റെയ്ഡിനിടെ ഉദ്യോഗസ്ഥരിലാരോ മാല മോഷ്ടിച്ചു, വീട്ടമ്മയ്ക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശം

single-img
26 May 2017

കൊച്ചി: വിജിലന്‍സ് റെയ്ഡിനിടെ വീട്ടമ്മയ്ക്ക് നഷ്ടമായത് കരിമണിമാല. അടിച്ചുമാറ്റിയത് മറ്റാരുമല്ല റെയ്ഡ് നടത്താന്‍ എത്തിയ ഉദ്യോഗസ്ഥന്‍.
മാല മോഷ്ടിച്ച ഉദ്യോഗസ്ഥന്‍ ആരാണെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് വീട്ടമ്മക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന പോലീസ് കംപ്ലൈന്റ് അതോറിറ്റി ഉത്തരവിട്ടിരിക്കുന്നത്.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ 2014 ജനുവരി 16ന് പാപ്പിനശ്ശേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറായിരുന്ന മോഹനന്റെ വസതിയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള മുഴുവന്‍ വസ്തുക്കളുടേയും കണക്ക് രേഖപ്പെടുത്തി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മടങ്ങിയ ശേഷമാണ് ആഭരണപ്പെട്ടിയിലുണ്ടായിരുന്ന ഒരു ലക്ഷം രൂപ വിലമതിപ്പുള്ള കരിമണിമാല നഷ്ടപ്പെട്ടതായുള്ള വിവരം മോഹനന്റെ ഭാര്യ സൈറാബായി അറിയുന്നത്

പൊലീസിനോട് ഇതേ പറ്റി ചോദിക്കാന്‍ ധൈര്യമില്ലാത്തതിനാല്‍ ഇവര്‍ പിന്നീട് കംപ്ലൈന്റ്‌സ് അതോറിറ്റിയെ സമീപിക്കുകയായിരുന്നു. നാല് പവന്റെ കരിമണി മാലയും 200 രൂപ വിലയുള്ള റോള്‍ഡ് ഗോള്‍ഡ് മാലയും പൊലീസ് എടുക്കുന്നത് താന്‍ കണ്ടുവെന്ന് സൈറാബായി മൊഴിനല്‍കി. മുക്ക് പണ്ടമായതിനാല്‍ തിരിച്ച് കൊടുത്തെന്നായിരുന്നു അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്റെ മൊഴി. പരിശോധനാ സംഘത്തിലെ തട്ടാന്‍ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും അദ്ദേഹം മൊഴി നല്‍കി.

എന്നാല്‍ തട്ടാന് ലൈസന്‍സ് ഇല്ലെന്ന് അതോറിറ്റി കണ്ടെത്തി. തുടര്‍ന്ന് അന്ന് നടന്ന റെയ്ഡിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസിന് കഴിഞ്ഞില്ല. വീഡിയോ ഹാജരാക്കാമെന്ന് ആദ്യം ഉറപ്പു നല്‍കിയ പൊലീസ് ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ലെന്ന് പറഞ്ഞ് പിന്നീട് ഒഴിഞ്ഞു മാറുകയായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 12 സിറ്റിംഗ് നടത്തിയെങ്കിലും കരിമണി മാല എവിടെയെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഇന്നലെയാണ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. മാലയുടെ വിലയായി ഒരുലക്ഷം രൂപയും, കേസിന്റെ ചെലവിലേക്ക് 25,000 രൂപയും, ശാരീരികമാനസിക വിഷമതകള്‍ ഉണ്ടാക്കിയതിന് 25,000 രൂപയുമാണ് നല്‍കേണ്ടത്. തുക റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നാണ് അതോറിറ്റി ചെയര്‍മാന്റെ ഉത്തരവ്.