ആദ്യം കല്ല്യാണം വിളിച്ചത് തെരുവില്‍ അലയുന്നവരെ, ദിവ്യ മാതൃകയായത് ഇങ്ങനെ

single-img
29 May 2017


തിരുവനന്തപുരം: വിശപ്പിനു മുന്നില്‍ എല്ലാ മനുഷ്യരും ഒന്നാണെന്ന പ്രപഞ്ചസത്യം പകര്‍ന്നുകൊണ്ട് ലോക വിശപ്പ് ദിനത്തില്‍ തെരുവില്‍ ഒറ്റപ്പെട്ടവരോടൊപ്പം സദ്യ കഴിച്ച് തിരുവനന്തപുരം സബ് കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. തെരുവില്‍ അലയുന്ന അനാഥര്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും സ്ഥിരമായി എത്തിച്ചു കൊടുക്കുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജ്വാലാ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള പരിപാടിയിലാണ് ദിവ്യാ എസ് അയ്യര്‍ തെരുവിലെ മനുഷ്യര്‍ക്കൊപ്പം ഭക്ഷണം കഴിച്ചത്.

തുടര്‍ന്ന് തന്റെ വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് തെരുവിലെ അനാഥര്‍ക്കു നല്കി അനുഗ്രഹവും വാങ്ങിയാണ് സബ് കലക്ടര്‍ മടങ്ങിയത്. അരുവിക്കര എംഎല്‍എയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്റെ മകനുമായ കെ.എസ്. ശബരിനാഥന്‍ ആണ് സബ് കലക്ടറുടെ പ്രതിശ്രുത വരന്‍.

തെരുവിന്റെ വിശപ്പ് മാറാന്‍ പൊതിച്ചോറുമായി തിരുവനന്തപുരത്ത് എത്തുന്ന അശ്വതി ജ്വാലയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ജ്വാലാ ഫൗണ്ടേഷന്‍’ എന്ന സന്നദ്ധ സംഘടന മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ പ്രസിദ്ധമാണ്. തിരുവനന്തപുരം സ്വദേശിയായ അശ്വതി, എല്ലാ ദിവസവും നിരവധി അഗതികള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി വരുന്നുണ്ട്. തെരുവില്‍ അലയുന്ന പ്രായമായ മനുഷ്യരെ കേന്ദ്രീകരിച്ചാണ് അശ്വതിയുടെ പ്രവര്‍ത്തങ്ങള്‍.