മുസ്ലീം സമൂഹത്തെ അനുനയിപ്പിക്കാന്‍ മോദി, റംസാന്‍ മാസത്തില്‍ എല്ലാവര്‍ക്കും ആശംസ നേര്‍ന്ന് മോദിയുടെ മന്‍ കി ബാത്

single-img
28 May 2017

ന്യൂഡല്‍ഹി: കന്നുകാലികളുടെ കശാപ്പിനും വിൽപ്പനയ്ക്കുമേർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിവാദമായതിനുപിന്നാലെ മുസ്ലീം സമൂഹത്തെ അനുനയിപ്പിക്കാന്‍ റംസാന്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മന്‍ കി ബാതി’ലാണ് മോദി ആശംസ നേര്‍ന്നത്. എല്ലാ മതവിശ്വാസികളും വളരെയേറെ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന ഒരു നാടാണ് ഇന്ത്യ. വിശ്വാസികളും അവിശ്വാസികളും ഇക്കൂട്ടത്തിലുണ്ട്. എല്ലാ വിഭാഗത്തില്‍പ്പെട്ട മനുഷ്യരും ഇവിടെ ഒരുമയോടെ ജീവിക്കുന്നതില്‍ അഭിമാനമുണ്ടെന്നും പറഞ്ഞ മോദി രാജ്യത്തു റംസാന്‍ വ്രതമനുഷ്ഠിക്കുന്ന വിശ്വാസി സമൂഹത്തിനു ആശംസകള്‍ നേരുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് രാജ്യത്ത് കന്നുകാലികളുടെ കശാപ്പിനും വിൽപ്പനയ്ക്കും നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനു പിന്നാലെയാണ് മതസൗഹാര്‍ദ്ദം ഇന്ത്യക്ക് അഭിമാനമാണെന്നും റമസാന്‍ മാസത്തില്‍ എല്ലാവര്‍ക്കും ആശംസ നേര്‍ന്ന് കൊണ്ടും മോദി രംഗത്തെത്തുന്നത്. സുരക്ഷിതമേഖലയില്‍നിന്നും പുറത്തുകടന്ന നിരവധി യുവാക്കള്‍ തന്നോടു ജീവിതാനുഭവം പങ്കിടാറുണ്ട്. അതില്‍ തനിക്ക് വളരെ സന്തോഷമുണ്ട്. സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ച് അറിയുന്നതിനായി യുവാക്കള്‍ തയാറാവുന്നതിലും മോദി സന്തോഷം പങ്കുവച്ചു. പ്രകൃതിയെ സംരക്ഷിക്കുന്നതാണു രാജ്യത്തിന്റെ പാരമ്പര്യം. ഭാവി തലമുറയ്ക്കുവേണ്ടി നമ്മളും പ്രകൃതിയോടു കരുതല്‍കാണിക്കണം. ഈ മണ്‍സൂണില്‍ രാജ്യമാകെ വൃക്ഷത്തൈകള്‍ നടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനം സൂക്ഷ്മമായി വിലയിരിത്തുന്നുണ്ട്. ഇതിനെ സ്വാഗതം ചെയ്യുന്നു. ക്രിയാത്മക വിമര്‍ശനമാണു നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയെന്നും മോദി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം ആഘോഷികുന്നവേളയിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ജനങ്ങള്‍ മാലിന്യസംസ്‌കരണത്തില്‍ കൂടുതല്‍ പങ്കെടുക്കണം. സ്വച്ഛ് ഭാരത് വലിയ ജനകീയ മുന്നേറ്റമായി. നഗരങ്ങള്‍ തമ്മില്‍ വലിയ മല്‍സരമാണ്. മാധ്യമങ്ങളും സ്വച്ഛ് ഭാരത് പ്രചാരണത്തിനു വലിയ പങ്കുവഹിച്ചെന്നും മോദി പറഞ്ഞു.