ട്രംപിന് വീണ്ടും നാവ് പണികൊടുത്തു; ജര്‍മനിക്കാര്‍ മോശക്കാരെന്ന പ്രസതാവന തിരിഞ്ഞുകൊത്തുന്നു

single-img
27 May 2017

അമേരിക്കയും ജര്‍മനിയും തമ്മിലുള്ള ബന്ധത്തില്‍ ശക്തമായ വിള്ളല്‍ വീഴ്ത്തി ട്രംപിന്റെ പുതിയ പ്രസ്താവന. ജര്‍മനിക്കാര്‍ വളരെ മോശക്കാരാണെന്ന് ട്രംപ് പറഞ്ഞതായാണ് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. അമേരിക്കയും ജര്‍മനിയുമായുള്ള സഖ്യം വിപുലപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് പുതിയ വിവാദം പുറത്തു വന്നിരിക്കുന്നത്.

.’ജര്‍മനിക്കാര്‍ മോശക്കാരാണ്. അമേരിക്കയില്‍ ഓടുന്ന ലക്ഷക്കണക്കിന് ജര്‍മന്‍ കാറുകളെ നോക്കൂ, നമുക്ക് ഇത് അവസാനിപ്പിക്കണം’ എന്നായിരുന്നു ട്രംപിന്റെ പ്രസ്താവനയെന്നാണ് സ്രോതസ്സ് വെളിപ്പെടുത്താതെ ജര്‍മനിയിലെ പ്രമുഖ മാധ്യമ സ്ഥാപനമായ സ്പീഗെല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബെല്‍ജീയം തലസ്ഥാനമായ ബ്രസല്‍സില്‍ യൂറോപ്പിയന്‍ യൂണിയന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്കിടയിലായിരുന്നു ട്രംപിന്റെ പ്രസ്താവന. അടച്ചിട്ട മുറിയിലായിരുന്നു ട്രംപ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തിയത്.

ട്രംപിന്റെ പ്രസ്താവന ജര്‍മനിയില്‍ വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്. മാധ്യമങ്ങളിലൂടെ വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ട്രംപിന്റെ വൈകാരികമായ സംരക്ഷണ നിലപാട് അദ്ദേഹത്തെ പരാജിതനാക്കി തീര്‍ക്കുമെന്ന് ഒരു ജര്‍മന്‍ വ്യവസായ ഗ്രൂപ്പ് തിരിച്ചടിച്ചു. എന്നാല്‍ എന്താണ് ട്രംപ് പറഞ്ഞതെന്ന കാര്യത്തില്‍ അവ്യക്തയുണ്ട്. ഒദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും വൈറ്റ് ഹൌസ് ഇക്കാര്യത്തില്‍ നല്‍കിയിട്ടില്ല. ജര്‍മനിക്കാര്‍ മോശക്കാരാണെന്ന തരത്തില്‍ ട്രംപ് പ്രസ്താവന നടത്തിയെന്ന വാര്‍ത്തയെ യൂറോപ്പിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് നിഷേധിച്ചു.