സോറി, അഭയാര്‍ത്ഥി ക്യാംപല്ല, ബ്രിട്ടിഷ് എയര്‍വെയ്‌സ് സര്‍വീസ് നിശ്ചലമായപ്പോള്‍ സംഭവിച്ചത്‌

single-img
29 May 2017

ലണ്ടന്‍: മുകളിലെ ഫോട്ടോ കണ്ടാല്‍ ഇതൊരു അഭയാര്‍ത്ഥി ക്യാമ്പാണോ എന്ന് ചോദിച്ചു പോകും. എന്നാല്‍ പട്ടിണിയും പരിവട്ടവുമായി ഇരിക്കുന്ന വിമാനയാത്രക്കാരാണ് ഇത്. കഴിഞ്ഞയാഴ്ചയുണ്ടായ എന്‍.എച്ച്.എസിലെ കംപ്യൂട്ടര്‍ വൈറസ് ആക്രമണം മൂലം ശനിയാഴ്ച മുഴുവന്‍ സര്‍വീസ് മുടങ്ങിയ ബ്രിട്ടിഷ് എയര്‍വേസിന്റെ ഭൂരിഭാഗം വിമാനങ്ങളും ഇന്നലെയും ഹീത്രൂവില്‍നിന്നും സര്‍വീസ് നടത്താത്തതാണ് യാത്രക്കാരെ വലച്ചത്. എതാനും വിമാനങ്ങള്‍ സമയംതെറ്റി സര്‍വീസ് നടത്തിയെങ്കിലും വിമാനത്താവളത്തിലെ ദുരവസ്ഥയ്ക്ക് ഒരുമാറ്റവും ഉണ്ടായില്ല. . ഗാട്ട്വിക്ക് വിമാനത്താവളത്തില്‍നിന്നും സര്‍വീസുകള്‍ സമയംതെറ്റി പുന:രാരംഭിക്കാനായെങ്കിലും ഹീത്രുവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് സൂചന. തകരാര്‍ പരിഹരിച്ചാലും സര്‍വീസുകള്‍ സാധാരണഗതിയിലാകാന്‍ സമയമെടുക്കും.

 

ഇതു മുലം ആയിരക്കണക്കിന് യാത്രക്കാരാണ് പെരുവഴിയിലും വിമാനത്താവളത്തിലും ദുരിതക്കയത്തിലായത്. യാത്ര മാറ്റിവയ്ക്കാന്‍ കഴിയാത്തവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ബ്രിട്ടിഷ് എയര്‍വേസ് വിമാനങ്ങളില്‍ കണക്ഷന്‍ ഫ്‌ലൈറ്റ് ബുക്കുചെയ്ത് എത്തിയവരുമെല്ലാം വിമാനത്താവളത്തില്‍ കുടുങ്ങി. ലോകത്തിലെ ഒട്ടുമിക്ക പ്രധാന നഗരങ്ങളിലേക്കും നേരിട്ടും രാജ്യത്തിനകത്തെ പ്രധാന നഗരങ്ങളിലേക്കുമെല്ലാം ഇടതടവില്ലതെ സര്‍വീസ് നടത്തുന്നവരാണ് ബ്രിട്ടീഷ് എയര്‍വേസ്. വിമാനങ്ങള്‍ മുടങ്ങിയതോടെ ടെര്‍മിനലുകളെല്ലാം യാത്രക്കാരെക്കൊണ്ടു നിറഞ്ഞു.

ഹീത്രുവിലെ അഞ്ചാം നമ്പര്‍ ടെര്‍മിനലിലെ രംഗങ്ങള്‍ അക്ഷരാര്‍ഥത്തില്‍ അഭയാര്‍ഥി ക്യാംപുകളേക്കാള്‍ കഷ്ടമായി. ലഗേജുകളില്‍ തലചായ്ച്ചുറങ്ങുന്നവരും നിലത്തിരുന്നു വിശ്രമിക്കുന്നവരും അനന്തമായ കാത്തിരുപ്പു തുടരുകയാണ്. ഇവരുടെ ചോദ്യങ്ങള്‍ക്ക് മതിയായ വിശദീകരണം നല്‍കാന്‍ പോലും എയര്‍ലൈന്‍സ് അധികൃതര്‍ക്ക് ആകുന്നില്ല. പലര്‍ക്കും സമയത്ത് ഭക്ഷണംപോലും കിട്ടാത്ത സ്ഥിതിയാണുള്ളത്.

ശനിയാഴ്ച ഉച്ചയോടെയാണ് ബ്രിട്ടിഷ് എയര്‍വേസിന്റെ കംപ്യൂട്ടര്‍ ശൃംഖല അപ്പാടെ തകരാറിലാത്. ഇതോടെ ലണ്ടനില്‍നിന്നുള്ള ബ്രിട്ടീഷ് എയര്‍വേസ് വിമാനങ്ങള്‍ എല്ലാം സര്‍വീസ് നിര്‍ത്തി. വിമാനത്താവളത്തിലേക്ക് പുറപ്പെടുംമുമ്പ് വിമാനത്തിന്റെ സമയക്രമം ഉറപ്പുവരുത്തണമെന്നു മാത്രമാണ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിപ്പു നല്‍കുന്നത്. എന്നാല്‍ ഇത്തരം വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമല്ലാത്തതിനാല്‍ ആളുകള്‍ നേരിട്ട് വിമാനത്താവളത്തില്‍ എത്തുന്ന സ്ഥിതിയാണുള്ളത്.

കംപ്യൂട്ടര്‍ ശൃംഖല തകരാറിലായതോടെ വെബ്‌സൈറ്റിന്റെയും കോള്‍സെന്ററുകളുടെയും പ്രവര്‍ത്തനവും തകരാറിലായിരുന്നു. അതിനാല്‍ യാത്രക്കാര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയാനുള്ള മാര്‍ഗംപോലും ഇല്ലാതായി. വിമാനത്താവളത്തിലെ ഹെല്‍പ് ഡെസ്‌കില്‍നിന്നും മാധ്യമവാര്‍ത്തകളില്‍നിന്നും മാത്രമാണ് യാത്രക്കാര്‍ക്ക് എന്തെങ്കിലും വിവരം ലഭിച്ചത്.