ഇനി സെക്കന്‍ഡില്‍ 70 ജിഗാബൈറ്റ് സ്പീഡില്‍ ഇന്റര്‍നെറ്റ്; മാര്‍ക്ക്ത്രീ റോക്കറ്റില്‍ ഏറെ പ്രതീക്ഷയുമായി ഇന്ത്യ

single-img
27 May 2017

ശ്രീഹരിക്കോട്ട: രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജി സാറ്റ് 19 വിക്ഷേപണത്തിന് ഒരുങ്ങി. അതിവേഗ ഇന്റര്‍നെറ്റ് ലക്ഷ്യമിട്ടുള്ള മൂന്ന് ഉപഗ്രഹങ്ങളുള്ള പരമ്പരയിലെ ആദ്യ ഉപഗ്രഹം ജി സാറ്റ് ജൂണ്‍ അഞ്ചിന് വൈകിട്ട് 5 മണിക്ക് ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിക്കും. സ്വന്തമായി വികസിപ്പിച്ച ശക്തിയേറിയ ക്രയോജനിക് എന്‍ജിനോടുകൂടിയ ജി.എസ്.എല്‍.വിയുടെ പരിഷ്‌കരിച്ച പതിപ്പായ മാര്‍ക്ക് ത്രീ ജി സാറ്റ് 19 കുതിച്ചുയരാന്‍ തയ്യാറെടുത്തു കഴിഞ്ഞു. ഭീമന്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിലും അതിനുള്ള റോക്കറ്റ് സാങ്കേതികവിദ്യയിലും ഇന്ത്യയുടെ കരുത്ത് കാണിക്കുന്നതിലുള്ള അവസരം കൂടിയാണ് ഇത്. മാര്‍ക്ക് ത്രീ റോക്കറ്റിന്റെ കന്നി പ്രകടനമാണെന്ന പ്രത്യേകത കൂടി ഈ വിക്ഷേപണത്തിനുണ്ട്.

3200 കിലോഗ്രാം ഭാരമുണ്ട് ജി സാറ്റ് 19 ഉപഗ്രഹത്തിന്. വിക്ഷേപണം വിജയിച്ചാല്‍ 7,000 കിലോഗ്രാം വരെ ഭാരമുള്ള കൂറ്റന്‍ ഉപഗ്രഹങ്ങള്‍ സ്വന്തം റോക്കറ്റില്‍ വിക്ഷേപിക്കാനുള്ള കരുത്ത് ഇന്ത്യ നേടും. നിലവില്‍ പി.എസ്.എല്‍.വി റോക്കറ്റില്‍ രണ്ടായിരം കിലോഗ്രാം വരെയുള്ള ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. തുടക്കത്തില്‍ നാലായിരം കിലോഗ്രാമും പടിപടിയായി 7000 കിലോഗ്രാം വരെയും വിക്ഷേപിക്കാന്‍ മാര്‍ക്ക് ത്രീ റോക്കറ്റിനാകും.

ജിസാറ്റിന്റെ മൂന്ന് ഉപഗ്രഹങ്ങളുടെ പരമ്പര വിക്ഷേപിക്കുന്നതോടെ രാജ്യത്ത് അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകും. ജി സാറ്റ് 11, ജി സാറ്റ് 20 ഉപഗ്രഹങ്ങളാണ് ഇനി വിക്ഷേപിക്കുക. ഇവയിലെ ഉയര്‍ന്ന ഫ്രീക്വന്‍സിയുള്ള ട്രാന്‍സ്‌പോണ്ടറുകളിലെ മള്‍ട്ടിപ്പിള്‍ സ്‌പോട്ട് ബീമുകളാണ് അതിവേഗ ഇന്റര്‍നെറ്റ് സാദ്ധ്യമാക്കുന്നത്. ഒരു സ്‌പോട്ട് ബീമിന് ഒരു നഗരത്തില്‍ മാത്രമേ ഇന്റര്‍നെറ്റ് നല്‍കാനാകൂ. മള്‍ട്ടിപ്പിള്‍ സ്‌പോട്ട് ബീമുകള്‍ രാജ്യം മുഴുവന്‍ ഇന്റര്‍നെറ്റ് നല്‍കാന്‍ പര്യാപ്തമാണ്. ജി സാറ്റ് 19 ല്‍ 11 മള്‍ട്ടിപ്പിള്‍ ബീമുകളുണ്ട്. മൂന്ന് ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നതോടെ 80 മള്‍ട്ടിപ്പിള്‍ സ്‌പോട്ട് ബീമുകള്‍ ലഭ്യമാകും. ഇതോടെ സെക്കന്‍ഡില്‍ 70 ജിഗാബൈറ്റ് ഇന്റര്‍നെറ്റ് ലഭിക്കും. നിലവില്‍ ഒരു ജിഗാബൈറ്റാണ് പരമാവധി വേഗത.

ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത ഇന്ത്യയ്ക്ക് ക്രയോജനിക് വിദ്യ കിട്ടിയാല്‍ ആണവ മിസൈല്‍ ഉണ്ടാക്കുമെന്നാരോപിച്ച് 1992ല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ക്രയോജനിക് വിദ്യ ഇന്ത്യയ്ക്ക് കൈമാറാനുള്ള ധാരണയില്‍ നിന്ന് റഷ്യ പിന്മാറിയത്. തുടര്‍ന്ന് 1994 ലാണ് ക്രയോജനിക് എന്‍ജിന്‍ സ്വന്തമായി വികസിപ്പിക്കാനുള്ള പദ്ധതി തിരുവനന്തപുരം വി എസ്.എസ്.സിയില്‍ തുടങ്ങിയത്. 2001 ല്‍ ജി.എസ്.എല്‍.വി മാര്‍ക്ക് 1 ഉം 2010ല്‍ മാര്‍ക്ക് 2 ഉം വികസിപ്പിച്ചു. അപ്പര്‍ സ്റ്റേജായ ക്രയോജനിക് എന്‍ജിന്‍ ഉള്‍പ്പെടെ മൂന്ന് സ്റ്റേജുകളും തദ്ദേശീയമായി നിര്‍മ്മിച്ച മാര്‍ക്ക് ത്രീയുടെ ആദ്യ വിക്ഷേപണമാണ് അടുത്ത മാസം നടത്തുന്നത്.