സിപിഎമ്മിന് മുന്നറിയിപ്പുമായി സുധാകര്‍ റെഡ്ഡി; എല്‍ഡിഎഫിലാണെന്ന് കരുതി തെറ്റുകളെല്ലാം അംഗീകരിക്കില്ല

single-img
28 May 2017

തിരുവനന്തപുരം: കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമം സി.പി.ഐയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് ജനറല്‍സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഢി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി.പി.എമ്മുമായി ഞങ്ങള്‍ തര്‍ക്കത്തിലല്ല. സിപിഐ മന്ത്രിമാരുടെ ഭാഗത്ത് തെറ്റുണ്ടെങ്കിലും എതിര്‍ക്കും. അതുകൊണ്ടുതന്നെ മുന്നണിയെ ശക്തിപ്പെടുത്താനുള്ള ഇടപെടലാണുണ്ടാവുന്നത്. ശരികള്‍ അംഗീകരിക്കുകയും തെറ്റുകള്‍ എതിര്‍ക്കുകയും ചെയ്യുമെന്നതാണ് സിപിഐ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

കശാപ്പ് നിരോധനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ആര്‍എസ്എസ് അജന്‍ഡയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. ജനങ്ങള്‍ എങ്ങനെ ജീവിക്കണമെന്ന് സംഘപരിവാര്‍ തീരുമാനിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ബിജെപിക്കെതിരായി യോജിക്കാനും സിപിഐ തയ്യാറാണെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറഞ്ഞു.

മൂന്ന് വര്‍ഷത്തെ നരേന്ദ്രമോദിസര്‍ക്കാരിന്റെ ഭരണം ദയനീയമായ പരാജയമാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നു. ജുഡീഷ്യറി പോലും അവമതിപ്പ് നേരിടുന്നു. ഫെഡറല്‍സംവിധാനത്തെ തന്നെ തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. തൊഴിലില്ലായ്മ രൂക്ഷമായെന്നും സുധാകര്‍ റെഡ്ഢി പറഞ്ഞു