ഏതു വെല്ലുവിളിയും നേരിടാന്‍ ഇന്ത്യന്‍സേന തയ്യാറെന്ന് അരുണ്‍ ജയ്റ്റ്‌ലി, നിയന്ത്രണരേഖ ഇന്ത്യന്‍ സൈന്യത്തിന്റെ കയ്യില്‍ തന്നെ

single-img
28 May 2017

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും ഇന്ത്യന്‍ സൈന്യത്തിനാണ് ആധിപത്യമെന്നും ഏതുതരത്തിലുള്ള സുരക്ഷാവെല്ലുവിളിയും നേരിടാന്‍ ഇന്ത്യന്‍സേന പൂര്‍ണസജ്ജരാണെന്നും പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. കശ്മീരില്‍ എപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയെന്നതു പാക്കിസ്ഥാന്റെ ആവശ്യമാണ്. എങ്കിലും, പാക്കിസ്ഥാനുമായി സമാധാന ചര്‍ച്ചകള്‍ക്കുള്ള അവസരം ഇന്ത്യ സ്ഥിരമായി സൃഷ്ടിക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു.

 

കല്ലേറില്‍ നിന്നും രക്ഷപ്പെടാന്‍ കശ്മീരി യുവാവിനെ ജീപ്പിനുമുന്നില്‍ കെട്ടിയിട്ട് മനുഷ്യകവചമായി ഉപയോഗിച്ച സൈനിക ഓഫിസറുടെ നടപടിയെ ജയ്റ്റ്‌ലി പിന്തുണയ്ക്കുകയും ചെയ്തു. സംഭവസ്ഥലത്തെ യാഥാര്‍ഥ്യം മനസിലാക്കിയാണ് സൈനികന്‍ അത്തരമൊരു നടപടിയെടുത്തതെന്ന് ജയ്റ്റ്‌ലി പറഞ്ഞു. നുഴഞ്ഞുകയറ്റം തടയാനുള്ള എല്ലാ നടപടികളും സൈന്യം സ്വീകരിക്കുന്നുണ്ട്. രണ്ട് ഇന്ത്യന്‍ സൈനികരുടെ തലയറുത്തു മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ പാക്കിസ്ഥാന്‍ വലിയ വിലനല്‍കേണ്ടിവരുമെന്നും പ്രതിരോധമന്ത്രി മുന്നറിയിപ്പുനല്‍കി.

 

പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ക്കുള്ള അവസരം ഇന്ത്യ ഒരുക്കിയിട്ടുണ്ട്. എന്നാല്‍, പഠാന്‍കോട്ട് വ്യോമസേനാതാവളവും ഉറി സൈനിക ബേസും ആക്രമിക്കുകയാണ് അവര്‍ ചെയ്തത്. നമ്മുടെ സൈന്യം പൂര്‍ണമായി തയാറായിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ സാധിക്കില്ല. എന്നാല്‍, ഒരു കാര്യം ഉറപ്പു പറയാനാകും. നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമാണ്. നുഴഞ്ഞുകയറ്റം പൂര്‍ണമായും തടയുകയാണ് സൈന്യത്തിന്റെ മുഖ്യപരിഗണനയെന്നും ജയ്റ്റ്‌ലി പറഞ്ഞു.