അഴിമതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ പൊതുസമൂഹം അംഗീകരിച്ചെന്ന് പിണറായി, അഴിമതിക്കെതിരായ നിലപാട് കൂടുതല്‍ ശക്തമാക്കും

single-img
27 May 2017

തിരുവനന്തപുരം: അഴിമതിക്കെതിരായ നിലപാട് കൂടുതല്‍ ശക്തമാക്കി സര്‍ക്കാര്‍ മുന്നാട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ പത്രദൃശ്യ മാധ്യമങ്ങളുടെയും വാര്‍ത്താ ഏജന്‍സികളുടെയും എഡിറ്റര്‍മാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ പൊതുസമൂഹം അംഗീകരിച്ചിട്ടുണ്ട്. സര്‍ക്കാരിനെ പല പ്രശ്‌നങ്ങളിലും വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍, അഴിമതിയുടെ ഒരു പ്രശ്‌നവും ഇതുവരെ ഉന്നയിച്ചിട്ടില്ല. അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത സര്‍ക്കാര്‍ നിലപാട് ജനങ്ങള്‍ അംഗീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ മാധ്യമങ്ങള്‍ പൊതുവെ ക്രിയാത്മകമായാണ് പ്രതികരിച്ചത്. വിമര്‍ശിച്ചവര്‍ തന്നെ, പല പ്രശ്‌നങ്ങളിലും സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി മാനിച്ച് പിന്തുണയ്ക്കുയും ചെയ്തു. ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തി പത്രങ്ങള്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗങ്ങളിലും ക്രിയായ്മകമായ സമീപനമാണ് കണ്ടത്. അത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണയായിട്ടാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ പ്രധാന നദികള്‍ ശുദ്ധീകരിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വ്യവസായങ്ങള്‍ക്കുള്ള അനുമതി വേഗം ലഭ്യമാക്കുന്നതിനുള്ള ഏകജാലകം ഫലപ്രദമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വ്യവസായ നയത്തില്‍ അക്കാര്യവും പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.