കാളക്കുട്ടിയെ നഗരമധ്യത്തില്‍ കശാപ്പ് ചെയ്ത യൂത്ത് കോൺഗ്രസ്സ് നടപടിയെ തള്ളി കോൺഗ്രസ്സ് നേതാക്കൾ, പോലീസ് കേസെടുത്തേക്കും

single-img
28 May 2017

കണ്ണൂര്‍: കന്നുകാലികളെ കശാപ്പുശാലകളില്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നഗരമധ്യത്തില്‍ നടത്തിയ പ്രതിഷേധം വിവാദമാകുന്നു. ശനിയാഴ്ച വൈകിട്ട് നാലരയോടെ കണ്ണൂര്‍ സിറ്റി ജങ്ഷനില്‍ കാളകുട്ടിയെ കശാപ്പു ചെയ്തു സൗജന്യമായി നല്‍കിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയത്.

അതേസമയം യൂത്ത്‌കോണ്‍ഗ്രസിന്റെ ഈ നടപടിയെ എതിര്‍ത്ത് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്. സമരരീതിയില്‍ മാന്യതയാകാമെന്നു കോണ്‍ഗ്രസ് നേതാവ് എം.ലിജു മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളുനസരിച്ച് പ്രവര്‍ത്തനങ്ങളില്‍ മാന്യത പുലര്‍ത്തണമെന്നും ചെറുപ്പത്തിന്റെ അപക്വതയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാട്ടിയതെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ് നടന്നതെന്നും ഇത് സത്യവാങ്മൂലത്തിന്റെ ലംഘനമാണെന്നും ബി.ജെ.പി നേതാവ് ശ്രീധരന്‍പ്പിളള ചൂണ്ടിക്കാട്ടി. രണ്ടു ജനവിഭാഗങ്ങളെ സംഘര്‍ഷത്തിലേക്കെത്തിക്കുമെന്നും അദ്ദേഹം വ്യകതമാക്കി.

സംഭവം വിവാദമായതോടെ കണ്ണൂര്‍ യുവമോര്‍ച്ച ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. പരാതിയുടെ അടിസ്ഥാനില്‍ പ്രതിഷേധം സംഘടിപ്പിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുക്കുമെന്നാണ് സൂചന.