പ്ലസ് വണ്ണിന് ഇനിയും അപേക്ഷിക്കാം: സര്‍ക്കാരിന് തിരിച്ചടി, കുട്ടികളുടെ കാര്യത്തില്‍ പിടിവാശി വേണ്ടെന്ന് കോടതി

single-img
26 May 2017

കൊച്ചി: പ്ലസ് വണ്‍ പ്രവേശന തീയതി നീട്ടിയതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ പിടിവാശി വേണ്ടെന്ന് ചീഫ് ജസ്റ്റിസ്‌ അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സി.ബി.എസ്.ഇ ഫലം വന്ന് മൂന്നു ദിവസം കൂടി കഴിയുന്നതു വരെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നതിന് സമയം അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി.

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പ്ലസ് വണ്‍ പ്രവേശനം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. സി.ബി.എസ്.ഇ പരീക്ഷാ ഫലം വൈകുന്ന സാഹചര്യത്തില്‍ അതിന് കാത്തുനില്‍ക്കാതെ തന്നെ സര്‍ക്കാര്‍ സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി പ്ലസ് വണ്‍ പ്രവേശനം നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിനെതിരെ രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചാണ് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള തീയ്യതി കോടതി നീട്ടി നല്‍കിയത്. ഇത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് കോടതി തള്ളുകയായിരുന്നു.

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മേയ് 22 ആയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് കോടതിയുടെ ഇടപെടല്‍.