ബീഫ് നിരോധനം ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളി: പ്രധാനമന്ത്രിയ്ക്കു പിണറായിയുടെ തുറന്ന കത്ത്

single-img
27 May 2017

കന്നുകാലി വ്യാപാരത്തിനും കശാപ്പിനും നിയന്ത്രണങ്ങളേർപ്പെടുത്തിയ കേന്ദ്രസർക്കാർ വിജ്ഞാപനം ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തേയും നിത്യവൃത്തിയേയും ബാധിക്കുമെന്നു കാണിച്ചു പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ തുറന്ന കത്ത്. കന്നുകാലികളെ കാർഷികാവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നവർക്കു മാത്രമേ കന്നുകാലികളേ വാങ്ങുവാൻ കഴിയുകയുള്ളൂ എന്നു നിഷ്കർഷിക്കുന്ന കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ നിയമത്തിന്റെ (Prevention of Cruelty to Animals (Regulation of Livestock Markets) Rules, 2017)  പോരായ്മകൾ ചൂണ്ടിക്കാട്ടിയാണു മുഖ്യമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിയുടെ ഓഫീസിനു കത്തെഴുതിയത്.

രാജ്യത്തെ കോടിക്കണക്കിനുവരുന്ന കർഷകരിൽ ഒരു ചെറിയ വിഭാഗത്തിനു മാത്രമേ തങ്ങൾ കാർഷികവൃത്തിയിലേർപ്പെട്ടിരിക്കുകയാണു എന്നതിന്റെ രേഖകൾ കൈവശമുണ്ടാകൂ എന്നും ഇവരെയെല്ലാം പുതിയനിയമം ബുദ്ധിമുട്ടിലാക്കുമെന്നും പറഞ്ഞുകൊണ്ടാണു മുഖ്യമന്ത്രിയുടെ കത്ത് ആരംഭിക്കുന്നത്.

രാജ്യത്തെ ദളിതരടക്കമുള്ള പാവപ്പെട്ട ജനവിഭാഗത്തിനു ശരീരത്തിനാവശ്യമായ മാംസ്യം (പ്രോട്ടീൻ) ലഭിക്കാനുള്ള പ്രധാന സ്രോതസ് മാംസാഹാരമാണെന്നും ഇത് ഈ ജനവിഭാഗങ്ങളിൽ പോഷകാഹാരക്കുറവ് സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിക്കുന്നു.

കേരളത്തിലെ  സവിശേഷസാഹചര്യവും പിണ്രായി വിജയൻ തന്റെ കത്തിൽ എടുത്തു പറയുന്നു.

“ എന്റെ സ്വന്തം സംസ്ഥാനമായ കേരളത്തിൽ ബഹുഭൂരിപക്ഷം ആളുകളും മാംസം കഴിക്കുന്നവരാണ്. മറ്റെല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേയും അവസ്ഥ ഇതുതന്നെ. അസം , ബീഹാർ, ഛത്തിസ്ഗഢ്, ഗോവ, ജമ്മു കശ്മീർ, ഝാർഖണ്ഡ്, ഒഡീഷ, മഹാരാഷ്ട്ര, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽപ്പോലും മാംസാഹാരികളുടെ എണ്ണം സസ്യാഹാരികളേക്കാൾ കൂടുതലാണു. അതുകൊണ്ടുതന്നെ ഇത്തരമൊരു നിയമം കൊണ്ടുവരുന്നതിനുമുന്നേ സംസ്ഥാനഗവണ്മെന്റുകളുമായി കൂടിയാലോചന നടത്തേണ്ടിയിരുന്നു. ഇത്തരത്തിൽ വിദൂരപ്രത്യാഘാതങ്ങൾ ഉളവാക്കുന്ന കടുത്തനീക്കങ്ങൾ നടത്തുന്നതിനുമുന്നേ സംസ്ഥാനങ്ങളെ വിശ്വാ‍സത്തിലെടുക്കാനുള്ള ശ്രമങ്ങൾ നടത്താതിരിക്കുന്നത് ജനാധിപത്യത്തിനു ഹാനികരമാണു. നിലവിലുള്ള ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങൾക്കുള്ള അവകാശങ്ങളുടെമേലുള്ള കടന്നുകയറ്റമായില്ലേ അതെന്നും ഞാൻ ഭയക്കുന്നു. ഇത്തരം നിയന്ത്രണങ്ങൾ ഇത്ര തിരക്കിട്ടും സൂക്ഷ്മതയില്ലാതെയും നടപ്പാക്കുന്നത് നമ്മുടെ രാഷ്ട്രത്തിന്റെ കാതലായ ബഹുസ്വരത ഉയർത്തിപിടിക്കുന്നതിനു വെല്ലുവിളിയായി മാറും. നമ്മുടെ ഭരണഘടനയുടെ പരിപാവനതത്വങ്ങളായ മതേതരത്വത്തിനും ഫെഡറലിസത്തിനും അതു എതിരാകും,”

മുഖ്യമന്ത്രി പറയുന്നു.

റംസാൻ മാസം തുടങ്ങാൻ പോകുന്ന അവസരത്തിൽ ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നത് ചില മതവിഭാഗങ്ങൾക്ക് തങ്ങളുടെ നേർക്കു നേരിട്ടുള്ള ഒരു ആക്രമണമായി തോന്നുമെന്നു പറഞ്ഞ മുഖ്യമന്ത്രി,  മാംസാഹാരം കഴിക്കുന്നത് ഏതെങ്കിലും ന്യൂനപക്ഷങ്ങൾ മാത്രമല്ലെന്നും രാജ്യത്തെ എല്ലാമതവിശ്വാസികളിലും മാംസാഹാരികളുണ്ടെന്നും സൂചിപ്പിക്കുന്നു.

പുതിയനിയമം തുകൽ വ്യവസായത്തെ ബാധിക്കുമെന്നും ഇതുമൂലം ദുരിതത്തിലാകുന്ന കാൽക്കോടിയോളം വരുന്ന പ്രസ്തുതമേഖലയിലെ തൊഴിലാളികളിൽ ഭൂരിഭാഗവും ദളിതരാണെന്നും പിണറായി ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യ ലോകത്തിൽ ഏറ്റവുമധികം ഇറച്ചിയും അനുബന്ധഭക്ഷ്യവസ്തുക്കളും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണെന്നും രാജ്യത്തെ വ്യവസായത്തേയും വിദേശനാണ്യത്തിന്റെ ലഭ്യതയേയും അതു സാരമായി ബാധിക്കുമെന്നും പിണറായി തന്റെ കത്തിൽപ്പറയുന്നു.

കോടിക്കണക്കിനുവരുന്ന രാജ്യത്തെ പൌരന്മാരുടെ ജീവിതത്തേയും നിത്യവൃത്തിയേയും സംരക്ഷിക്കാൻ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും പ്രസ്തുതനിയന്ത്രണങ്ങൾ എടുത്തുകളയണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണു മുഖ്യമന്ത്രിയുടേ കത്ത് അവസാനിക്കുന്നത്.

കന്നുകാലി വ്യാപാരത്തിനും കശാപ്പിനും നിയന്ത്രണമേർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം വലിയ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ച സാഹചര്യത്തിലാണു മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ഓഫീസിനു കത്തയച്ചിരിക്കുന്നത്.