കന്നുകാലിക്കശാപ്പ് നിയന്ത്രണനിയമം: തമിഴ്നാട്ടിൽ ഡി എം കെ പ്രക്ഷോഭത്തിലേയ്ക്ക്

single-img
29 May 2017

കന്നുകാലികളെ കശാപ്പു ചെയ്യുന്നതിനും വിൽക്കുന്നതിനും നിയന്ത്രണങ്ങളേർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസർക്കാർ നിയമത്തിനെതിരേ തമിഴ്നാട്ടിൽ പ്രതിഷേധം. ദ്രാവിഡ മുന്നേറ്റ കഴകം (ഡി എം കെ) നേതാവ് എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ചെന്നൈയിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് ദേശീയ വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.

ജനങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യത്തിൽ കൈകടത്തുന്നതരത്തിലുള്ള നിയമം പിൻവലിക്കണമെന്ന് സ്റ്റാലിൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ബഹുസ്വരതയ്ക്ക് ഭീഷണി ഉയർത്തുന്ന ഇത്തരം ഏകപക്ഷീയമായ നിയമങ്ങൾ അടിച്ചേൽപ്പിക്കരുതെന്ന് സ്റ്റാലിൻ കേന്ദ്രം ഭരിക്കുന്ന ബി ജെ പിയോട് അവശ്യപ്പെടുകയും ചെയ്തു.

കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിയിൽ  വിവിധതുറകളിൽ നിന്നും വ്യാപകവിമർശനം ഉയർന്നിരുന്നു. കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയും കേരള മുഖ്യമന്ത്രി പിണറായിവിജയനും നിയമത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പ്രസ്തുത ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുടെ ഓഫീസിനു തുറന്ന കത്തെഴുതുകയും ചെയ്തിരുന്നു.

കേരളത്തിന്റെ ഭക്ഷണക്രമം ഡെൽഹിയിൽ നിന്നും നാഗ്പൂരിൽ നിന്നും തീരുമാനിക്കാമെന്നു കരുതേണ്ടെന്ന് പിണറായി വിജയൻ മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.