രാജ്യത്ത് ഭീകരാക്രമണ സാധ്യത: 20 പേരടങ്ങുന്ന ഭീകരസംഘം ഇന്ത്യയില്‍ എത്തിയെന്ന് സൂചന

single-img
27 May 2017

ന്യൂഡല്‍ഹി: രാജ്യത്തെ മെട്രോനഗരങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബ രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിടുന്നെന്നാണ് ഇന്റലിജന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. രാജ്യത്തെ വന്‍ നഗരങ്ങളായ ഡല്‍ഹിയിലും മുംബൈയിലും പഞ്ചാബിന്റെയും രാജസ്ഥാന്റെ അതിര്‍ത്തി പ്രദേശങ്ങളിലുമാണ് ആക്രമണത്തിന് സാധ്യത.

20 പേരടങ്ങുന്ന തീവ്രവാദികളുടെ സംഘം പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ എജന്‍സിയുടെ കണ്ടെത്തല്‍. ചെറു സംഘങ്ങളായി ഇവര്‍ ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്‍ ഇന്റര്‍സര്‍വീസ് ഇന്റലിജന്‍സ് പരിശീലനം ലഭിച്ചവരാണ് ഇവരെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.

ഭീകരാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് മെട്രോ നഗരങ്ങള്‍ ജാഗ്രതയിലാണ്. റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ടൂറിസ്റ്റുകള്‍ കൂടുതലായി എത്തുന്ന മേഖലകള്‍, സ്റ്റേഡിയങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.