ബീഫ് കഴിക്കാതിരിക്കാനാവില്ലെന്ന് കേരളം, ഗോവധനിരോധനത്തില്‍ പ്രതിഷേധം ശക്തം

single-img
26 May 2017

 

തിരുവനന്തപുരം: കശാപ്പിനായുള്ള കന്നുകാലികളുടെ വില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവ് അംഗീകരിക്കില്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ പ്രതികരിച്ചു. കന്നുകാലി കശാപ്പ് സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍പെട്ടതാണ്. നിരോധന വിജ്ഞാപനം കേന്ദ്രസര്‍ക്കാരിന്റെ ആര്‍എസ്.എസ് അജണ്ട നടപ്പാക്കാനാണെന്ന് കൃഷിമന്ത്രി മന്ത്രി. വി.എസ് സുനില്‍കുമാര്‍ പ്രതികരിച്ചു. പുതിയ വിജ്ഞാപനം രാജ്യത്തെ പൗരന്‍മാരുടെ ഭക്ഷണ അവകാശത്തിന്‍മേലുള്ള കടന്ന് കയറ്റമാണ്. ഇതിന്റെ നിയമവശങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്നും മന്ത്രി പ്രതികരിച്ചു. എന്നാല്‍ വിഷയം പരിശോധിക്കുമെന്നായിരുന്നു വനംവകുപ്പ് മന്ത്രി കെ.രാജുവിന്റെ പ്രതികരണം. ഗോവധനിരോധനത്തിനെതിരെ നിരവധി രാഷ്ട്രീയ സാമൂഹിക നേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. സംസ്ഥാന അതിര്‍ത്തിയിലൂടെ രോഗബാധിതരായ കന്നുകാലികളെ കൈക്കൂലി കൊടുത്ത് കടത്തി കൊണ്ടുവന്ന് കശാപ്പ് ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടവയ്ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കന്നുകാലികളെ കശാപ്പിന് വേണ്ടി വില്‍ക്കുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് നിരോധിച്ചത്. കൃഷി ആവശ്യങ്ങള്‍ക്കായി അല്ലാതെ രാജ്യത്ത് ഇനി കന്നുകാലികളെ വില്‍ക്കാന്‍ സാധിക്കില്ല. കന്നുകാലി കച്ചവടങ്ങള്‍ കൃഷി ആവശ്യങ്ങള്‍ക്കുള്ളതാണെന്ന് തെളിയിക്കുന്ന രേഖകള്‍ അധികൃതര്‍ക്ക് സമര്‍പ്പിക്കണമെന്ന് ചൊവ്വാഴ്ച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പശു, കാള, പോത്ത്, ഒട്ടകം എന്നിവയടക്കമുള്ള കന്നുകാലികളുടെ കശാപ്പിനും വില്‍പനയ്ക്കുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കന്നുകാലികളെ ബലിയര്‍പ്പിക്കുന്നതും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറിക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമം ഉപയോഗിച്ചാണ് ഉത്തരവ്.

കന്നുകാലി കിടാങ്ങളെ വില്‍ക്കരുത്, ഉടമസ്ഥന്റെ സാക്ഷ്യപത്രമില്ലാതെ കന്നുകാലികളെ മാര്‍ക്കറ്റിലെത്തിക്കരുത് എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. സാക്ഷ്യപത്രത്തിനോടൊപ്പം കശാപ്പിന് വേണ്ടിയല്ല കന്നുകാലികളെ വില്‍ക്കുന്നതെന്ന് തെളിയിക്കുന്ന രേഖകളും സമര്‍പ്പിക്കണം. ഒരിക്കല്‍ വിറ്റ കന്നുകാലികളെ ആറ് മാസത്തിനുള്ളില്‍ മറിച്ച് വില്‍ക്കരുതെന്നും മതപരമായ കാര്യങ്ങള്‍ക്ക് വേണ്ടി കന്നുകാലികളെ ബലി നല്‍കരുതെന്നും ഉത്തരവിലുണ്ട്. സംസ്ഥാനത്തിന് പുറത്തേക്ക് കന്നുകാലികളെ വില്‍ക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.