കേരളത്തിൽ വർഗീയകലാപത്തിന്റെ വിത്തുമായി കാവിരാഷ്ട്രീയമെത്തുമ്പോൾ

single-img
28 May 2017

കേരളം വലതുപക്ഷവർഗ്ഗീയശക്തികൾക്ക് എന്നും ഒരു ബാലികേറാമലയായിരിക്കും എന്ന ശുഭാപ്തിവിശ്വാസത്തിലാണു ഓരോ ശരാശരിമലയാളിയും ഇന്ത്യയുടെ തെക്കേയറ്റത്തുള്ള ഈ തുണ്ടുഭൂമിയിൽ സമാധാനമായി അന്തിയുറങ്ങുന്നത്. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ലാതെയായി മാറുന്നുണ്ട്. ഉത്തരേന്ത്യൻ കലാപരാഷ്ട്രീയത്തിന്റെ വിത്തുമായി സംഘപരിവാർ സംഘടനകൾ കേരളത്തിന്റെ മതേതരമണ്ണിനെ ഉഴുതുമറിക്കാനാരംഭിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെയാണു മലപ്പുറം ജില്ലയിലെ നിലമ്പൂർ പൂക്കോട്ടുപാടം ശ്രീവില്ല്യത്ത് മഹാദേവക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ ഓടുപൊളിച്ചുകടന്ന അജ്ഞാതനായ ഒരു അക്രമി വിഗ്രഹങ്ങൾ തകർക്കുകയും ശ്രീകോവിലിനകം വൃത്തികേടാക്കുകയും ചെയ്തത്. ഉടൻ തന്നെ ഹിന്ദു ഐക്യവേദി പ്രവർത്തകർ പ്രദേശത്ത് ഹർത്താലിനാഹ്വാനം ചെയ്യുകയും സംഭവസ്ഥലം സന്ദർശിക്കാനെത്തിയ മുൻമന്ത്രി ആര്യാടൻ മുഹമ്മദിനെയടക്കമുള്ളവരെ വഴിയിൽത്തടയുകയും ചെയ്തു. ഇതു ചെയ്തത് മുസ്ലീങ്ങളാണെന്നരീതിയിൽ വ്യാപകപ്രചരണം നടക്കുകയും ഫെയ്സ്ബുക്കും വാട്സാപ്പുമടക്കമുള്ള സമൂഹമാധ്യമങ്ങളിൽ സംഘപരിവാർ അനുകൂലികൾ മുസ്ലീങ്ങൾക്കെതിരേ കലാപത്തിനാഹ്വാനം ചെയ്യുകയും ചെയ്തു. വൈകുന്നേരമായപ്പോഴേയ്ക്കും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയുടേ പേര് രാജാറാം മോഹൻ പോറ്റി. ഹിന്ദുമതത്തിലെ അനാചാരങ്ങൾക്കെതിരേ പ്രതികരിക്കാനായിട്ടാണത്രേ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തകർത്തത്. തിരുവനന്തപുരം സ്വദേശിയായ പോറ്റി, ഹിന്ദുമതത്തിലെ അനാചാരങ്ങൾക്കെതിരേ പ്രതിഷേധിക്കാൻ വേണ്ടി റംസാൻ നോമ്പുതുടങ്ങുന്നതിന്റെ തലേദിവസം മലപ്പുറം ജില്ലയിലെ നിലമ്പൂർ പോലെയുള്ള ഒരു സ്ഥലത്തെ ക്ഷേത്രത്തിലെത്തി പ്രതികരിക്കാൻ വേണ്ടി ശ്രീകോവിലിനുള്ളിലെ  വിഗ്രഹങ്ങൾ തകർത്തുവെന്നാണു വാർത്ത. കേട്ടാൽ ഒരു വൈരുദ്ധ്യവുമില്ല, തീർത്തും നിഷ്കളങ്കം !!!!

ഇത്തരം തന്ത്രങ്ങൾ ആർ എസ് എസ് കേരളത്തിൽ പലപ്പോഴായി പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് പോത്തിന്റെ തല കൊണ്ടിട്ടും മറ്റും കലാപമുണ്ടാക്കാനുള്ള ഒറ്റപ്പെട്ട ശ്രമങ്ങൾ ആയിരുന്നു അവയെങ്കിൽ ഇപ്പോൾ നടക്കുന്നത് അമിത് ഷായുടെ മിഷൻ 73യുടെ ഭാഗമായ കേന്ദ്രീകൃത അജണ്ടകളാണ്. ഹിറ്റ്ലർ വംശശുദ്ധി വരുത്തിയ മഹാനായിരുന്നു എന്ന് നിരീക്ഷിച്ച ഗോൾവൾക്കറുടെ അനുയായികൾ പിന്തുടരുന്നതും ഹിറ്റ്ലറിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ തന്നെയാണു.

1933 ഫെബ്രുവരി 27-ന് ജര്‍മ്മനിയുടെ പാര്‍ലമെന്റ് മന്ദിരമായ ബെര്‍ലിനിലെ റീഷ്ടാഗ് സൗധത്തിന് തീയിട്ട ശേഷം കമ്യൂണിസ്റ്റുകളുടെ നേര്‍ക്ക് ആരോപണം ഉന്നയിച്ച ഹിറ്റ്‌ലറുടെ ആശയത്തിന് ഏകദേശം 83 വര്‍ഷം പഴക്കമുണ്ട്. റീഷ്ടാഗ് സൗധത്തിന് തീയിട്ട രാത്രിയില്‍ നാലാഴ്ച മുന്നേ ഒരു കൂട്ടുകക്ഷി സര്‍ക്കാരിന്റെ ഭാഗമായി ചാന്‍സലര്‍ ആയി അധികാരത്തിലേറിയ ഹിറ്റ്‌ലര്‍, ജോസഫ് ഗീബല്‍സിന്റെ വസതിയില്‍ നടന്ന അത്താഴവിരുന്നില്‍ പങ്കെടുക്കുകയായിരുന്നു. ഉടന്‍ തന്നെ സംഭവസ്ഥലത്ത് കുതിച്ചെത്തിയ ഹിറ്റ്‌ലര്‍, കെട്ടിടം കത്തിച്ചതിനു പിന്നില്‍ കമ്മ്യൂണിസ്റ്റുകാര്‍ ആണെന്ന് ആരോപണമുന്നയിച്ചു. സംഭവസ്ഥലത്ത് നിന്നും നാടകീയമായി അറസ്റ്റ് ചെയ്യപ്പെട്ട മാരിനോസ് വാന്‍ ദേര്‍ ലൂബ് കമ്മ്യൂണിസ്റ്റ് ആണെന്നും ഇതൊരു കമ്മ്യൂണിസ്റ്റ് ഗൂഡാലോചനയാണെന്നും വ്യാപകപ്രചാരണം നടന്നു. പിറ്റേന്ന് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യവും, മാധ്യമ സ്വാതന്ത്ര്യവും, പൊതുയോഗവും, സ്വകാര്യതയ്ക്കുള്ള അവകാശവും എല്ലാം റദ്ദാക്കപ്പെട്ടു. ഒരുമാസത്തിനുള്ളില്‍ കമ്മ്യൂണിസ്റ്റുകാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനും വേട്ടയാടി ഇല്ലാതാക്കാനും ഹിറ്റ്‌ലര്‍ക്ക് കഴിഞ്ഞു. മാര്‍ച്ച് അഞ്ചിന് നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലെ തങ്ങളുടെ പ്രാതിനിധ്യം 32 ശതമാനത്തില്‍ നിന്നും 52 ശതമാനമാക്കി ഉയര്‍ത്താന്‍ നാസികള്‍ക്ക് സാധിച്ചു. ഈ ഭൂരിപക്ഷം ഉപയോഗിച്ചു പാസ്സാക്കിയ എനേബിളിംഗ് ആക്റ്റ് എന്ന നിയമമാണ് ജര്‍മ്മനിയുടെ സര്‍വ്വാധിപതിയായി ഹിറ്റ്‌ലറെ വളര്‍ത്തിയത്. നാസികള്‍ അടക്കമുള്ള എല്ലാ പ്രതിവിപ്ലവകാരികളും വ്യാപകമായി ഉപയോഗിച്ച ഫാള്‍സ് ഫ്ലാഗ് എന്ന ആയുധം തന്നെയാണ് സംഘപരിവാര്‍ ഇന്ത്യയില്‍ എല്ലായ്‌പ്പോഴും ഉപയോഗിച്ചു കാണാറുള്ളത്. പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തിയ ശേഷം മുസ്ലീങ്ങളുടെ നേര്‍ക്ക് ആരോപണം ഉന്നയിക്കുന്നതും പോത്തിന്റെ തല അമ്പലത്തിനു മുന്നില്‍ ഇട്ട ശേഷം വര്‍ഗീയ കലാപം ഉണ്ടാക്കുന്നതും മുതല്‍ മലെഗാവ് സ്‌ഫോടനവും എല്ലാം ഈ ഫാള്‍സ് ഫ്ലാഗിന്റെ വിവിധ രൂപങ്ങള്‍ തന്നെയാണ്.

നാസികളുടെ ഒന്നാമത്തെ ശത്രു ജൂതന്മാരാണെങ്കില്‍ ഇന്ത്യന്‍ നാസികളുടെ ആദ്യത്തെ ശത്രുവായി അവരുടെ ഗുരു ഗോള്‍വള്‍ക്കര്‍ അടയാളപ്പെടുത്തിയത് മുസ്ലീങ്ങളെയായിരുന്നു. ഇത്തരം അപരനിര്‍മ്മിതികളിലൂടെ മാത്രമേ നാസിസവും ബ്രാഹ്മണിസവും പോലെയുള്ള പ്രതിലോമകരമായ ആശയങ്ങളെ സമൂഹത്തിലേയ്ക്ക് കുത്തിവെയ്ക്കാന്‍ സാധിക്കുകയുള്ളൂ.

ഇക്കഴിഞ്ഞ മാർച്ച് 21നു രാത്രിയാണു റിയാസ് മൌലവി കൊല്ലപ്പെടുന്നത്. കാസര്‍ഗോഡ്‌ പഴയ ചൂരിയിലെ ജുമാഅത്ത് പള്ളിയിലെ മുക്രി (മുഅദിന്‍) ആയ റിയാസ് മൌലവിയെ കൊന്നത് വളരെ മൃഗീയമായ രീതിയിലാണ്. പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ പിന്നില്‍ നിന്നും പിടികൂടി കഴുത്ത് അറുത്തു കൊല്ലുകയാണ് ചെയ്തിട്ടുള്ളത്.

റിയാസ് മൌലവിയുടേ മൃതദേഹം

പള്ളിയുടെ പുറകില്‍ ഉള്ള റൂമില്‍ ആയിരുന്നു റിയാസ് മൌലവി താമസിച്ചിരുന്നത്, തൊട്ടടുത്ത റൂമില്‍ ഉണ്ടായിരുന്ന പള്ളി ഇമാം അബ്ദുല്‍ അസീസ്‌ മുസലിയാര്‍, റിയാസ് മൌലവിയുടെ കരച്ചില്‍ കേട്ട് ഓടി വന്നു എങ്കിലും കൊലയാളികളുടെ കൂടെയുള്ളവർ ആളുകള്‍ ഇമാമിനെ കല്ലെറിഞ്ഞു ഓടിച്ചു. തുടര്‍ന്ന് അദ്ദേഹം പള്ളിയില്‍ ബാങ്ക് വിളിക്കാന്‍ ഉപയോഗിക്കുന്ന മൈക്ക് എടുത്ത് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ പഴയ ചൂരിയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ബിജെപി ശക്തമാണ്. അറവിനും മറ്റും പോകുന്ന റിയാസ് മൌലവിക്ക് നേരത്തെ തന്നെ  ഭീഷണിയുണ്ടായിരുന്നു എന്ന് സ്ഥലവാസികള്‍ പറയുന്നുണ്ട്.

രണ്ട് ദിവസത്തിനകം തന്നെ പ്രത്യേക അന്വേഷണസംഘം പ്രതികളെ പിടികൂടി. കാസര്‍കോട് കുഡ്ളു കേളുഗുഡെ സ്വദേശികളായ എസ് അജേഷ്(20) ,നിധിന്‍(19) ,അഖിലേഷ്(25) എന്നിവർ ആർ എസ് എസ് പരിശീലകരാണു. കാസർഗോഡ് അൽപ്പം സെൻസിറ്റിവ് ആയ മേഖലയാണെന്നും കലാപം സംഘടിപ്പിക്കാൻ എളുപ്പമാണെന്നും സംഘപരിവാർ നേതാക്കൾ കരുതിയിട്ടുണ്ടാകണം. ഈ കേസിലും ഗൂഢാലോചന (ഐ പി സി 120) ഉള്ളതായി കേരളാ പോലീസിനുതോന്നാതിരുന്നത് അതിശയകരം തന്നെയാണു.

ഇതുപോലെതന്നെ പ്രകോപനപരമായിരുന്നു കൊടിഞ്ഞി ഫൈസലിന്റെ വധം. മതം മാറിയതിന്റെ പേരിൽ ആസൂത്രിതമായി ഒരു യുവാവിനെ വെട്ടിക്കൊല്ലുക എന്നത് ഞെട്ടിക്കുന്ന വാർത്തയായിരുന്നു.

ഈയടുത്ത് ദി ഹിന്ദുവിൽ ജോലി ചെയ്യുന്ന മലയാളിയായ പ്രവീൺ എന്ന മാധ്യമപ്രവർത്തകൻ ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ബി ജെ പിയുടെരാജ്യസഭാ എം പിയായ രാജീവ് ചന്ദ്രശേഖറും ബിജെപി അനുകൂല മാധ്യമപ്രവർത്തകനായ അർണബ് ഗോസ്വാമിയും കൂടി പുതിയതായി ആരംഭിച്ച റിപ്പബ്ലിക് ടിവിയിലേയ്ക്ക് പ്രവീണിനെ ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ട് പ്രസ്തുതുത മാധ്യമത്തിലെ മറ്റൊരു ജീവനക്കാരി അദ്ദേഹമവുമായി നടത്തിയ ഫോൺ സംഭാഷണമായിരുന്നു പോസ്റ്റിലെ വിഷയം. കേരളത്തിൽ കാര്യമായി ശ്രദ്ധകേന്ദ്രീകരിക്കാൻ തങ്ങളുടെ ചാനലിനു ഉദ്ദേശ്യമുണ്ടെന്നും ‘ശബരിമലയിലോ മറ്റോ എന്തെങ്കിലും പ്രത്യേകമായി നടക്കുമ്പോൾ’ തങ്ങൾ അതു ചർച്ച ചെയ്യുമെന്നും ഇവർ പറഞ്ഞിരുന്നു. ഇതിലെ ശബരിമല പരാമർശം ഭയമുളവാക്കുന്നതാണു.

എന്നാൽ മേൽപ്പറഞ്ഞ മൂന്നു സംഭവങ്ങളിലും (നിലമ്പൂർ ക്ഷേത്രം, റിയാസ് മൌലവി, കൊടിഞ്ഞി ഫൈസൽ) ഹിന്ദു-മുസ്ലീം സമുദായങ്ങളെ പ്രകോപിതരാക്കി നേട്ടം കൊയ്യാനുള്ള ശ്രമം വിലപ്പോകാതിരുന്നത് കേരളത്തിലെ സവിശേഷസാമൂഹ്യ സാഹചര്യം കൊണ്ടുമാത്രമാണു. ഉത്തരേന്ത്യയിലെപ്പോലെ വിവിധസമുദായങ്ങൾ വ്യത്യസ്ത സാമൂഹികധ്രുവങ്ങളിലല്ല ജീവിക്കുന്നത് എന്നതുതന്നെയാണു സംഘപരിവാർ നേരിടുന്ന പ്രധാനവെല്ലുവിളി. ജാതിമതഭേദമന്യേ ഒരേപ്രദേശത്ത് താമസിക്കുന്ന  ജനങ്ങളും, മിശ്രിതമായ ഭക്ഷണസംസ്കാരവുമൊക്കെയാണു കേരളത്തിലെ സമുദായങ്ങളെ ഒരുമിച്ചു നിർത്തുന്ന ഘടകങ്ങൾ

മുസാഫിർ നഗറിലും ഗുജറാത്തിലും മറ്റനേകം സ്ഥലങ്ങളിലും പരീക്ഷിച്ചു വിജയിച്ച വർഗീയവിഘടനവാദ രാഷ്ട്രീയം കേരളത്തിൽ പരീക്ഷിക്കാൻ ബഹുമുഖമാർഗ്ഗങ്ങൾ സ്വീകരിക്കുകയാണു സംഘപരിവാർ. വാട്സാപ്പു വഴിയും മറ്റും പ്രചരിപ്പിക്കുന്ന നുണകളും ഫോട്ടോഷോപ്പിന്റെ സഹായത്തോടെ സൃഷ്ടിച്ച ചിത്രങ്ങളും ഇതിനായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

ഇത്തരം സാഹചര്യത്തിൽ നാമോരോരുത്തരും ജാഗരൂകരാകേണ്ടതുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന അന്യമത വിദ്വേഷവും വ്യാജവാർതകളും ഷെയർ ചെയ്യാനോ അവ കണ്ടു എടുത്തുചാടി പ്രതികരിക്കാനോ പോകുന്നത് അവരുടെ അജണ്ട എളുപ്പമാക്കും.

സംസ്ഥാനം ഭരിക്കുന്ന സർക്കാരും ആഭ്യന്തരവകുപ്പും കുറച്ചുകൂടി അവധാനത ഈ വിഷയത്തിൽ കാണിക്കേണ്ടതുണ്ട്. പോലീസിനെ കാര്യക്ഷമമാക്കി ഇത്തരം പ്രവൃത്തികളിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനും നേതാക്കളെ നിയമനടപടിയ്ക്ക് വിധേയരാക്കാനും സർക്കാർ തയ്യാറാകണം. ഇത്തരം വിഷയങ്ങളെ മൂടിവെയ്ക്കുന്നതിനു പകരം അവയെ പരസ്യമായി അഭിസംബോധന ചെയ്ത് മുഖം മൂടികൾ വലിച്ചു കീറുന്നതിനും പൊതുസമൂഹത്തെ ബോധവൽക്കരിക്കാനും ഭരണപക്ഷവും പ്രതിപക്ഷവും തയ്യാറാകണം. ഇല്ലെങ്കിൽ വളരെ താമസിയാതെ ഉത്തരേന്ത്യൻ കലാപരാഷ്ട്രീയം കേരളത്തിലും വേരുപിടിക്കും.