താന്‍ അറിഞ്ഞിട്ട് മതി അഴിമതി അന്വേഷണമെന്ന് ബെഹ്‌റ, രാഷ്ട്രീയക്കാര്‍ക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് നിയന്ത്രണം

single-img
27 May 2017

തിരുവനന്തപുരം: രാഷ്ട്രീയക്കാര്‍ക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി വിജിലന്‍സ് ഡയറക്ടര്‍ ലോകനാഥ് ബെഹറയുടെ വിവാദ ഉത്തരവ്. ഉദ്യോഗസ്ഥര്‍ നേരിട്ട് കേസെടുക്കേണ്ടെന്ന് നിര്‍ദ്ദേശിച്ച് വിജിലന്‍സ് ഡയറക്ടര്‍ പുതിയ ഉത്തരവിറക്കി. വന്‍കിട അഴിമതികളില്‍ കേസെടുക്കാന്‍ വിജലന്‍സ് ഡയറക്ടറുടെ അനുമതി തേടണമെന്ന് ഉത്തരവില്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് പൊലീസ് സ്റ്റേഷനുകള്‍ക്ക് ഇനിമുതല്‍ അനുമതിയില്ല.

മുന്‍പുണ്ടായിരുന്നതുപോലെ കേന്ദ്രീകൃത സംവിധാനത്തിലേക്കു വിജിലന്‍സ് മാറുന്നുവെന്നതാണ് ഈ നീക്കത്തിന്റെ പ്രത്യേകത. ഡിജിപി ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി വരുന്നതിനു മുന്‍പ് ഈ സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. ഇതിലേക്കൊരു തിരിച്ചുപോക്കാണ് ബെഹ്‌റയുടെ ഉത്തരവ്. ജേക്കബ് തോമസ് വന്നതിനുശേഷം വിജിലന്‍സിന് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇത്രയധികം കേസുകള്‍ ഒരുമിച്ചു ശ്രദ്ധചെലുത്തി കൈകാര്യം ചെയ്യാനാകാത്ത സാഹചര്യത്തിലാണ് അതാതു യൂണിറ്റുകള്‍ക്ക് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കിയത്.