ട്രാന്‍സ്‌ജെന്‍ഡറുകള്‍ ലൈംഗിക തൊഴിലാളികളല്ല; ഇപ്പോള്‍ അതും പറഞ്ഞുചെന്നാല്‍ കയ്യിന്റെ ചൂടറിയുമെന്ന് സൂര്യ

single-img
26 May 2017

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡറുകളുടെ ക്ഷേമപ്രവര്‍ത്തനങ്ങളിലും അവകാശ സംരക്ഷണത്തിനും മുന്‍നിരയില്‍നിന്നു പ്രവര്‍ത്തിക്കുന്ന സൂര്യ അഭിക്കു നേരെ സദാചാര ഗുണ്ടാ ആക്രമണം. ഇന്നലെ രാത്രിയാണ് തിരുവനന്തപുരം പിഎംജി ജംഗ്ഷനില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന സൂര്യയെ മൂന്നുപേര്‍ അടങ്ങുന്ന സംഘം ആക്രമിച്ചത്. ഫേസ്ബുക്കിലൂടെയാണ് തനിക്കു നേരിട്ട ദുരനുഭവം സൂര്യ വിവരിച്ചത്. ചുറ്റും നിരവധി ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ആരും പ്രതികരിച്ചില്ല. പിന്നീട് അതുവഴി വന്ന പൊലീസ് പട്രോളിങ് സംഘമാണ് രക്ഷിച്ചു വീട്ടിലെത്തിച്ചത്.

”എന്റെ ജീവതത്തില്‍ ഇന്നുവരെ നേരിട്ടതില്‍ വച്ച് ഏറ്റവുമധികം ദുഃഖം ഉണ്ടായ ഒരു സംഭവമാണ് ഇന്ന് എനിക്കുണ്ടായതെന്ന്” പറഞ്ഞു തുടങ്ങുന്ന പോസ്റ്റില്‍ തന്നെ സുരക്ഷിതയായി വീട്ടിലെത്തിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സൂര്യ നന്ദി പറയുന്നുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ ലൈംഗിക വൃത്തിചെയ്തു ജീവിച്ചിരുന്നത് പഴങ്കഥയാണ്. ഇപ്പോള്‍ അതും പറഞ്ഞു ചെന്നാല്‍ കയ്യിന്റെ ചൂടറിയുമെന്നും സൂര്യ പറയുന്നു. ഞാന്‍ ലൈംഗിക വൃത്തി ചെയ്തു ജീവിക്കുന്നവളെന്നു ഏവനെങ്കിലും ധാരണയുണ്ടേല്‍ അത് നിര്‍ത്തിക്കോളൂ. മാന്യമായ് അധ്വാനിച്ചു തന്നെയാണ് ഞാന്‍ ജീവിക്കുന്നതെന്നും സൂര്യ പറയുന്നു. ഒരു സ്ത്രീയായ തന്നെ മൂന്നു പേരടങ്ങിയ സംഘം ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിട്ടും നോക്കി നിന്ന നാറിയ സമൂഹത്തെ കാര്‍ക്കിച്ചു തുപ്പുന്നെന്ന് സൂര്യ അഭി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.