ഇന്ത്യയിൽ സ്വന്തം മണ്ണില്‍നിന്ന് കഴിഞ്ഞവര്‍ഷം പലായനം ചെയതത് 4.48 ലക്ഷം പേര്‍, അന്താരാഷ്ട്രപഠനറിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

single-img
29 May 2017

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് ബന്ധം കൂടുതല്‍ വഷളാക്കുന്ന തരത്തിലേക്ക് അതിര്‍ത്തിയില്‍ പുതിയ സംഭവവികാസങ്ങള്‍ ഉടലെടുക്കുമ്പോള്‍ ആഭ്യന്തരസംഘര്‍ഷവും കലാപവും മൂലം കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ 4.48 ലക്ഷം പേര്‍ സ്വന്തം മണ്ണില്‍ നിന്ന് പലായനം ചെയ്തതായി അന്താരാഷ്ട്രപഠനറിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആഭ്യന്തരമായി കുടിയൊഴിയേണ്ടിവന്നവര്‍ അഞ്ച് ലക്ഷത്തോളമാണെന്ന് പഠനം വെളിപ്പെടുത്തുന്നു. ആഭ്യന്തരപലായന നിരീക്ഷണകേന്ദ്രവും നോര്‍വീജിയന്‍ അഭയാര്‍ഥി കൗണ്‍സിലും ചേര്‍ന്നാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്.

നഗരങ്ങളിലും ഗ്രാമങ്ങളിലും കഴിയുന്നവര്‍, വിവിധ സാമൂഹികവിഭാഗങ്ങള്‍ എന്നിവര്‍ക്കിടയില്‍ അസമത്വം വര്‍ധിക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയും സാമൂഹികപരിരക്ഷസംവിധാനവും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജമ്മുകശ്മീരിലും ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രാബല്യത്തിലിരിക്കുന്ന സായുധസേന പ്രത്യേകാധികാര നിയമം, കുടിയൊഴിയുന്നതിന്റെ മൂലകാരണങ്ങളിലൊന്നാണ്.

നിയമത്തിന്റെ മറവില്‍ നടക്കുന്ന ബലപ്രയോഗങ്ങള്‍ കടുത്ത മനുഷ്യാവകാശലംഘനങ്ങളിലേക്ക് നയിക്കുമ്പോള്‍ പലായനമല്ലാതെ വേറൊരു മാര്‍ഗവുമില്ലാതാകുന്നു. നാഗാലാന്‍ഡിലെയും അസമിലെയും മുന്നേറ്റങ്ങളും സംഘര്‍ഷഭരിതമായി മുന്നോട്ടു പോവുന്ന സാഹചര്യമാണ്. സ്വത്വസ്വാതന്ത്ര്യത്തിന്റെ പേരിലുള്ള പോരാട്ടങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ കുടിയൊഴിക്കപ്പെടുന്ന സ്ഥിതി ഉണ്ടാക്കുന്നു.

ഗുജറാത്ത് കലാപം കുടിയൊഴിപ്പിക്കപ്പെടുന്ന സ്ഥിതി വരുത്തിവെച്ചു. ബിഹാറിലും യു.പിയിലും ജാതീയമായ സംഘര്‍ഷങ്ങളും പലായനത്തിലേക്ക് നയിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ നേട്ടം പാവപ്പെട്ട വിഭാഗങ്ങള്‍ക്ക് കിട്ടാതെ വരുന്നു. ഭൂമിക്കും വിഭവങ്ങള്‍ക്കും വേണ്ടിയുള്ള വംശീയവും സാമുദായികവുമായ സംഘര്‍ഷങ്ങള്‍ക്ക് ഇത് കാരണമാകുന്നു.

സ്വകാര്യനിക്ഷേപകര്‍ക്കുവേണ്ടി സര്‍ക്കാര്‍ നടത്തുന്ന ഭൂമി ഏറ്റെടുക്കലുകള്‍ മൂലമുള്ള കുടിയൊഴിപ്പിക്കലുകളും. വികസനപദ്ധതികള്‍ക്കുവേണ്ടി വന്‍തോതില്‍ ഭൂമി ഏറ്റെടുക്കുന്നതുമെല്ലാം പലപ്പോഴും പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ വകവെക്കാതെയാണ്. അതുദോഷകരമായി ബാധിക്കുന്ന ജനവിഭാഗങ്ങളുമായി കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നതാണ് വാസ്തവം.

മതിയായ നഷ്ടപരിഹാരം കൊടുക്കുന്നില്ല എന്നതെല്ലാം വലിയ സംഘര്‍ഷത്തിലേക്ക് നയിക്കുന്നു. കുടിയൊഴിയേണ്ടി വന്നവരില്‍ പകുതിയും ജമ്മുകശ്മീര്‍, അസം എന്നിവിടങ്ങളിലാണ്. കശ്മീരില്‍ 1990 മുതല്‍ അത്തരം പലായനം നടക്കുന്നു. അസമില്‍ ഈ പ്രവണത വര്‍ധിച്ചത് 2014 മുതലാണ്. ആന്ധ്രപ്രദേശ്, ഛത്തിസ്ഗഢ്, ഗുജറാത്ത്, നാഗാലാന്‍ഡ്, തെലങ്കാന, ത്രിപുര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ആഭ്യന്തരപലായനത്തിന് ഇരയായവരുണ്ട്. സംഘര്‍ഷവും അരക്ഷിതാവസ്ഥയും തുടരുന്നത്, അവരുടെ തിരിച്ചുപോക്ക് പ്രയാസകരമാക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു.