നവമാധ്യമങ്ങളില്‍ വര്‍ഗ്ഗീയ പ്രചരണം നടത്തിയവര്‍ കുടുങ്ങും, ക്ഷേത്രപ്രതിഷ്ഠ തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് നടപടിക്കൊരുങ്ങി പോലീസ്

single-img
29 May 2017

മലപ്പുറം: പൂക്കോട്ടുംപാടത്ത് ക്ഷേത്രപ്രതിഷ്ഠ തകര്‍ത്ത സംഭവം മുതലെടുത്ത് നവമാധ്യമങ്ങള്‍ വഴി വര്‍ഗ്ഗീയ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവം നടന്നയുടനെ വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തും വിധം നവമാധ്യമങ്ങള്‍ വഴി പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. ഇതോടെ സംഭവത്തിന്റെ ഗതി മാറിമറിയുകയായിരുന്നു. വിഗ്രഹം തകര്‍ത്തതിന് പിന്നില്‍ മുസ്ലീങ്ങളാണെന്നാരോപിച്ച് ഹിന്ദു ഐക്യവേദി പൂക്കോട്ടുംപാടത്ത് ഹര്‍ത്താല്‍ നടത്തിയിരുന്നു. ഇതിനിടെയാണ് സംഭവത്തിലെ യഥാര്‍ത്ഥ പ്രതി അറസ്റ്റിലാകുന്നത്.

പൂജാരിമാരോടും ക്ഷേത്രങ്ങളോടും ഉള്ള കടുത്ത വിരോധമാണ് കൃത്യത്തിനു പിന്നിലെന്നാണ് പ്രതി മോഹന്‍കുമാര്‍ പോലീസിന് മൊഴിനല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് പൊലിസ് മുഖവിലക്കെടുത്തിട്ടില്ല. മതസ്പര്‍ധ സൃഷ്ടിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറിയതിനും ഇയാള്‍ക്കെതിരേ കേസെടുത്തു. റമദാന്‍ ഒന്നായ ശനിയാഴ്ച പുലര്‍ച്ചെയാണ് മോഹന്‍കുമാര്‍ ക്ഷേത്ര ചുറ്റമ്പലത്തിന്റെ ഓടിളക്കി അകത്തുകടന്ന് ശ്രീകോവിലിനുള്ളിലെ ശിവന്റെയും മഹാവിഷ്ണുവിന്റെയും വിഗ്രഹം തകര്‍ത്തത്.

സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. നിലമ്പൂർ  എം.എല്‍.എ പി.വി അന്‍വര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗവും അലങ്കോലപ്പെട്ടിരുന്നു. യഥാര്‍ത്ഥ പ്രതിയെ അറസ്റ്റ് ചെയ്തതോടെ ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്തതിനു പിന്നില്‍ മുസ്ലിം വിഭാഗമാണെന്ന പ്രചാരണം നടത്തിക്കൊണ്ടിരുന്ന ചില സംഘടനകള്‍ക്ക് അത് തിരിച്ചടിയാവുകയും ചെയ്തു.

ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡിനെ വച്ച് അന്വേഷണം വിപുലപ്പെടുത്തുമെന്ന് ഐ.ജി അജിത് കുമാര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. മോഹനചന്ദ്രന്‍, വണ്ടൂര്‍ സി.ഐ എ.ജെ ജോണ്‍സണ്‍, നിലമ്പൂര്‍ സി.ഐ കെ.എം ദേവസ്യ, എടക്കര സി.ഐ സന്തോഷ്, എസ്.ഐമാരായ ജോതിന്ദ്രകുമാര്‍, മനോജ് പറയറ്റ, സുനില്‍ പുളിക്കല്‍, ടി.പി ശിവദാസന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ എം.എസ്.പി ക്യാംപിലെ ഉള്‍പ്പെടെയുള്ള മുന്നൂറോളം പൊലിസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.