ജീവിതത്തിലും ഉന്നം പിഴച്ചില്ല, അക്രമികളെ വെടിവെച്ചിട്ട് അയിഷ ഫലാഖ്‌, ഭര്‍തൃസഹോദരനെ ദേശീയ ഷൂട്ടിങ്ങ് താരം രക്ഷിച്ചത് സിനിമാസ്റ്റെലില്‍

single-img
28 May 2017

ഉന്നം പിഴയ്ക്കില്ലെന്ന് തെളിയിച്ച ദേശീയ ഷൂട്ടിങ്ങ് താരം അക്രമികളില്‍ നിന്നും ഭര്‍തൃ സഹോദരനെ രക്ഷിച്ചത് സിനിമാസ്റ്റെലില്‍. കളിക്കളത്തിലെ മികവ് കളത്തിന് പുറത്ത് പ്രയോഗിച്ച് സൂപ്പര്‍ ഹീറോയായി മാറിയിരിക്കുകയാണ് ദേശീയ ഷൂട്ടിങ്ങ് താരം അയിഷ ഫലാഖ്. ക്രിമിനലുകള്‍ തട്ടികൊണ്ടുപോയ ഭര്‍തൃസഹോദരനെ രക്ഷിക്കാനാണ് ഷൂട്ടിങ് താരവും പരിശീലകയുമായ അയിഷ യഥാര്‍ത്ഥ ജീവിതത്തിലും നിറയൊഴിച്ചത്.

ആയിഷയുടെ ഭര്‍തൃസഹോദരനെ ഒരു സംഘം തട്ടിക്കൊണ്ടുപോയതിനെത്തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ ആസിഫ് തന്റെ ഒഴിവുസമയങ്ങളില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യാറുണ്ടായിരുന്നു. സംഭവദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് കാറില്‍ വരികയായിരുന്ന ആസിഫിന്റെ കാറില്‍ രണ്ടുപേര്‍ കയറി. പകുതിദൂരം പിന്നിട്ടപ്പോള്‍ വഴി മാറ്റണമെന്നും ഭോപ്ര ബോര്‍ഡറില്‍ കാര്‍ നിര്‍ത്തണമെന്നും അക്രമികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ആസിഫിന്റെ പഴ്‌സ് ഇരുവരും തട്ടിയെടുത്തു. പക്ഷേ പഴ്‌സില്‍ 150 രൂപയേ ഉണ്ടായിരുന്നുള്ളൂ. പണമില്ലെന്നു കണ്ടതോടെ ഇരുവരും ആസിഫിനെ ക്രൂരമായി മര്‍ദ്ദിച്ച് വീട്ടിലേക്കു ഫോണ്‍ വിളിപ്പിച്ചു. ഒരു മണിക്കൂറിനുള്ളില്‍ ശാസ്ത്രി പാര്‍ക്കില്‍ 25,000 രൂപയുമായി വന്നാല്‍ ആസിഫിനെ ജീവനോടെ കൊണ്ടുപോകാം എന്നായിരുന്നു ഭീഷണി.

സംഭവമറിഞ്ഞ് പരിഭ്രാന്തരായ വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. ആസിഫിന്റെ സഹോദരന്‍ ഫലാഖും ആയിഷയും പോലീസ് സംഘത്തിനൊപ്പം ശാസ്ത്രി പാര്‍ക്കിലേയ്ക്ക് തിരിച്ചു. പാര്‍ക്കിനു സമീപമെത്തിയപ്പോള്‍ത്തന്നെ പോലീസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ അക്രമികള്‍ ആസിഫിനെയും കൊണ്ട് മറ്റൊരു സ്ഥലത്തേയ്ക്ക് കുതിച്ചു. പണവുമായി ഭജന്‍പുരയില്‍ എത്തിച്ചേരണമെന്നും ഇല്ലെങ്കില്‍ ആസിഫിനെ ഉടന്‍ വധിക്കുമെന്നും ഭീഷണി മുഴക്കി. ആയിഷയും ഭര്‍ത്താവും സിനിമാ സ്‌റ്റൈലില്‍ സംഘത്തെ കാറില്‍ പിന്‍തുടരുകയും ആയിഷ അക്രമികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്തു. അക്രമികളില്‍ ഒരാള്‍ക്ക് ഇടുപ്പിലും മറ്റൊരാള്‍ക്ക് കാലിലും വെടിയേറ്റു. ഉന്നം തെറ്റാതെ വെടിയുതിര്‍ക്കാനുള്ള തന്റെ പാടവം സ്‌പോര്‍ട്‌സ് വേദിയില്‍ മാത്രമല്ല, ജീവിതത്തിലും തെളിയിച്ച ആയിഷ അക്രമികളെ നിഷ്പ്രയാസം കീഴ്‌പെടുത്തുകയായിരുന്നു.

വെടിയേറ്റ അക്രമികള്‍ ആസിഫിനെ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ പിന്‍തുടര്‍ന്ന് പിടികൂടി. റഫീഖ്, ആകാശ് എന്നിവരാണ് അക്രമികളെന്നും ഇവര്‍ക്കെതിരെ കേസെടുത്തതായും പോലീസ് വ്യക്തമാക്കി. പോലീസ് ആയിഷയുടെ പിസ്റ്റള്‍ പിടിച്ചെടുത്തിട്ടുണ്ട്. അയിഷയുടെ തോക്കിന് ലൈസന്‍സുള്ളതിനാലും സ്വയരക്ഷയ്ക്കും ഭര്‍തൃസഹോദരന്റെ ജീവന്‍ രക്ഷിക്കാനും വേണ്ടിയാണ് ഇത് ഉപയോഗിച്ചത് എന്നതിനാലും ഇവര്‍ക്ക് നിയമപരിരക്ഷ ലഭിക്കാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു.