കശ്മീര്‍ താഴ്‌വര വീണ്ടും അശാന്തിയിലേക്ക്, സംഘര്‍ഷം രൂക്ഷം, ഒരാള്‍ കൊല്ലപ്പെട്ടു, നിഴല്‍യുദ്ധം അവസാനിപ്പിക്കണമെന്ന് പാക്കിസ്താനോട് ഇന്ത്യ

single-img
28 May 2017

ശ്രീനഗര്‍: ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയായി പ്രവര്‍ത്തിച്ചുവന്ന സബ്‌സര്‍ അഹ്മദ് ഭട്ട് അടക്കം എട്ടുപേരെ സൈന്യം വധിച്ചതില്‍ പ്രതിഷേധിച്ച് കശ്മീര്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഭട്ട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത സ്ഥിരീകരിച്ചതു മുതല്‍ കശ്മീരിലെ പുല്‍വാമ, ഷോപിയാന്‍, അനന്ത്‌നാഗ്, സോബോര്‍, കുപ് വാര, ശ്രീനഗര്‍ എന്നീ പ്രദേശങ്ങളിലെല്ലാം ജനങ്ങളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധങ്ങളെല്ലാം സര്‍ക്കാര്‍ വിച്ഛേദിച്ചിട്ടുണ്ട്. രണ്ട് ദിവസത്തേക്ക് കടകളടച്ചിടാന്‍ വിഘടനവാദികളും ആഹ്വാനം ചെയ്തിട്ടുണ്ട്.

 

കഴിഞ്ഞ ജൂലൈയില്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടപ്പോള്‍ ആളിക്കത്തിയ പ്രക്ഷോഭത്തിെന്റ തീയണക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം. ഏറ്റുമുട്ടലുകളെ നിയമവിധേയമല്ലാത്ത കൂട്ടക്കൊല എന്നാണ് പാകിസ്താന്‍ വിശേഷിപ്പിച്ചത്. നിസ്സഹായരായ കശ്മീരികളെ ഇന്ത്യ ദയാരഹിതമായി കൊന്നൊടുക്കുകയാണെന്നും ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടു. തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കി കശ്മീരില്‍ പാകിസ്താന്‍ നടത്തുന്ന നിഴല്‍യുദ്ധം അവസാനിപ്പിക്കണമെന്ന് ഇന്ത്യയും തിരിച്ചടിച്ചു.