ശ്രീലങ്കയിലേക്ക് സഹായഹസ്തവുമായി ഇന്ത്യന്‍ നാവിക സേന; അവശ്യസാധനങ്ങള്‍ നല്‍കും

single-img
27 May 2017

ന്യൂഡല്‍ഹി: ശക്തമായ കാറ്റിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്ന ശ്രീലങ്കയിലേക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ നാവിക സേനയെ അയച്ചു. ശക്തമായ മഴയിലും മണ്ണിടിച്ചിലിലും 91 പേരാണ് ശ്രീലങ്കയില്‍ മരിച്ചത്. 110 പേരെ കാണാതാകുകയും ചെയ്തു. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

ഐഎന്‍എസ് കിര്‍ച്ച്, ഐഎന്‍എസ് ശര്‍ദുള്‍, ഐഎന്‍എസ് ജലഷ്വാന്‍ തുടങ്ങിയ കപ്പലുകളാണ് ശ്രീലയിലേക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അയക്കുന്നത്. ഐഎന്‍എസ് കിര്‍ച്ച് ഉടന്‍ കൊളംബോയില്‍ എത്തിച്ചേരുമെന്ന് അധികൃതര്‍ അറിയിച്ചു. കപ്പലില്‍ മെഡിക്കല്‍ സംഘവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഹെലികോപ്ടറുകളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ശ്രീലങ്കയുടെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്താണ് മഴ ദുരന്തം വിതച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് രത്‌നാപുരയിലായിരുന്നു. കലു നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് ഇവിടുത്തെ പ്രധാന ടൗണ്‍ വെള്ളത്തിനടിയിലായി. മഴയിലും മഞ്ഞിടിച്ചിലിലും വീടുകള്‍ നശിച്ചു. 20,000 പേരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റി.