പത്തനാപുരം ഗാന്ധിഭവനില്‍ ഗുണ്ടാ വിളയാട്ടം, ചുറ്റുമതില്‍ തകര്‍ത്തു

single-img
28 May 2017

കൊല്ലം: പത്തനാപുരം ഗാന്ധിഭവനുനേരെ ഗുണ്ടകളുടെ അക്രമണം. ഗാന്ധിഭവന് വേണ്ടി പുതുതായി നിര്‍മ്മാണം നടക്കുന്ന രണ്ടേകാല്‍ ഏക്കര്‍ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന ചുറ്റുമതില്‍ ഗുണ്ടകള്‍ തകര്‍ത്തു. കോമ്പൗണ്ടിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഗാന്ധിഭവന്‍ ചില്‍ഡ്രണ്‍സ് ഹോമിലെ കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു അക്രമണം. ഇന്നലെ വൈകുന്നേരം നടന്ന അക്രമത്തെക്കുറിച്ച് അപ്പോള്‍ത്തന്നെ പോലീസിനെ വിവരം അറിയിച്ചെങ്കിലും അക്രമികള്‍ പിരിഞ്ഞുപോയതിനുശേഷമാണ് പോലീസ് എത്തിയത്. കുട്ടികള്‍, വൃദ്ധര്‍, അംഗപരിമിതര്‍, ഭിന്നശേഷിക്കാര്‍, മനോരോഗികള്‍, പാലിയേറ്റീവ് രോഗികള്‍ തുടങ്ങി ആയിരത്തിലധികം പേരാണ് ഇവിടെ താമസിക്കുന്നത്.

ഗാന്ധിഭവന്റെ പ്രധാന കോമ്പൗണ്ടിനോടു ചേര്‍ന്നുള്ള ഭൂമിയില്‍ പൈപ്പും ഷീറ്റും ഉപയോഗിച്ച് നിര്‍മ്മാണം ആരംഭിച്ച അതിര്‍ത്തി ചുമര്‍ രണ്ടുദിവസം മുന്‍പ് കുഴിച്ചിട്ട പൈപ്പുകള്‍ ഉള്‍പ്പെടെ കൈയ്യടക്കുകയും കടത്തുകയും ചെയ്തതിനു തൊട്ടുപിറകെയാണ് ശനിയാഴ്ച ചുറ്റുമതില്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടത്. കുണ്ടയം ആസ്ഥാനമായ ഗുണ്ടാസംഘത്തിന്റെ ശല്യം ഉണ്ടായപ്പോഴൊക്കെ പോലീസിനു പരാതി നല്‍കിവരുന്നുണ്ടെങ്കിലും മണല്‍ കള്ളക്കടത്തു തലവന്‍ കൂടിയായ ഗുണ്ടാനേതാവിനെയും വിരിലിലെണ്ണാവുന്ന സംഘങ്ങളേയും അറസ്റ്റുചെയ്യാന്‍ പോലീസിന്റെ ഭാഗത്തുനിന്നും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.

അക്രമം നടത്തിയവര്‍ കഴിഞ്ഞ നാലുമാസങ്ങളായി ഗാന്ധിഭവന്റെ പ്രവര്‍ത്തനങ്ങളെ പലവിധത്തില്‍ ശല്യപ്പെടുത്തി വരുകയായിരുന്നു. ഗാന്ധിഭവനിലേക്കുവരുന്ന സന്ദര്‍ശകരെ വഴിതടയുക, വാഹനങ്ങള്‍ ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തി തിരിച്ചുവിടുക, ജീവനക്കാരെ തെറിവിളിക്കുക, ഗാന്ധിഭവനെതിരെ ഫ്‌ളക്‌സ്, പോസ്റ്ററുകള്‍ സ്ഥാപിച്ച് അപവാദപരമായും അപകീര്‍ത്തിപരമായും ദുഷ്പ്രചരണങ്ങള്‍ നടത്തുക എന്നിവയും നടത്തിവരുന്നുന്നതായി നടത്തിപ്പുകാര്‍ പറഞ്ഞു. ഇതേതുടര്‍ന്ന് ഗാന്ധിഭവനത്തിലെ ആയിരത്തിലധികം വരുന്ന കുടുംബാംഗങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ഗുണ്ടാസംഘത്തിന്റെ അക്രമം ഇന്നലെ വീണ്ടും ഉണ്ടാക്കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ ഇ വാര്‍ത്തയോടു പറഞ്ഞു.

‘ഗാന്ധിഭവനുസമീപമുള്ള കല്ലടയാറ്റില്‍ നിന്ന് മണല്‍ ഊറ്റിയെടുത്ത് വില്‍പന നടത്തുന്ന യു. നൗഷാദ്, ലത സി നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് ഇതിനെല്ലാം പിന്നിലെന്ന് ഗാന്ധിഭവന്‍ പത്തനാപുരം പോലീസില്‍ സമര്‍പ്പിച്ച പരാതികയില്‍ പറയുന്നത്. അക്രമികളുടെ തലവന്‍ നിരവധി തവണ ഗാന്ധിഭവനില്‍ വന്‍ തുകകള്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തയതായും നടത്തിപ്പുകാര്‍ പറയുന്നു.