ഇമാന്‍ ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയില്‍ തനിയെ ഭക്ഷണം കഴിച്ചു, കൈകാലുകള്‍ ചലിപ്പിച്ചു

single-img
29 May 2017

ഭാരംകുറയ്ക്കല്‍ ചികിത്സയ്ക്ക് വിധേയയായ ഈജിപ്ഷ്യന്‍ വനിത ഇമാന്‍ അഹമ്മദ് ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയില്‍ ആദ്യമായി തനിയെ ഭക്ഷണം കഴിച്ചുവെന്ന് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന ബുര്‍ജീല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ഇമാന്‍ ചിരിക്കാനും ടെലിവിഷന്‍ കാണാനും സന്ദര്‍ശകരുമായി സംസാരിക്കാനും തുടങ്ങിയെന്നും ഇമാനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.

500 കിലോ ഭാരമുണ്ടായിരുന്ന ഇമാന്‍ കൈകാലുകള്‍ ചലിപ്പിച്ചു തുടങ്ങിയെന്നും രണ്ട് വര്‍ഷത്തിനിടയില്‍ ഇതാദ്യമാണെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ യാസിന്‍ എല്‍ ഷഹാത് പറഞ്ഞു. സ്പീച്ച് തെറാപ്പിസ്റ്റിന്റെയും കുടുംബാംഗങ്ങളുടെയും ശ്രമഫലമായി ഇമാന്റെ സംസാരവും ശബ്ദവും വ്യക്തമായി വരുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

മുംബൈ ഷെയ്ഫി ആശുപത്രിയില്‍ നിന്ന് അബുദാബിയിലേക്ക് മാറ്റിയ ഇമാന്റെ ആരോഗ്യം മെച്ചപ്പെട്ടുവരികയാണ്. മുംബൈയില്‍ സൗജന്യചികിത്സ നല്‍കിയ സൈഫി ആശുപത്രി അധികൃതരുമായുണ്ടായ ഭിന്നതകളെത്തുടര്‍ന്നാണ് ഇമാന്റെ ബന്ധുക്കള്‍ വേറെ ചികിത്സ തേടി അബുദാബി ബുര്‍ജീല്‍ ആശുപത്രിയില്‍ എത്തിയത്. കയ്‌റോയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ മുംബൈയിലെത്തുമ്പോള്‍ ഇമാന് 500 കിലോഗ്രാമിലേറെ ഭാരമുണ്ടായിരുന്നു. അന്ന് ക്രെയിനിലാണ് ഇവരെ വിമാനത്തില്‍നിന്ന് പുറത്തിറക്കിയത്.