ബീഫ് നിരോധനം: നടുറോഡില്‍ പൊറോട്ടയും ബീഫ് ഫ്രൈയും വിളമ്പി യുവജനസംഘടനകള്‍

single-img
27 May 2017

കൊച്ചി: കന്നുകാലികളുടെ കശാപ്പിനും വില്‍പ്പനയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ യുവജന സംഘടനകളുടെ വ്യാപക പ്രതിഷേധം. കൊച്ചിയിലും തിരുവനന്തപുരത്തും ബീഫ് ഫെസ്റ്റ് നടത്തിയാണ് യുവജന സംഘടനകള്‍ പ്രതിഷേധിച്ചത്. കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസും തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐയുമാണ് ബിഫ് ഫെസ്റ്റ് നടത്തുന്നത്.

കൊച്ചിയിലെ ബിജെപിയുടെ എറണാകുളം ജില്ലാകമ്മിറ്റി ഓഫീസിന് മുന്നിലാണ് യൂത്ത് കോണ്‍ഗസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ ഇലയില്‍ പൊറോട്ടയും ബീഫും വിളമ്പിക്കഴിച്ചാണ് പ്രതിഷേധിച്ചത്.

തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നിലാണ് ഡിവൈഎഫ്‌ഐ ബീഫ് ഫെസ്റ്റ് നടത്തുന്നത്. സമാന്തരമായി യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍ എസ്എഫ്‌ഐയും ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റേത് ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും ലംഘനമാണെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു.