ഗംഗേശാനന്ദ മകളെ പീഡിപ്പിച്ചിട്ടില്ലെന്ന് അമ്മ, ജനനേന്ദ്രിയം ഛേദിച്ചത് മകളുടെ കാമുകന്‍

single-img
29 May 2017

തിരുവനന്തപുരം: പീഡന ശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ മാതാവും സഹോദരനും. പെണ്‍കുട്ടിയെ സ്വാമി ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും മറ്റൊരു യുവാവുമായുള്ള പ്രണയത്തില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടതിനാലാണ് ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചതെന്നുമാണ് മാതാവ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

സ്വാമിയെ ന്യായീകരിച്ചും പെണ്‍കുട്ടിയെ തള്ളിപ്പറഞ്ഞും അമ്മയും സഹോദരനും സംസ്ഥാന പൊലീസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. മകളെ സ്വാമി ഒരിക്കലും ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നാണ് അമ്മ പറയുന്നത്. ലൈംഗികമായി പീഡിപ്പിച്ചെന്നത് വെറും കെട്ടുകഥയാണെന്നും സ്വാമിയുമായി തങ്ങളുടെ കുടുംബത്തിന് വര്‍ഷങ്ങളായി ബന്ധമുണ്ടെന്നുമാണ് അമ്മ നല്‍കിയ പരാതിയിലുള്ളത്.

മറ്റൊരു യുവാവുമായി മകള്‍ പ്രണയത്തിലായിരുന്നുവെന്നും, ഈ ബന്ധം ഉപേക്ഷിക്കാന്‍ താനും ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നെങ്കിലും മകള്‍ തയ്യാറായിരുന്നില്ലെന്നും മാതാവിന്റെ പരാതിയിലുണ്ട്. സംഭവദിവസം രാവിലെ മകള്‍ സ്വാമിയോട് പിണങ്ങിയതിന് ക്ഷമ ചോദിച്ചിരുന്നുവെന്നും, ഇനി പിണക്കമില്ലെന്ന് പറഞ്ഞതായും അമ്മയുടെ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. സ്വാമിയോട് അകല്‍ച്ചയില്ലെന്ന് പറഞ്ഞ മകള്‍ തന്നെയാണ് സ്വാമിയെ വിളിച്ചുവരുത്തിയത്.

സ്വാമി ഒരിക്കലും മകളുടെ മുറിയിലേക്കോ വീടിന്റെ മറ്റേതെങ്കിലും ഭാഗത്തേക്കോ പോയിട്ടില്ലെന്നാണ് അമ്മയുടെ വാദം. മകളുടെ കാമുകന്‍ തങ്ങളുടെ കൈയില്‍ നിന്നും പതിനഞ്ച് ലക്ഷത്തോളം രൂപ വാങ്ങിയിട്ടുണ്ടെന്നും അതിനാല്‍ സംഭവത്തില്‍ കാമുകനും പങ്കുണ്ടെന്നും അമ്മ പരാതിയില്‍ പറയുന്നു. നേരത്തെ രണ്ടു തവണ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തിന് ശേഷം ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്കാണ് മകള്‍ ഓടിപോയത്. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് തങ്ങളോട് സ്വാമി മകളെ ബലാത്സംഗം ചെയ്‌തെന്നും 40 ലക്ഷം രൂപ വാങ്ങിയെന്നും മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നും അമ്മ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ഇതേത്തുടര്‍ന്ന് അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതോടെ സ്വമിയുടെ ജനനേന്ദ്രിയം ഛേദിച്ച പീഡനക്കേസ് പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. സംഭവം നടന്നയുടന്‍ മാനസിക വിഭ്രാന്തിയില്‍ താന്‍ സ്വയം ജനനേന്ദ്രിയം മുറിച്ചെന്നാണ് സ്വാമി മൊഴി നല്‍കിയത്. എന്നാല്‍, ഉറങ്ങിക്കിടന്ന തന്റെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിക്കുകയായിരുന്നെന്ന് സ്വാമി പിന്നീട് മൊഴി മാറ്റുകയായിരുന്നു. മുറിയില്‍ ഉണ്ടായിരുന്ന കത്തി കാട്ടിയാണ് സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും ഇതിനിടയില്‍ താന്‍ കത്തി പിടിച്ചുവാങ്ങി ലിഗം മുറിച്ചുമാറ്റുകയായിരുന്നുമെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നത്.

കൊല്ലം പന്മന ആശ്രമത്തിലെ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ സ്വാമിയുടെ ജനനേന്ദ്രിയം പീഡനശ്രമത്തിനിടെ പേട്ട സ്വദേശിനിയായ പെണ്‍കുട്ടി മുറിച്ചുമാറ്റുകയായിരുന്നു. പീഡന ശ്രമത്തില്‍ അമ്മയ്ക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പെണ്‍കുട്ടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. സ്വാമി വര്‍ഷങ്ങളായി പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കളോട് പറഞ്ഞിട്ട് കാര്യമില്ലാത്തത് കൊണ്ടാണ് ഒന്നും പറയാത്തത്. സംഭവദിവസം തന്റെ മുടിയില്‍ പിടിച്ചു വലിച്ചിഴച്ചാണ് സ്വാമി മുറിയിലേക്ക് തളളിയത്. നിലവിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ഇതോടെ ജീവന്‍ രക്ഷാര്‍ത്ഥവും പീഡനം സഹിക്കവയ്യാതെയും സ്വാമിയുടെ കൈയിലുണ്ടായിരുന്ന കത്തി പിടിച്ചെടുത്ത് ലിംഗം ഛേദിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കേസില്‍ സ്വാമിയെ ജൂണ്‍മൂന്ന് വരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.