യോഗി ഭരണത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലേ? നാരി സുരക്ഷ ബല്‍ വന്നിട്ടും സ്ത്രീകള്‍ക്കെതിരെ അതിക്രമം പെരുകുന്നു

single-img
28 May 2017

രാംപുര്‍: ഉത്തര്‍പ്രദേശില്‍ വീണ്ടും സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമം. പട്ടാപ്പകല്‍ നടുറോഡില്‍വെച്ച് ഒരു സംഘം അക്രമികള്‍ രണ്ട് സ്ത്രീകളെ ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഉത്തര്‍പ്രദേശിലെ രാംപുര്‍ ജില്ലയിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന സംഭവം. 14 പുരുഷന്മാര്‍ ചേര്‍ന്ന് രണ്ട് സ്ത്രീകളെ അപമാനിക്കുന്നതും ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നുപിടക്കുന്നതുമായ രംഗങ്ങളാണ് വിഡിയോയില്‍. അക്രമികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വിഡിയോ അവര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വീഡിയോ പ്രചരിച്ചതിനെതുടര്‍ന്ന് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളു. പ്രധാന പ്രതിയെ പിടികൂടിയതായും മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. അക്രമി സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിനിരയായ സ്ത്രീകളെ തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ വീതി കുറഞ്ഞ റോഡിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീകളെ മോട്ടോര്‍ ബൈക്കിലെത്തിയ സംഘം തടയുന്നതും ഉന്തുന്നതും തള്ളുന്നതും ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിക്കുന്നതും എല്ലാം വിഡിയോയില്‍ വ്യക്തമാണ്. സ്ത്രീകളുടെ അപേക്ഷകളും നിലവിളിയും കേള്‍ക്കാം. തങ്ങളെ ഉപദ്രവിക്കരുതെന്നും പോകാന്‍ അനുവദിക്കണമെന്നും ഇവര്‍ പറയുന്നതും വിഡിയോയില്‍ കാണാം.

പൂവാലന്‍മാരെ തുരത്തി സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ രൂപീകരിച്ച ‘നാരി സുരക്ഷ ബല്‍’ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കുറവൊന്നുമില്ലെന്ന് തെളിയിക്കുകയാണ് ഈ സംഭവം.