വെടിയുണ്ട ശരീരത്തില്‍ തുളച്ചു കയറിയപ്പോള്‍ മാപ്പിരന്ന് ഹിസ്ബുള്‍ കമാന്‍ഡര്‍, ചെയ്തത് തെറ്റാണെങ്കില്‍ ക്ഷമിക്കണമെന്ന് ബന്ധുക്കളോട് ഭട്ട്

single-img
27 May 2017

ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹ്മദ് ഭട്ട് മരിക്കുന്നതിനു മുന്‍പ് ബന്ധുക്കളോട് മാപ്പ് ചോദിച്ചതായി റിപ്പോര്‍ട്ടുകള്‍. ചെയ്തത് തെറ്റാണെങ്കില്‍ തന്നോട് ക്ഷമിക്കണമെന്ന് ഭട്ട് ബന്ധുക്കളെ ഫോണ്‍ ചെയ്ത് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വെടിവെപ്പില്‍ പരിക്കേറ്റ സബ്‌സര്‍ ഭട്ട് ഫോണില്‍ ബന്ധുക്കളുമായി ബന്ധപ്പെട്ടതായി ദേശീയമാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുല്‍വാമയിലെ ത്രാലില്‍ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് സബ്‌സര്‍ കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി ഇവിടെ പട്രോളിങ് നടത്തുകയായിരുന്ന സൈനികര്‍ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ സൈന്യം നടത്തിയ പരിശോധനയില്‍ ഇവിടെ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഭീകരരുടെ ഒളിസങ്കേതം സൈന്യം വളയുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്ക് ഒടുവിലാണ് സബ്‌സര്‍ ഭട്ട് ഉള്‍പ്പെടെയുള്ളവരെ സൈന്യം വധിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് സൈന്യവും ഭീകരരും തമ്മില്‍ നേരിട്ടുള്ള വെടിവെപ്പുണ്ടായത്.

സബ്‌സറടക്കം എട്ടു പേരാണ് ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ആറുപേര്‍ രാംപൂരിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടതെന്നും രണ്ടു പേര്‍ ത്രാലില്‍ കൊല്ലപ്പെട്ടതായും സൈനിക വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോടു പ്രതികരിച്ചു. പ്രദേശത്ത് കൂടുതല്‍ ഭീകര സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ത്രാലിലും രാംപൂരിലും തെരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ടവരില്‍നിന്ന് വന്‍തോതില്‍ ആയുധശേഖരം പിടിച്ചതായും സൂചനയുണ്ട്. അതേസമയം, സബ്‌സര്‍ ഭട്ട് കൊല്ലപ്പെട്ടതായി വാര്‍ത്ത പരന്നതോടെ സൈന്യത്തിനു നേരെ കശ്മീരില്‍ കല്ലേറു വര്‍ധിച്ചതായി റിപ്പോര്‍ട്ടുണ്ട്.