മന്ത്രി വരും, രോഗികള്‍ പുറത്തു പോകണമെന്ന് ആശുപത്രി അധികൃതര്‍, യുപിയില്‍ അത്യാഹിത രോഗികള്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ നിന്നത് രണ്ടര മണിക്കൂര്‍

single-img
28 May 2017

യുപി സര്‍ക്കാരിനെ വിവാദങ്ങള്‍ വിട്ടൊഴിയാതെ പിന്തുടരുകയാണ്. ആശുപത്രി സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രിക്ക് ബുദ്ധിമുട്ടാതിരിക്കാന്‍ രോഗികളെ ഇറക്കിവിട്ടുവെന്നതാണ് പുതിയ വിവാദം. യുപിയിലെ എസ് എന്‍ മെഡിക്കല്‍ കോളേജില്‍ ആരോഗ്യ വിദ്യഭ്യാസ മന്ത്രി അശുതോഷ് ടഠാന്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു സംഭവങ്ങള്‍. മന്ത്രി സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി അധികൃതര്‍ ആശുപത്രി വാര്‍ഡിലെ രോഗികളെയെല്ലാം ഒഴിപ്പിച്ചു. ഇതില്‍ അത്യാഹിത വിഭാഗത്തില്‍പ്പെട്ട രോഗികളുമുണ്ടായിരുന്നുവെന്നതാണ് മറ്റൊരു ക്രൂരത. മന്ത്രി എത്തുമ്പോള്‍ ആശുപത്രി വാര്‍ഡുകള്‍ തിങ്ങി നിറയില്ലെന്ന് ഉറപ്പാക്കാനായിരുന്നു ഈ നടപടി.

ഓക്‌സിജന്‍ സിലണ്ടറുമായി വരെ വാര്‍ഡിന് പുറത്ത് നില്‍ക്കണ്ടവര്‍ പോലും ഉണ്ടായി. ചിലരോട് മറ്റു വാര്‍ഡുകളിലേക്ക് മാറാനും ആവശ്യപ്പെട്ടു. മന്ത്രിയുടെ വരവുമായി ബന്ധപ്പെട്ട് ആശുപത്രി ശുചീകരണത്തിനും അധികൃതര്‍ ശ്രമിച്ചിരുന്നു. പൊരിവെയിലില്‍ രണ്ടര മണിക്കൂറോളം പുറത്ത് രോഗികളും കൂട്ടിരുപ്പുകാരും കാത്തിരുന്നു. കടുത്ത പനി മൂലം അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചവരും പുറത്തു കാത്തുനില്‍ക്കേണ്ടി വന്നു. രാവിലെ പത്തരയോടെയായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. തുടര്‍ന്ന എല്ലാം പരിശോധിച്ച ശേഷം രോഗികള്‍ക്ക് കുടിവെള്ള സൗകര്യവും മരുന്നുകളുടെ ദൗര്‍ലഭ്യവും ഉണ്ടെന്ന്‌ മനസ്സിലാക്കി ആശുപത്രിയുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയായിരുന്നു മന്ത്രിയുടെ മടക്കം.

പോകുന്നിടത്തെല്ലാം എസിയുമായി പോകുന്നു. മന്ത്രിയെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം സോപ്പും ചീപ്പും കണ്ണാടിയും നല്‍കുന്നു തുടങ്ങിയ വിവാദങ്ങള്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കത്തി പടരുന്നതിനിടയിലാണ് ഇപ്പോള്‍ പുതിയ വിവാദം കൂടി എത്തുന്നത്.