രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം; തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തം

single-img
26 May 2017


ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന നീക്കത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. കര്‍ണാടകക്കാരനായ രജനീകാന്ത് തമിഴ് രാഷ്ട്രീയത്തിലേയ്ക്ക് കടന്നു വരേണ്ടന്ന് നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍ വ്യക്തമാക്കി. തമിഴര്‍ മുന്നേറ്റ പട കഴിഞ്ഞ ദിവസം പ്രതിഷേധവുമായി എത്തിയതിന് പിന്നാലെയാണ് ഇവരോട് യോജിച്ച് നാം തമിഴര്‍ കക്ഷിയും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ പ്രകടനം നടത്തി. കര്‍ണാടകയില്‍ നിന്ന് മുഖ്യമന്ത്രിയെ സ്വീകരിക്കേണ്ട ഗതികേട് തമിഴ്‌നാടിനില്ലെന്നും സീമാര്‍ തുറന്നടിച്ചു.

 

ഇതിനിടെ രജനിക്കെതിരെ വിമര്‍ശനവുമായി അണ്ണാഡിഎംകെ മന്ത്രിമാരും രംഗത്തെത്തിയിട്ടുണ്ട്. ദിവസവും വാക്കു മാറ്റി പറയുന്ന രജനി നിലപാടില്ലാത്ത ആളാണെന്ന് മന്ത്രി സെല്ലൂര്‍ കെ. രാജു കുറ്റപ്പെടുത്തി. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ലെന്ന നിലപാടിലാണ് രജനികാന്ത്. തനിയ്‌ക്കെതിരെ പ്രതിഷേധിയ്ക്കുന്നവര്‍ക്കെതിരെ രംഗത്തിറങ്ങരുതെന്ന് ആരാധകരോട് രജനികാന്ത് കര്‍ശന നിര്‍ദേശം നല്‍കി. അച്ചടക്കം ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നും സൂപ്പര്‍സ്റ്റാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.