യുപിയില്‍ പശുവിനെ അറുത്ത ചിത്രം കേരളത്തിലേതെന്ന തരത്തില്‍ ഫേസ്ബുക്കിലിട്ട് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ;വ്യാജപ്രചരണം പൊളിച്ചടുക്കി നവമാധ്യമങ്ങള്‍

single-img
29 May 2017

മൂന്നു വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശില്‍ പശുക്കളെ അറുത്ത ചിത്രം കേരളത്തില്‍ നടന്നതെന്ന രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച ബിജെപി നേതാവ് കെ സുരേന്ദ്രനെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ പൊളിച്ചടുക്കിയിരിക്കുകയാണ് മലയാളികള്‍.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടക്കുന്ന ബീഫ് മേളകള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കിലിട്ട കുറിപ്പിനൊപ്പമാണ് സുരേന്ദ്രന്‍ കഴുത്തറത്തു നിലയിലുളള പശുക്കളുടെ ചിത്രം പോസ്റ്റു ചെയ്തത്. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയ രംഗത്തുവന്നിരിക്കുന്നത്.

സുരേന്ദ്രന്റെ പോസ്റ്റിനൊപ്പമുളളത് കേരളത്തില്‍ നിന്നെടുത്ത ചിത്രമല്ലെന്നും യു.പിയില്‍ 2014ല്‍ സംഭവിച്ച മാടിനെ അറുത്ത ചിത്രമാണെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് പോസ്റ്റിനു താഴെ രംഗത്തുവന്നത്. ഇതുസംബന്ധിച്ച വാര്‍ത്തയുടെ ലിങ്ക് ഉള്‍പ്പെടെ നല്‍കിയാണ് സുരേന്ദ്രന്റെ നീക്കം സോഷ്യല്‍ മീഡിയ പൊളിക്കുന്നത്.

‘പ്രകോപനങ്ങളിലേക്ക് ദേശീയ പ്രസ്ഥാനങ്ങളെ മനപൂര്‍വ്വം വലിച്ചിഴക്കരുതെന്ന്’ പറഞ്ഞുകൊണ്ട് സമരം ചെയ്യുന്നവരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ‘പ്രചാരണവും സമരപരിപാടികളും ആര്‍ക്കുമാവാം. എന്നാല്‍ ജനങ്ങളില്‍ അവമതിപ്പുളവാക്കുന്ന ആഭാസസമരങ്ങളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്മാറുന്നതാണ് എല്ലാവര്‍ക്കും നല്ലത്. തിരിച്ചുള്ള പ്രകോപനങ്ങളിലേക്ക് ദേശീയപ്രസ്ഥാനങ്ങളെ മനപ്പൂര്‍വം വലിച്ചിഴക്കരുതെന്ന് ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.’ എന്ന ഭീഷണിയോടെയാണ് സുരേന്ദ്രന്‍ പോസ്റ്റ്‌ അവസാനിപ്പിക്കുന്നത്.

ദേവസ്വം വകുപ്പ് മന്ത്രി ബീഫ് കഴിച്ചത് വിശ്വസികളെ വേദനിപ്പിച്ചെന്ന ‘കണ്ടെത്തലും’ സുരേന്ദ്രന്‍ നടത്തിയിട്ടുണ്ട്. ‘ദേവസ്വം വകുപ്പ് മന്ത്രി തന്നെ പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചിരിക്കുന്നു. മന്ത്രിമാരും ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകരും ഇത്തരം ഭീഭത്സമായ സമരപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണം.’ എന്നാണ് സുരേന്ദ്രന്‍ ആവശ്യപ്പെടുന്നത്.
‍.