ദേശീയ വിമാനക്കമ്പനി എന്ന പരിഗണനയില്ല, എയര്‍ ഇന്ത്യയുടെ ഓഹരി വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

single-img
28 May 2017

ന്യൂഡല്‍ഹി: നഷ്ടത്തിലായ എയര്‍ ഇന്ത്യക്ക് പ്രധാന ഓഹരി ഉടമകളെ കണ്ടെത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് എല്ലാ വഴികളും ആരായുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എയര്‍ ഇന്ത്യയുടെ ഭാവി സംബന്ധിച്ച സര്‍ക്കാരില്‍ നിന്ന് പുറത്തു വരുന്ന ആദ്യ പ്രതികരണമാണിത്.

നിലവില്‍ എയര്‍ ഇന്ത്യക്ക് 14% വില്‍പ്പന ഓഹരിയും 50,000 കോടിയുടെ കടവുമാണ് ഉള്ളത്. സ്വകാര്യ കമ്പനികളായ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍, ജെറ്റ് എയര്‍വേസ് തുടങ്ങിയ വിമാന കമ്പനികള്‍ ലാഭം കൊയ്യുമ്പോഴും എയര്‍ ഇന്ത്യ 50,000 കോടിയുടെ നഷ്ടത്തിലാണ് മുമ്പോട്ട് പോകുന്നത്. ഈ സാഹചര്യത്തില്‍ ഈ നഷ്ടം നികത്താന്‍ സര്‍ക്കാര്‍് തന്നെ ഇതിനെ ഏറ്റെടുക്കുന്നതെന്തിനെന്ന് അരുണ്‍ ജെയ്റ്റലി ചോദിച്ചു.

സര്‍ക്കാരിന്റെ പണം ജനങ്ങങ്ങളുടെ പണമാണെന്നും ഈ പണം വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൂരദര്‍ശന്‍ പാനല്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്. എയര്‍ ഇന്ത്യയുടെ ഓഹരി വില്‍ക്കുന്ന സംബന്ധിച്ച ഇടപാടുകളെ പറ്റി ചോദിച്ചപ്പോള്‍ മികച്ച നേതൃത്വം മുമ്പോട്ട് വരികയാണെങ്കില്‍ സര്‍ക്കാര്‍ ഓഹരി വില്‍ക്കുന്നത് സംബന്ധിച്ച് തീരുമാനം പരിഗണിക്കുമെന്ന് ജയ്റ്റ്‌ലി മറുപടി പറഞ്ഞു.

എയര്‍ ഇന്ത്യയുടെ ഇപ്പോഴത്തെ നഷ്ടം 50,000 കോടിയാണ് എയര്‍ ഇന്ത്യ വിമാനത്തിന്റെ മൊത്തവില 25,000 കോടിയും കൂടാതെ വിലകല്‍പ്പിക്കപ്പെടുന്ന വസ്തുക്കളായി കണക്കാക്കപ്പെടുന്നവ വേറെയും. ഈ അവസരത്തിലാണ് എയര്‍ ഇന്ത്യയെ രക്ഷിക്കാനുള്ള എല്ലാ വഴികളും സിവില്‍ ഏവിയേഷന്‍ വകുപ്പ് ആരായുന്നത്. വിമാനയാത്രയുമായി ബന്ധപ്പെട്ട് 86% കൈകാര്യം ചെയ്യുന്നത് സ്വകാര്യ മേഖലയാണ് . ഈ സാഹചര്യത്തില്‍ 100% അവര്‍ക്കു കൈമാറുന്നതില്‍ തെറ്റില്ലെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.