ചായയ്ക്ക് ഇനി മധുരവും കടുപ്പവും കൂടും; പഞ്ചസാരയ്ക്കും ചായപ്പൊടിക്കും വില കുറഞ്ഞേക്കും

single-img
26 May 2017

ന്യൂഡല്‍ഹി: പഞ്ചസാര, ചായപ്പൊടി, കാപ്പിപ്പൊടി, പാല്‍പ്പൊടി എന്നിവയുടെ വില കുറഞ്ഞേക്കുമെന്ന് സൂചന. ജിഎസ്ടി നടപ്പാക്കുന്നതോടെ ഇവയുടെ വില കുറയുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ പഞ്ചസാരയ്ക്ക് ക്വിന്റലിന് 71 രൂപയാണ് കേന്ദ്ര എക്‌സൈസ് നികുതി. അതിനുപുറമെ 124 രൂപ സെസും ഈടാക്കുന്നുണ്ട്.

ഇതുരണ്ടും കണക്കാക്കിയാല്‍ ആറ് ശതമാനത്തിലേറെ തുക കൂടുതലായി വരുന്നുണ്ട്. എന്നാല്‍ ജിഎസ്ടയില്‍ നിര്‍ദേശിച്ചിരിക്കുന്ന നികുതി അഞ്ച് ശതമാനമാണ്. ഏഴ് ശതമാനത്തോളമാണ് വിവിധ നികുതികളായി കാപ്പി, ചായ എന്നിവയ്ക്ക് വരുന്നത്. ഇതും അഞ്ച് ശതമാനത്തിലേയ്ക്ക് ചുരുങ്ങും. ഇത് വില കുറയാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. സിഎസ്ടി, ഒക്ട്രോയ്, എന്‍ട്രി ടാക്‌സ് തുടങ്ങിയവ ചേരുന്നതോടെ പാല്‍പ്പൊടിക്ക് നിലവില്‍ ഏഴ് ശതമാനത്തിലേറെയാണ് നികുതി ഈടാക്കുന്നത്. ജിഎസ്ടി നടപ്പാകുന്നതോടെ പാല്‍പ്പൊടിയുടെ നികുതിയും അഞ്ച് ശതമാനത്തിലൊതുങ്ങും.