വിശദീകരണത്തിലാണ് ജയരാജനെതിരെ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് ബോധിപ്പിച്ചത്.

നേരത്തെ സംസ്ഥാനസര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വിജലന്‍സ് നടപടിയെ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കില്ലെന്ന നിലപാടായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിജിലന്‍സും ആ നിലപാടിലേയ്ക്ക് തന്നെ എത്തിച്ചേര്‍ന്നിരിക്കുകയാണ്. ത്വരിതപരിശോധന പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു വിജിലന്‍സ് ഇ.പി ജയരാജനെയും പി.കെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരും അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നത്.

ഇ.പി ജയരാജന്‍ ഭാര്യാ സഹോദരിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ പികെ. ശ്രീമതി എം.പിയുടെ മകന്‍ പി.കെ സുധീര്‍ നമ്പ്യാരെ ചട്ടം ലംഘിച്ചു കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചുവെന്നതാണ് കേസ്. ജയരാജന്‍ സ്വന്തം നിലയ്ക്കാണ് സുധീര്‍ നമ്പ്യാരെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് അന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. നിയമനം വിവാദമായതോടെ ജയരാജന്‍ മന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.