ദളിത് മാർക്സിസ്റ്റ് സഖ്യസാദ്ധ്യതകളെ മുളയിലേ നുള്ളുമോ സത്താവാദം?

വിശാഖ് ശങ്കർ

(ഈ ലേഖനത്തിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം)

സംവരണ വിഷയം വീണ്ടും ഒരിക്കൽ കൂടി  വിവാദമാകുന്നത് കടകംപള്ളിയുടെ  പ്രസംഗം വഴിയാണല്ലോ. തുടർന്ന് താൻ പറഞ്ഞത് പാട്ടി നയം തന്നെയാണെന്ന് അവകാശപ്പെട്ടുകൊണ്ട്  അദ്ദേഹം ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റും വായിച്ചിരുന്നു . ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണെന്ന് തോന്നുന്നു, പാർട്ടി സെക്രട്ടറിതന്നെ പത്രസമ്മേളനം വിളിച്ച്  നിലവിലുള്ള സംവരണം അങ്ങനെതന്നെ നിലനിർത്തിക്കൊണ്ട് മുന്നോക്ക വിഭാഗത്തിലെ ‘പാവപ്പെട്ടവർ‘ക്കും ഒരു ചെറിയ ശതമാനം സംവരണം നൽകുക എന്നത് തന്നെയാണ് പാർട്ടി നയം  എന്ന് ഔദ്യോഗികമായി വിശദീകരിക്കുകയും ചെയ്തു.

ഓരോ വിഷയത്തിലും അവരവരുടേതായ ഒരു സമീപനം രൂപീകരിച്ച്  അനുവർത്തിക്കാൻ അതാത് സംഘടനകൾക്ക് അവകാശമുണ്ട്. എന്നാൽ ഒരു ബഹുജന പ്രസ്ഥാനം എന്ന നിലയിൽ അതിനോട് വിമർശനാത്മകമായി സംവദിക്കാൻ പൗര സമൂഹത്തിനും അവകാശമുണ്ട്. അതുകൊണ്ട് തന്നെ സംവരണ വിഷയത്തിലുള്ള സി പി എം സമീപനത്തെ വസ്തുതകളും യുക്തിയും നിരത്തി വിമർശിക്കുന്നത് ആ സംഘടനയുടെ അവകാശത്തിനുമേലുള്ള ഒരു കടന്നുകയറ്റമൊന്നും ആവില്ല എന്ന് കരുതുന്നു. ഇവിടെ പ്രശ്നം നിലവിലുള്ള സംവരണ ക്വാട്ടയിൽ ഒരു വ്യത്യാസവും വരുത്താതെ തന്നെ മുന്നോക്ക വിഭാഗത്തിൽ പെട്ട പാവപ്പെട്ടവർക്കായിക്കൂടി ‘ഇത്തിരി’ സംവരണമായാൽ എന്താ  എന്ന ലളിതയുക്തിയുടെതാണ്. പാവപ്പെട്ടവരുണ്ട്, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുമുണ്ട്. എന്നാൽ അതിനായി സംവരണത്തെ ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നത് അതിന്റെ അടിസ്ഥാന മൂല്യങ്ങൾ തന്നെ അട്ടിമറിക്കപ്പെടുന്നു എന്നതാണ്.


Also Read:  സംവരണം അട്ടിമറിക്കാൻ വഴിയിനി വർഗ്ഗസിദ്ധാന്തത്തിൽ നിന്നോ…


മന്നത്ത് പദ്മനാഭൻ

എൻ എസ് എസ്സിന്റെ നാവ്

ലേഖനത്തിന്റെ ആദ്യഭാഗത്ത് സൂചിപ്പിച്ചതുപോലെ സമൂഹത്തിലെ പൊതുവായ ദാരിദ്ര്യത്തെയും, പിന്നോക്കാവസ്ഥയേയും നേരിടുക എന്നത് ഏതൊരു ഭരണകൂടത്തിന്റെയും അതിലെ ഭരണപക്ഷ, പ്രതിപക്ഷ സംവിധാനങ്ങളുടെയും കടമയാണ്. ഒരു ജനാധിപത്യ സമൂഹത്തിൽ പ്രവർത്തിക്കുന്ന എല്ലാ രാഷ്ട്രീയ സംഘടനകൾക്കും ഈ വിഷയത്തിൽ ഒരു തനത് സമീപനവും, നയരേഖയും ഉണ്ടാകേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലാവണം അവർ പൊതുസമൂഹത്തെ അഭിമുഖീകരിക്കേണ്ടതും. എന്നാൽ സംവരണം അത്തരം ഒരു പൊതുവായ പിന്നോക്കാവസ്ഥയെ നേരിടാനുള്ള ഉപകരണമല്ല. അത് സവിശേഷമായ പിന്നോക്കാവസ്ഥയെ നേരിടാനുള്ളതാണ്. ഇന്ത്യൻസാഹചര്യങ്ങളിൽ ഒരു മൂന്നാം ലോക രാഷ്ട്രമെന്ന നിലയിൽ മുതലാളിത്ത, ആഗോളവൽക്കരണ നയങ്ങളുടെയും അസന്തുലിത വികസനത്തിന്റെയും ഭാഗമായി രൂപപ്പെടുന്ന പിന്നോക്കാവസ്ഥയും, ഈ മുതലാളിത്ത ലോകക്രമമൊക്കെ ഉണ്ടാകുന്നതിനും നൂറ്റാണ്ടുകൾ മുമ്പ് തൊട്ട് അവിടത്തെ ചില വിഭാഗം മനുഷ്യർ അനുഭവിച്ചുപോരുന്ന പിന്നോക്കാവസ്ഥയും ഒന്നല്ല.അവയുടെ കാരണങ്ങൾ ഒന്നല്ല എന്നതിനാൽ തന്നെ അവയുടെ പരിഹാരങ്ങൾക്കും ഒന്നാവാൻ കഴിയില്ല എന്ന തിരിച്ചറിവാണ് ജാതി സംവരണമെന്ന ആശയത്തിന്റെ അടിസ്ഥാന തന്തു. അതിനെ അഭിസംബോധന ചെയ്യാൻ മടിക്കുന്നതോടെ പിന്നോക്കാവസ്ഥയെന്നത് പൊതുവായ ഒന്നായി തീരുന്നു. അത് തന്നെയാണ് സാമ്പത്തിക സംവരണ വാദികളും പറഞ്ഞുപോരുന്നത്. എല്ലാ സമുദായത്തിലുമുണ്ട് ദാരിദ്ര്യവും, പട്ടിണിയും. അതുകൊണ്ട് ദരിദ്രർക്ക് സംവരണം നൽകുക എന്ന്. ഈ വാദം എങ്ങനെ മുന്നൊക്കക്കാരിലെ പിന്നൊക്കത്തിന് സംവരണം എന്ന നീക്കുപോക്കിലേക്ക് വികസിച്ചു എന്ന് ആദ്യ ഭാഗത്ത് വിശദീകരിച്ചുകഴിഞ്ഞു.

അതായത് എൻ എസ് എസിന് സ്വന്തം സംഘടനാ, ബുദ്ധിജീവി വൃന്ദങ്ങളെ ഉപയോഗിച്ച് കഴിയാതിരുന്ന ഒന്നാണ് അവർ ഇന്ന് പരോക്ഷമായി സി പി എമ്മിന്റെ സംവരണ നയത്തിലൂടെ സാധിച്ചെടുക്കുന്നത്. സാമ്പത്തിക സംവരണവാദത്തെ അതുപോലെ പിന്തുണയ്ക്കുകയല്ലെങ്കിൽ പിന്നെ  മുന്നോക്കക്കാരിലെ പിന്നോക്കത്തിനും സംവരണത്തിനർഹതയുണ്ട് എന്ന് പറയുന്നതിലൂടെ സി പി എം സമ്മതിക്കുന്നത് അവരിലെ ‘പാവപ്പെട്ട’വരുടെ ദാരിദ്ര്യത്തിനും പിന്നോക്കാവസ്ഥയ്ക്കും ഒരു സവിശേഷ സാമുദായിക പശ്ചാത്തലമുണ്ട് എന്നാണ്. അങ്ങനെയെങ്കിൽ ആ പിന്നോക്കാവസ്ഥയുടെ സവിശേഷ കാരണം എന്തൊക്കെയായിരിക്കണം?

മുന്നോക്കത്തെ പിന്നോക്കമാക്കിയത് ഏതിടപെടലുകൾ?

കേരളത്തിന്റെയോ, ഇന്ത്യയുടെയോ അവസ്ഥ എടുത്താൽ സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പുള്ള കാലത്ത് പൊതുവായ പ്രശ്നങ്ങളല്ലാതെ ഈ മുന്നോക്ക വിഭാഗങ്ങൾക്ക് പിന്നോക്ക വിഭാഗങ്ങളുമായി താരതമ്യം ചെയ്യാവുന്ന ഒരു തരം സാമൂഹ്യമോ, നിയമപരമോ ആയ വിലക്കുകളും ഉണ്ടായിരുന്നില്ല. 1957 മുതൽക്ക് കേരളം പോലെ ചില സംസ്ഥാനങ്ങളിൽ കഥ മാറി. മാറ്റിയത് ഭൂപരിഷ്കരണം പോലെയുള്ള നമ്മൾ മനുഷ്യപക്ഷത്തുനിന്നുള്ള ഒരു വിപ്ളവാത്മകമായ മാറ്റത്തിന്റെ തുടക്കം എന്ന നിലയിൽ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ ചാർത്തുന്ന ചില മുൻകൈകളോടെയാണ്. സമുദായം എന്ന നിലയിൽ മുന്നോക്കക്കാരെ ബാധിച്ച ഭരണപരിഷ്കാരങ്ങൾ ആ പട്ടികയിൽ പെടുന്നതാണ്. അപ്പോൾ മുന്നോക്കക്കാർക്ക് സാമുദായികമായ പിന്നോക്കാവസ്ഥയുണ്ട് എന്ന് സമ്മതിക്കുന്നുവെങ്കിൽ അതിന്റെ ഭൗതീക കാരണങ്ങൾ തുടങ്ങുന്നത് ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭ നടപ്പിലാക്കിയ ഭരണ പരിഷ്കാരങ്ങളിലാണെന്ന്. എന്നുവച്ചാൽ വിമോചന സമരം പോലും  ‘ഒരിത്തിരി’ ശരിയായിരുന്നുവെന്ന്!


Also Read: സവർണ്ണജാതിയിൽപ്പെട്ടവർക്ക് സംവരണം ലഭിക്കുന്ന രാജസ്ഥാനിലെ ഒരു പ്രദേശത്തിന്റെ കഥ


ഇങ്ങനെയൊന്നുമല്ല, ഇതൊന്നുമല്ല എന്ന് പറഞ്ഞാൽ പിന്നെയെന്താണ്? അതിനൊരു മറുപടി  സംവരണത്തോടുള്ള സീ പി എം സമീപനം“ എന്ന വിശേഷണത്തോടെ മുതിർന്ന മാദ്ധ്യമപ്രവർത്തകനും ഇടത് സഹയാത്രികനുമായ ശ്രീ മാധവൻ കുട്ടി നന്ദിലത്ത് പങ്കുവച്ച, ജെ എൻ യു വിദ്യാർത്ഥിയായ  ശ്രീ സുബിൻ ഡെന്നിസ് എഴുതി ദേശാഭിമാനി പ്രസിദ്ധീകരിച്ച  “സംവരണം പിന്നോക്കാവസ്ഥ പരിഹരിക്കാനല്ല എന്ന് വാദിക്കുന്നവരോട്“ എന്ന ലേഖനത്തിലുണ്ട്. ഇതിൽ അദ്ദേഹം വർഗ്ഗ സിദ്ധാന്തത്തെ മുൻ നിർത്തി ഈ വിഷയത്തെ സമീപിക്കുകയും ആ പരിപ്രേക്ഷ്യമുപയോഗിച്ച് സംവരണത്തോടുള്ള സി പി എം നയത്തെ ന്യായീകരിക്കുകയും ചെയ്യുന്നു.

മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവർക്കും സംവരണ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിലൂടെ പാവപെട്ടവർ തമ്മിലുള്ള വർഗ്ഗപരമായ ഐക്യം സാദ്ധ്യമാകുമെന്ന, അല്ലെങ്കിൽ അസാദ്ധ്യമാകുമെന്ന വാദം പറഞ്ഞുവയ്ക്കുന്നത് ദാരിദ്ര്യമായിരുന്നു, സാമ്പത്തിക പിന്നോക്കാവസ്ഥയായിരുന്നു ഇന്ത്യയിലെ ഉച്ചനീചത്വങ്ങളുടെ കാതൽ എന്നാണ്. ഏതാണ്ട് ഇതുതന്നെയാണ്   സംവരണം ഒരു ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയല്ല എന്നത് ഏറെനാളായി കേൾക്കുന്ന ഒരു ക്ളീഷേ ആണെന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന ലേഖനത്തിലൂടെ സുബിൻ ഡെന്നിസ് സ്ഥാപിക്കാൻ ശ്രമിക്കുന്നതും. പക്ഷേ ഇത്തരം വാദങ്ങളിലൂടെ ഇവർ ഫലത്തിൽ റദ്ദ് ചെയ്യുന്നത് കേരളത്തിലെ ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭ തൊട്ട് ചെയ്തുവരുന്ന ജനകീയ സാമൂഹ്യ പരിഷ്കാരങ്ങളുടെ സത്ത ചോർത്തിക്കളയുന്ന പരിപാടിയാണെന്ന് മാത്രം.

ജാതി സംവരണം വർഗ്ഗസിദ്ധാന്തത്തെ അട്ടിമറിക്കുമോ?

പറഞ്ഞുവരുമ്പോൾ ഇത് വർഗ്ഗ സിദ്ധാന്തത്തിന്റെ സർവ്വകാല സാധുതയ്ക്കുമേലുള്ള ഒരു കടന്നുകയറ്റമാണെന്ന നിലയിലാവുന്നു വാദങ്ങൾ. പക്ഷേ മാർക്സെന്നാൽ വർഗ്ഗ സിദ്ധാന്തം മാത്രമല്ല. അദ്ദേഹത്തിന്റെ രീതിശാസ്ത്രം ചരിത്രപരമായ ഭൗതീക വാദമാണ് (ഹിസ്റ്റോറിക്കൽ മെറ്റീരിയലിസം). അതിൽ മാറ്റമല്ലാതെ മറ്റൊന്നും മാറാതെ നിൽക്കുന്നില്ല. ഭൗതീകവാദം ഡോഗ്മാറ്റിസമല്ല, അത് സ്ഥല കാല ബന്ധിയായ ഒരു എമ്പിരിക്കൽ ജ്ഞാന ശാസ്ത്രമാണ്. വസ്തുതാപരമായി മാർക്സിസത്തെ അതിൽനിന്ന് വേർപെടുത്തി കാണാൻ പറ്റില്ല.

എന്നാൽ കമ്യൂണിസ്റ്റ് അനുഭാവി വൃന്ദങ്ങളെ അപഗ്രഥിച്ചുകൊണ്ട് ആനന്ദിനെ പോലെയുള്ളവർ മാർക്സിസത്തെ മതങ്ങൾക്കൊപ്പം നിർത്തി വിശകലനം ചെയ്യുന്നതിനെ അങ്ങനെയങ്ങ് ചോദ്യം ചെയ്യാനുമാവില്ല. മുന്നോക്ക വിഭാഗത്തിലെ പിന്നോക്കത്തിന് സംവരണം എന്ന ആശയത്തെ എങ്ങനെയും വെളുപ്പിച്ചെടുത്തില്ലെങ്കിൽ ഒടുക്കം വർഗ്ഗസിദ്ധാന്തം തകരുകയായിരിക്കും ഫലം എന്ന് ഭയപ്പെടുന്ന തരം അനുഭാവി ബുദ്ധിജീവി വൃന്ദം ചെയ്യുന്നത് അതിന്റെ ഡോഗ്മറ്റൈസേഷനാണ്.

വിമർശനങ്ങൾ

“സമൂഹത്തില്‍ വിവിധ തരത്തിലുള്ള പിന്നോക്കാവസ്ഥയും അസമത്വവും നിലനില്‍ക്കുന്നുണ്ട്. സാമ്പത്തികം, സാമൂഹികം (ജാതി), ലിംഗപരം എന്നിങ്ങനെ. ഇത്തരം അസമത്വങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനു വേണ്ടിയുള്ള നിരവധി നടപടികളില്‍ ഒന്നാണ് സംവരണം.“

(സുബിൻ ഡെന്നിസ് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ നിന്നും)

അതായത് സാമ്പത്തികവും, സാമൂഹ്യവും, ലിംഗപരവുമായ പിന്നോക്കാവസ്ഥകളൊക്കെയും പൊതു സ്വഭാവമുള്ള കുറെ പദ്ധതികളിലൂടെ അതിജീവിക്കാനാവും, അവയിൽ ഒന്നാണ് സംവരണവും എന്ന്. ഇത് ജാതി എന്ന സവിശേഷ ഇന്ത്യൻ യാഥാർത്ഥ്യത്തെ മനസിലാക്കുന്നതിൽ ഇവിടത്തെ ഇടത് ഇന്റെലിജെൻഷ്യ  ആവർത്തിച്ച് പോരുന്ന അക്ഷമതയുടെ മറ്റൊരു ഉദാഹരണമായി മാത്രമേ കാണാനാവു.സാക്ഷാൽ അംബേദ്കർ രചിച്ച അനിഹിലേഷൻ ഓഫ് കാസ്റ്റ് എന്ന ഗ്രന്ഥം മുഴുവൻ വേണ്ട, അതിലെ സോഷ്യലിസ്റ്റ് വിമർശനങ്ങളുടെതായ ഒരു ഖണ്ഡം മാത്രം മതിയാകും പൊതുവായ ക്ഷേമ പദ്ധതികളിലൂടെ പരിഹരിക്കാവുന്ന  പല പ്രശ്നങ്ങളിൽ ഒന്നല്ല ജാതീയമായ പിന്നോക്കാവസ്ഥയെന്ന്. സംവരണം എന്നത് ദാരിദ്ര്യനിർമ്മാർജ്ജനത്തിനുള്ള പല പദ്ധതികളിൽ ഒന്നാണെന്ന തെറ്റിദ്ധാരണയും അതോടെ മാറാവുന്നതേയുള്ളു.

പ്രശ്നം ഇവിടെ അതിന്റെ ഉള്ളടക്കത്തെയും കടന്ന് മൾടിപ്പിൾ ട്രൂത്തിലേക്ക് വരുന്നു എന്നതും ഇടത് സൈദ്ധാന്തിക വാദങ്ങളും അതിനെ ഉൾക്കൊള്ളാൻ നിർബന്ധിതമാകുന്നു എന്നതുമാണ്. വർഗ്ഗ സിദ്ധാന്തത്തെ സ്ഥലകാല ബന്ധിയായ ധൈഷണിക തുടർച്ചകളിൽനിന്ന് മാറ്റി സത്താപരമായി നിലനിർത്താനും അതൊരു വൻ കുറുക്കുവഴിയാണ് താനും.

മാർക്സും വർഗ്ഗ സിദ്ധാന്തവും

കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകാലത്തെ ലോക സാംസ്കാരിക, ധൈഷണിക വ്യാപാരങ്ങളിൽ നിർണ്ണായ സ്വാധീനമായിരുന്ന ഒന്നെങ്കിലും മാർക്സിയൻ ചിന്തയും അതിന്റെ സ്ഥല കാലങ്ങളാൽ പരിമിതപ്പെടുത്തപ്പെട്ട  ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ അതിനെ സാർവ്വകാലിക വിശൂദ്ധിയുള്ള ഒന്ന് എന്ന നിലയ്ക്ക് സമീപിക്കുന്നത് യഥാർത്ഥത്തിൽ മാർക്സിയൻ ചിന്തയുടെ ഭൗതീകവാദപരമായ അടിത്തറയെ തന്നെ നിഷേധിക്കുന്ന ഒന്നായിരിക്കും. എന്നാൽ പ്രവർത്തി തലത്തിൽ നമുക്ക് ഉത്തരാധുനിക കേരളത്തിൽനിന്ന് ലഭിക്കുന്ന മാർക്സിയൻ പഠന മാതൃകകളൊക്കെയും ദൗർഭാഗ്യവശാൽ സത്താപരവും പ്രതിഷ്ഠാപരവുമാണ്. ആശയങ്ങളായാലും, വ്യക്തികളായാലും പ്രതിഷ്ഠകളാക്കിമാറ്റി അവയുടെ സംവാദാത്മക സൃഷ്ടിപരതയെ ഷണ്ഡീകരിക്കുന്നത് ഒരു മുഖ്യ പ്രവണതയായിരിക്കുന്നു. അതിൽനിന്നാണ് ഭൗതിക വാദിയായ, മാറ്റമല്ലാതെ മറ്റൊന്നും സ്ഥിരമല്ലെന്ന് നിരീക്ഷിച്ച മാർക്സ് പോലും അദ്ദേഹത്തിന്റെ ചില ആശയങ്ങളുടെ, ദർശനങ്ങളുടെ ബാദ്ധ്യതയിൽ നിശ്ചലമാക്കപ്പെടുന്നത്.

വ്യവസായവൽക്കരിക്കപ്പെട്ട യൂറോപ്പിനെ അനുഭവതലത്തിൽ മാതൃകയായെടുത്ത് അതിനെ ലഭ്യമായ അറിവിന്റെ ശ്രോതസ്സുകളും തന്റെ മൗലീക യുക്തിയും ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഒന്നാണ് മാർക്സിന്റെ ലോക വീക്ഷണം. അതിന്റെ ഭാഗമാണ് വർഗ്ഗ സിദ്ധാന്തവും. എന്നുവച്ചാൽ അത് അടിസ്ഥാനപരമായി യൂറോപ്യനാണ്. അത് ഒരു വ്യക്തിയെന്ന നിലയിൽ മാർക്സിന്റെ പരിധിയായിരുന്നില്ല, ലോകത്തിന്റെ പരിധിയായിരുന്നു അഥവാ സ്ഥലകാല ബന്ധിയായി ചരിത്രം നിർണ്ണയിക്കുന്ന വ്യക്തിഗത ചിന്തയുടെ ഒരു ഇലാസ്റ്റിസിറ്റിയുണ്ട്. അതിനെ അതിജീവിക്കുന്ന ഒരു വ്യക്തിഗത പ്രതിഭയില്ല എന്ന് ചുരുക്കം.

നരവംശശാസ്ത്രം ഒരു അറിവിന്റെ ശാഖയെന്ന നിലയിൽ ഇത്രത്തോളം വികസിച്ചിട്ടില്ലാത്ത ഒരു കാലം എന്ന നിലയിൽ മാർക്സ് തന്റെ വർഗ്ഗ സിദ്ധാന്തം രൂപപ്പെടുത്തുമ്പോൾ ഇന്ത്യയിലെപ്പോലെ സവിശേഷമായ പൗരസ്ത്യ സാമൂഹ്യ ഘടനകളെക്കുറിച്ചദ്ദേഹത്തിന് പരിമിതമായ ധാരണകളെ കാണാൻ വഴിയുള്ളു എന്ന് ഊഹിക്കാം. അത് അദ്ദേഹത്തിന്റെ പരിമിതിയല്ല, കാലത്തിന്റെയാണ് താനും.

ഉദാഹരണത്തിന് ഏംഗൽസ് രചിച്ച ‘ഒറിജിൻ ഓഫ് ഫാമിലി, പ്രൈവറ്റ് പ്രോപ്പർട്ടി ആൻഡ് സ്റ്റേറ്റ് എന്ന പുസ്തകം എടുക്കുക. പ്രാചീനമനുഷ്യന്റെ ചരിത്രത്തെ സാവേജറി, ബാർബേറിസം, സിവിലൈസേഷൻ എന്നിങ്ങനെ മുന്ന് ഘട്ടങ്ങളായി ക്രമപ്പെടുത്തിയത് പ്രശസ്ത അമേരിക്കൻ ആന്ത്രപ്പോളജിസ്റ്റായ ലൂയി എച്ച് മോർഗനാണെന്ന് കരുതപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ‘ഏൻഷ്യന്റ് സോസൈറ്റി’ എന്ന പുസ്തകം നരവംശ ശാസ്ത്രത്തിന്റെ വികാസചരിത്രത്തിലെ നിർണ്ണായകമായ ഒരു ഏടായിരുന്നു. പ്രസ്തുത പുസ്തകത്താൽ പ്രചോദിതനായി മാർക്സ് എഴുതിയ ചില കുറിപ്പുകൾ അദ്ദേഹത്തിന്റെ മരണാനന്തരം തനിക്ക് ലഭിക്കുകയും മാർക്സ് പൂർത്തിയാക്കാതെ പോയ ഒരു ഉദ്യമം എന്ന നിലയിൽ  അവയെ ഏറ്റെടുത്ത്  അവയെയും, മോർഗന്റെ കൃതിയിലെ നിരീക്ഷണങ്ങളെയും സ്വന്തം ഗവേഷണ പഠനങ്ങളിലൂടെ ആർജ്ജിച്ച അറിവുകളെയും ക്രോഡീകരിച്ചുകൊണ്ട്  രചിച്ചതാണ് പ്രസ്തുത ഗ്രന്ഥമെന്ന് ഏംഗൽസ് അതിന്റെ മുഖവുരയിൽ പറയുന്നുണ്ട്. ഇതിൽനിന്ന് ഒരുകാര്യം വ്യക്തമാകുന്നു. ഒരു അറിവിന്റെ ശാഖയെന്ന നിലയിൽ നരവംശ ശാസ്ത്രവുമായി വേണ്ടത്ര പരിചയപ്പെടുന്നതിന് മുമ്പാണ് അദ്ദേഹം തന്റെ വർഗ്ഗ സിദ്ധാന്തം രൂപീകരിച്ചതെന്ന്.

ഒരുപക്ഷേ ഏതാനും പതിറ്റാണ്ടുകൾ കൂടി പൂർണ്ണ ആരോഗ്യവാനായി അദ്ദേഹത്തിന് ജീവിക്കുവാനായിരുന്നുവെങ്കിൽ വർഗ്ഗ സിദ്ധാന്തം ഇന്ന് നിലവിലുള്ള അവസ്ഥയിൽ തുടരുമായിരുന്നുവോ എന്നതും ചിന്തനീയം.ഇത്രയും പറഞ്ഞുവന്നത് യാതൊരുവിധ തിരുത്തുകൾക്കോ, കൂട്ടിച്ചേർക്കലുകൾക്കോ ഇടമില്ലാത്തവണ്ണം അന്തിമവും ഭദ്രവുമായ ഒരു സിദ്ധാന്തമായി അതിനെ കാണേണ്ടതില്ല എന്ന് സൂചിപ്പിക്കാനാണ്.

വർഗ്ഗസിദ്ധാന്തം ഞങ്ങളുടെ കോട്ട

മാർക്സിയൻ ബ്രഹദാഖ്യാനങ്ങളെ നേരിടാനായി ചരിത്രത്തെവരെ കൊന്ന ഉത്തരാധുനിക ആഖ്യാനപരിസരത്തുനിന്ന് അവർ, എന്നുവച്ചാൽ മാർക്സിസ്റ്റ് വിരുദ്ധതയുടെ മാത്രമായ ഉത്തരാധുനികത നിർമ്മിച്ച ഉപകരണങ്ങൾ വച്ചാണ് ഇന്ന് സി പി എം നിലപാടുകൾ അതിന്റെ ബുദ്ധിജീവികൾ വ്യാഖ്യാനിക്കുന്നതെന്നത് സങ്കടകരം മാത്രമാണ്. സ്വത്വ വാദം എന്നത് പോലെ സത്താവാദവും ആധുനികമല്ല, മാർക്സിയനുമല്ല. വർഗ്ഗ സിദ്ധാന്തമെന്ന ഒരു ഏകകത്തിന് ചുറ്റുമാണ് മാർക്സിസം പണികഴിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നും അതിൽ നിന്ന് സത്താപരമായ ഏതൊരു വ്യതിയാനവും അതിനെ സ്വയം റദ്ദ് ചെയ്യുമെന്നും അതോടെ മാർക്സിസ്റ്റ് സ്വത്വവും ഒപ്പം റദ്ദ് ചെയ്യപ്പെടുമെന്നും തോന്നിപ്പിക്കുംവിധം ഒരു അരക്ഷിതാവസ്ഥയാണ് ഇവിടെ ചില മാർക്സിസ്റ്റുകളിൽ കാണുന്നത്.

വർഗ്ഗ സിദ്ധാന്തം ഉല്പാദന വ്യവസഥയെയും അതിൽനിന്ന് ഉദ്ഭവിക്കുന്ന സാമ്പത്തിക ഉച്ചനീചത്വങ്ങളെയും ലോകത്തെ എല്ലാ അസമത്വങ്ങൾക്കും കാരണമായി വീക്ഷിക്കുകയും അതുകൊണ്ട് തന്നെ വർഗ്ഗ സമരം വിജയിക്കുന്നതോടെ അസമത്വങ്ങളുടെ വിവിധ സ്ഥാപനങ്ങൾ ഒക്കെയും ഒരുമിച്ച് ഇല്ലാതാവുകയും ചെയ്യും എന്ന അതിന്റെ യാന്ത്രികവും, സത്താപരവുമായ വായന പുതിയ കാര്യമൊന്നുമല്ല. എന്നാൽ അതിൽനിന്ന് മുമ്പോട്ട് പോകാനുള്ള ശ്രമങ്ങൾ കേരളത്തിലെ മാർക്സിസ്റ്റ് ബുദ്ധിജീവികളിൽനിന്ന് തന്നെ ഉണ്ടായിട്ടുണ്ട് താനും. അത്തരം ശ്രമങ്ങളുടെ ചരിത്രപരമായ പ്രസക്തി അതിന്റെ ഉത്തുംഗത്തിൽ നിൽക്കുമ്പോഴാണ് കേവല സത്താവാദപരമായ ഇത്തരം സൈദ്ധാന്തിക റിവേഴ്സ് ഗിയറുകൾ പൊടുന്നന്നേ വന്ന് വീഴുന്നത്.

അംബേദ്കറിന്റെ ചിന്താമണ്ഡലം ജാതി വ്യവസ്ഥ എന്ന ഇന്ത്യൻ ചൂഷണവ്യവസ്ഥയുടെ കാര്യ, കാരണ, പരിഹാര നിർദ്ദേശങ്ങളിൽ കേന്ദ്രീകരിക്കുന്ന ഒന്നാണെന്ന് പറയാം, ആദ്യം കണ്മുമ്പിൽ കാണുന്ന പ്രത്യക്ഷവും പ്രദേശികവുമായ വ്യവസ്ഥയുടെ കാര്യ കാരണങ്ങളെ ഒരു ചരടിൽ ഘടിപ്പിച്ചിട്ട് മതി അതിനെ ലോകമെന്ന വലിയ ക്യാൻവാസിലേയ്ക്ക് പകർത്തേണ്ടുന്നത് എന്നും അദ്ദേഹം കരുതിയിരിക്കാം. മാർക്സാവട്ടെ പ്രത്യക്ഷമായതിന്റെ പരിധികളിൽനിന്ന് പ്രപഞ്ച സത്തയെ സൃഷ്ടിക്കുക എന്ന യുക്തിചിന്തയിൽ അധിഷ്ഠിതമായ തത്വ ചിന്തകരിൽ, എമ്പെരിക്കൽ അപഗ്രഥന രീതിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഒരാളും. ചരിത്രപരമായ ഭൗതീക വാദം എന്നത് എമ്പെരിസിസത്തിൽനിന്ന് ഏറെ വേർപെട്ട ഒന്നല്ല എന്ന് മനസിലാക്കുക ശ്രമകരമല്ല. അതായത് ആധുനികാനന്തര  പദാവലികൾ ഉപയോഗിച്ച് പറഞ്ഞാൽ അംബേദ്കർ ഒരു ആക്ടിവിസ്റ്റ് തത്വചിന്തകനും മാർക്സ് ഒരു തത്വ ചിന്തകനായ ആക്റ്റിവിസ്റ്റുമായിരുന്നെന്ന് പറയാം. എന്നാൽ ഇവർ തമ്മിലുള്ള അകലത്തിലുപരി അടുപ്പത്തെ മനസിലാക്കുകയും അതിനെ ധനാത്മകമായി വികസിപ്പിക്കുകയുമാണ് കാലഘട്ടത്തിന്റെ ആവശ്യം.

സമീപ ഭൂതകാലത്ത് പോലും കടുത്ത ഇടതുപക്ഷ വിരുദ്ധ നിലപാടുകൾ പുലർത്തിയിരുന്ന കാഞ്ചാ ഏലയ്യയെപോലുള്ള ദളിത് ബുദ്ധിജീവികൾ, ഇന്ന് സത്താപരമായ എതിർപ്പുകളിലുപരി വിശാലമായ ഒരു സംഗമമാണ് കാലഘട്ടം ആവശ്യപ്പെടുന്നത് എന്നത് അംഗീകരിച്ചുകൊണ്ട്  സംഘികാല ഫാസിസമുണർത്തുന്ന വിശാല വെല്ലുവിളികളുടെ പോർമുഖത്ത് കമ്യൂണിസ്റ്റുകളുമായി തോൾചേർന്ന് പ്രതിരോധം തീർക്കുകയാണ്. ഇതിനൊപ്പം വേണം ജിഗ്നേഷ് മേവാനിയെ പോലെയുള്ളവർ ഇന്നിന്റെ പ്രശ്നങ്ങളിൽ ജാതിവ്യവസ്ഥ ഉണ്ടാക്കിയ അസമത്വങ്ങൾക്കൊപ്പം മുതലാളിത്ത വ്യവസ്ഥ ഉണ്ടാക്കിയവയെയും അഭിസംബോധന ചെയ്യണമെന്ന് പറയുന്നത്. അതിനെയും ജാതിസംവരണത്തിൽ കൊണ്ട് കെട്ടുന്ന തരം യാന്ത്രികമായ വർഗ്ഗ സിദ്ധാന്ത വിശകലനം ഇനിയും വേണമോ എന്ന് സി പി എമ്മിന് ഒരു സംഘടന എന്ന നിലയിൽ തീരുമാനിക്കാം, തുടരാം. പക്ഷെ മാർക്സിനെ വിട്ട് പിടിക്കണമെന്ന് മാത്രം. കാരണം ആശയപരമായ ജൈവ തുടർച്ചകളിൽ പിതൃത്വതർക്കങ്ങൾക്ക് സമാനമായ ഡി എൻ ഏ  അവകാശവാദങ്ങൾക്കും ടെസ്റ്റുകൾക്കും സ്ഥാനമില്ല. എന്നുവച്ചാൽ സത്താവാദത്തിനൊക്കെ ഒരുപരിധിയുണ്ടെന്ന്.