താരിഫില്‍ വിവേചനം വേണ്ട, ചട്ടങ്ങള്‍ പാലിക്കണമെന്ന് എയര്‍ടെല്ലിനും വോഡഫോണിനും ഐഡിയയ്ക്കും ട്രായുടെ മുന്നറിയിപ്പ്

single-img
26 May 2017

ന്യൂഡല്‍ഹി: ഒരേ കാറ്റഗറിയില്‍പ്പെട്ട ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന താരിഫ് നിരക്കുകളിലെ വിവേചനം അവസാനിപ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ട്രായിയുടെ നിര്‍ദേശം. ഏഴ് ദിവസത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന എല്ലാ പ്ലാനുകളും ട്രായിയെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. താരിഫ് നിരക്കുകള്‍ ട്രായിയ്ക്ക് സമര്‍പ്പിക്കാതെ ടെലികോം സേവന ദാതാക്കള്‍ നിരക്കുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതായി ട്രായിക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഐഡിയ, എയര്‍ടെല്‍, വോഡഫോണ്‍ എന്നിവയുള്‍പ്പെടെയുള്ള ടെലികോം സേവന ദാതാക്കള്‍ക്ക് പുതിയ നിര്‍ദേശം നല്‍കിയത്.

ടെലികമ്മ്യൂണിക്കേഷന്‍ താരിഫ് ഓര്‍ഡറിലെ 10ാമത്തെ ക്ലോസ് പ്രകാരം ഒരേ വിഭാഗത്തില്‍പ്പെട്ട ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന താരിഫ് പ്ലാനുകളില്‍ വിവേചനമുണ്ടാകരുതെന്നാണ് ചട്ടം. താരിഫ് ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്നും തെറ്റിദ്ധരിപ്പിക്കുന്ന ഓഫറുകള്‍ കാണിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്നുവെന്നും കാണിച്ച് ഏപ്രിലില്‍ എയര്‍ടെല്ലിനെതിരെ റിലയന്‍സ് ജിയോ പരാതി നല്‍കിയിരുന്നു. ഒരേ പ്ലാനിലുള്ള ഉപഭോക്താക്കളോട് വിവേചനം കാണിക്കുന്നുവെന്നാരോപിച്ചായിരുന്നു ജിയോയുടെ പരാതി.

കമ്പനികള്‍ ലഭ്യമാക്കുന്ന 449 രൂപ, 293 രൂപ എന്നീ നിരക്കുകളിലുള്ള ഓഫറുകള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായും എയര്‍ടെല്ലിനെതിരെ നടപടി സ്വീകരിക്കണമെന്നുമായിരുന്നു റിലയന്‍സ് ജിയോ ടെലികോം റെഗുലേറ്റര്‍ക്ക് നല്‍കിയ പരാതി. 70 ദിവസത്തേയ്ക്ക് പ്രതിദിനം 1 ജിബി ഡാറ്റ വീതം നല്‍കുന്നുണ്ടെന്നാണ് എയര്‍ടെല്‍ പരസ്യങ്ങളില്‍ നല്‍കുന്ന വാഗ്ദാനം. എയര്‍ടെല്ലിന്റെ ഇരട്ടമാനദണ്ഡം ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്നില്ലെന്നാണ് ജിയോയുടെ വാദം. അതേസമയം ജിയോയുടെ വാദം തള്ളിക്കൊണ്ട് എയര്‍ടെല്‍ വക്താക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.