കശ്മീരിലെ നിഴൽ യുദ്ധങ്ങൾ നേരിടാന്‍ പുതിയ തന്ത്രങ്ങള്‍ ആവശ്യമാണ്; മനുഷ്യ കവചം തീര്‍ത്തതിനെ ന്യായീകരിച്ച് കരസേനാ മേധാവി

single-img
28 May 2017

കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട സൈന്യത്തിന്റെ നടപടിയെ ന്യായീകരിച്ച് കരസേനാ മേധാവി. ജമ്മു കശ്മീരിലെ വൃത്തിക്കെട്ട യുദ്ധത്തിനെതിരെ പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കേണ്ടത് ആവശ്യമായി വരുമെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു. ജനം കല്ലും പെട്രോള്‍ ബോംബും വലിച്ചെറിയുമ്പോള്‍ സൈനികരോടു ‘കാത്തിരിക്കൂ, മരിക്കൂ’ എന്നെനിക്കു പറയാനാവില്ല. ജമ്മു കശ്മീരിലെ സുരക്ഷ സങ്കീര്‍ണമായ പ്രശ്‌നമാണ്. പ്രതിഷേധക്കാര്‍ കല്ലെറിയുന്നതിനു പകരം ആയുധമെടുത്ത് ആക്രമിച്ചിരുന്നെങ്കില്‍ സേനാമേധാവിയെന്ന നിലയില്‍ സന്തോഷമായെനെയെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

സൗഹൃദത്തോടെയാണ് സേന ജനങ്ങളോടു പെരുമാറുന്നത്. സൈന്യം ക്രമസമാധാനപാലനം നടത്തുമ്പോള്‍ ജനം ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു സംസാരിക്കുമ്പോഴാണ് യുവാവിനെ മനുഷ്യകവചമാക്കിയ സംഭവത്തെ അദ്ദേഹം ന്യായീകരിച്ചത്. ബഡ്ഗാമിലെ ഖാന്‍സാഹിബ് നിവാസിയായ ഫാറൂഖ് അഹമ്മദ് ധര്‍ എന്ന യുവാവിനെ ഏപ്രില്‍ ഒന്‍പതിനു തിരഞ്ഞെടുപ്പു ദിവസമാണു സേനാവാഹനത്തിനു മുന്നില്‍ കെട്ടിയിട്ടത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.